അഞ്ചാറ് കളി തോല്‍ക്കുന്നത് വരെ മുംബൈ ഉറക്കത്തില്‍ നിന്നും ഉണരാന്‍ പോകുന്നില്ല, അന്ന് അവര്‍ കാണിച്ചത് വലിയ മണ്ടത്തരങ്ങള്‍; വമ്പന്‍ നിരീക്ഷണവുമായി അക്തര്‍
ആറാം മത്സരത്തിനിറങ്ങുന്ന മുംബൈ ഇന്ത്യന്‍സിനെ കുറിച്ച് വമ്പന്‍ നിരീക്ഷണവുമായി മുന്‍ പാക് സ്റ്റാര്‍ പേസര്‍ ഷോയിബ് അക്തര്‍. അഞ്ചാറ് കളി തോറ്റ ശേഷം മാത്രമേ മുംബൈ ഇന്ത്യന്‍സ് തിരിച്ചുവരികയുള്ളൂ എന്നാണ് അക്തര്‍ നിരീക്ഷിക്കുന്നത്.
സ്‌പോര്‍ട്‌സ് കീഡയിലെ ‘എസ്.കെ മാച്ച് കി ബാത്’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഞ്ചാറ് കളി തോറ്റാല്‍ മാത്രമേ മുംബൈ ഇന്ത്യന്‍സ് ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കൂ. മുന്‍ കാലത്തെ ഐ.പി.എല്ലിലും മുംബൈ ഇന്ത്യന്‍സ് തിരിച്ചുവരുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണ്.
അവരുടേത് വളരെ മികച്ച മാനേജ്‌മെന്റാണ് എന്നിരുന്നാലും താരലേലത്തില്‍ അവര്‍ പല തെറ്റുകളും കാണിച്ചു. അവര്‍ അടുത്ത് തന്നെ ഐ.പി.എല്ലിലേക്ക് മടങ്ങി വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ അക്തര്‍ പറയുന്നു.
കഴിഞ്ഞ പല സീസണുകളിലും പിറകിലായ ശേഷമാണ് മുംബൈ ഇന്ത്യന്‍സ് തിരിച്ചുവന്നതെന്നും അക്തര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, ശനിയാഴ്ചത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികളായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്രകടനത്തില്‍ അക്തര്‍ ഏറെ അവേശഭരിതനാണ്. ഐ.പി.എല്ലിലെ പുതിയ ടീമായിട്ടുകൂടിയും മികച്ച പ്രകടനമാണ് എല്‍.എസ്.ജി കാഴ്ചവെക്കുന്നതെന്നും അക്തര്‍ വ്യക്തമാക്കുന്നു.
കളിച്ച അഞ്ച് മത്സരത്തില്‍ അഞ്ചും തോറ്റാണ് മുംബൈ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് ഇറിപ്പുറപ്പിച്ചിരിക്കുന്നത്. ബൗളിംഗില്‍ നേരിടുന്ന സമ്പൂര്‍ണപരാജയമാണ് ടീമിന്റെ ഏറ്റവും വലിയ വെല്ലുവിളി.
എന്നാല്‍, ടീമിന് ആശ്വാസമാകുന്നു എന്നത് മുംബൈയെ സംബന്ധിച്ച് പ്രതീക്ഷാവഹമാണ്.
സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് നിരയില്‍ വിശ്വസ്തനാവുമ്പോള്‍ ഇടയ്‌ക്കെങ്കിലും പിന്തുണ കൊടുക്കുന്നത് ഇഷാന്‍ കിഷന്‍ മാത്രമാണ്. രോഹിത് ശര്‍മ നിരാശപ്പെടുത്തല്‍ തുടരുമ്പോള്‍ പൊള്ളാര്‍ഡ് സ്ഥിരത പുലര്‍ത്താതെ മുന്നോട്ട് പോവുകയാണ്.
ബൗളിംഗിലെ കുന്തമുന ബുംറയ്ക്ക് ഒന്നും ചെയ്യാനാവുന്നില്ല. ഉനദ്കട്ടും ബേസില്‍ തമ്പിയും ഇക്കാര്യത്തില്‍ ബുംറയ്ക്ക് പിന്തുണ നല്‍കുന്നുമുണ്ട്. യുവതാരം മുരുകന്‍ അശ്വിന്‍ താളം കണ്ടെത്താനാവാതെ ഉഴറുകയാണ്.
അതേസമയം, ആറാം മത്സരത്തില്‍ മുംബൈ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ ഫസ്റ്റ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍ ഈ മാറ്റം എത്രത്തോളം ഗുണകരമാവുമെന്ന് കണ്ടറിയുക തന്നെ വേണം.