ധോണിക്ക് ശേഷം ഇന്ത്യ കണ്ട മികച്ച വിക്കറ്റ് കീപ്പര്‍, മറ്റൊരുത്തന് വേണ്ടി അവനെ പുറത്താക്കി, അവന്‍ പാകിസ്ഥാനില്‍ ആയിരുന്നെങ്കില്‍...; പന്തിനെ പൊക്കി പാകിസ്ഥാന്‍ സൂപ്പര്‍ താരം
ലോകകപ്പില്‍ പാകിസ്ഥാന്റെ മോശം പ്രകടനത്തില്‍ മുന്‍ താരങ്ങളും ആരാധകരും എല്ലാം തന്നെ അസ്വസ്ഥരാണ്. ബാബറിന്റെ മോശം ക്യാപ്റ്റന്‍സിയും പാകിസ്ഥാന്റെ മോശം പ്രകടനവും ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയിരിക്കുന്നത്.
ഷോയിബ് അക്തര്‍ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ വരെ പാകിസ്ഥാന്‍ ടീമിനെയും സെലക്ഷന്‍ കമ്മിറ്റിയെയും പരസ്യമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. മുന്‍ സൂപ്പര്‍ താരം വഹാബ് റിയാസാണ് ഇക്കൂട്ടത്തിലേക്ക് അവസാനമായി കടന്നുവന്നിട്ടുള്ളത്.
പാകിസ്ഥാന്റെയും ഇന്ത്യയുടെയും സ്‌ക്വാഡ് ഡെപ്ത് വിശകലനം ചെയ്താണ് റിയാസ് പാകിസ്ഥാന്‍ ടീമിനെതിരെ വിമര്‍ശനുമന്നയിക്കുന്നത്.
‘നമുക്ക് ശക്തമായ ഒരു സിസ്റ്റമില്ല, അഥവാ നമ്മള്‍ക്ക് അത്തരത്തില്‍ ഒരു സിസ്റ്റം ഉണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെ ഒന്നും ആയിരുന്നില്ല സംഭവിക്കുക. ഏത് താരമോ ആയിക്കൊള്ളട്ടെ, ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം അടിസ്ഥാനമാക്കിയായിരിക്കണം ദേശീയ ടീമിലേക്ക് അവരെ കൊണ്ടുവരേണ്ടത്,’ വഹാബ് റിയാസ് പറയുന്നു.
റിഷബ് പന്തിനെ പോലെ ഒരു വിക്കറ്റ് കീപ്പറാണ് പാകിസ്ഥാന് ഇല്ലാത്തതെന്നും പന്ത് പാകിസ്ഥാനൊപ്പമായിരുന്നെങ്കില്‍ ഒരിക്കലും ലോകകപ്പ് ടീമില്‍ നിന്നും പുറത്തിരിക്കേണ്ടി വരില്ലായിരുന്നുവെന്നും റിയാസ് പറയുന്നു.
‘എം.എസ് ധോണിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് റിഷബ് പന്ത്. റിഷബ് പന്ത് പാകിസ്ഥാനൊപ്പമായിരുന്നെങ്കില്‍ അവന്‍ ഒരിക്കലും ടീമിന്റെ പുറത്ത് പോകില്ലായിരുന്നു.
ദിനേഷ് കാര്‍ത്തിക്കിന് വേണ്ടി അവനെ ബെഞ്ചിലിരുത്തിയിരിക്കുകയാണ്. ഇന്ത്യക്ക് വേണ്ടത് സിക്‌സറടിക്കാനും കളി ജയിപ്പിക്കാനും സാധിക്കുന്നവനെയാണ്,’ വഹാബ് റിയാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചിരുന്നു. ടൂര്‍ണമെന്റിലെ പാകിസ്ഥാന്റെ ആദ്യ വിജയമാണിത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നെതര്‍ലന്‍ഡ്‌സിനെ 91 റണ്‍സില്‍ എറിഞ്ഞിട്ട പാകിസ്ഥാന്‍ സാവധാനം ചെയ്‌സ് ചെയ്ത് വിജയിക്കുകയായിരുന്നു.
രണ്ട് പേര്‍ മാത്രമാണ് നെതര്‍ലന്‍ഡ്‌സ് നിരയില്‍ രണ്ടക്കം കടന്നത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷദാബ് ഖാനും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് വസീമുമാണ് പാകിസ്ഥാനായി ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്.
ക്യാപ്റ്റന്‍ ബാബര്‍ അസം വീണ്ടും പരാജയപ്പെട്ട മത്സരത്തില്‍ 49 റണ്‍സ് നേടിയ ഓപ്പണര്‍ മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. 20 റണ്‍സെടുത്ത ഫഖര്‍ സമാനും ബാറ്റിങ്ങില്‍ മികച്ച പിന്തുണ നല്‍കി.
സൗത്ത് ആഫ്രിക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ഒക്ടോബര്‍ മൂന്നിന് നടക്കുന്ന മത്സരത്തിന് സിഡ്നിയാണ് വേദിയാകുന്നത്.
Content highlight: Former Pakistan pacer Wahab Riaz about Rishabh Pant