നിരവധി സ്റ്റാര്‍ പേസര്‍മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് പാകിസ്ഥാന്‍. വഖാന്‍ യൂനിസ്, വസീം അക്രം മുതല്‍ പുതിയ തലമുറയിലെ ഷഹീന്‍ അഫ്രിദി വരെയെത്തിനില്‍ക്കുന്നതാണ് പാകിസ്ഥാന്റെ പേസ് പാരമ്പര്യം.
പാക് പേസര്‍മാര്‍ക്കിടിയില്‍ മറ്റാരെക്കാളും എതിര്‍ ടീം ബാറ്റര്‍മാരെ തന്റെ വേഗം കൊണ്ട് പരീക്ഷിച്ച താരമാണ് ഷോയിബ് അക്തര്‍. റാവല്‍പിണ്ടി എക്‌സ്പ്രസ് എന്ന വിളിപ്പേര് താരത്തിന് ലഭിക്കാന്‍ കാരണമായതും ആ വന്യമായ വേഗത കാരണം തന്നെയാണ്.
സജീവ ക്രിക്കറ്റിനോട് വിട പറഞ്ഞ ശേഷം ക്രിക്കറ്റ് അനലിസ്റ്റായി കായിക ലോകത്ത് തുടരുന്ന അക്തര്‍ മത്സരങ്ങളെയും കളിക്കാരുടെ പ്രകടനത്തെയും വിലയിരുത്തുകയും അവര്‍ക്ക് ആവശ്യമായ ഉപദേശവും നല്‍കാറുണ്ട്.
ഇപ്പോഴിതാ, ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്തിന് ഒരു ഉപദേശവുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. പന്ത് ഭാരം കുറയ്ക്കണമെന്നും അങ്ങനെ ചെയ്താല്‍ ഇപ്പോള്‍ കളിക്കുന്നതിലും മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുമെന്നും അതിനോടൊപ്പം മോഡലിങ്ങില്‍ കൈവെക്കാന്‍ സാധിക്കുമെന്നും അക്തര്‍ ചൂണ്ടിക്കാട്ടുന്നു.
പന്ത് മികച്ച താരമാണെന്നും ഇന്ത്യയുടെ ക്രിക്കറ്റ് പാമ്പര്യത്തെ മുന്നോട്ട് നയിക്കാന്‍ പോന്നവനാണെന്നും അക്തര്‍ കൂട്ടിച്ചേര്‍ക്കുന്നു.
‘അവന്റെ കഴിവുകള്‍ എതിരാളികളെ എന്നും കുഴപ്പത്തിലാക്കുമെന്നുറപ്പാണ്. ഇംഗ്ലണ്ടിനെതിരെ ആദ്യം നോക്കിക്കളിച്ച ശേഷമാണ് അവന്‍ ആക്രമിക്കാന്‍ തുടങ്ങിയത്. എപ്പോള്‍ വേണമെങ്കിലും ആക്രമണോത്സുക ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുന്നവനാണ് പന്ത്.
കാലം പോകും തോറും അവന്‍ സൂപ്പര്‍ സാറ്റാറായി മാറുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അവനെ തോല്‍പിക്കാനോ തടയാനോ സാധിക്കുക അവന് മാത്രമാണ്’ അക്തര്‍ പറയുന്നു.
ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരം പന്തിന്റെ ബാറ്റിങ് മികവിലാണ് ഇന്ത്യ മത്സരവും പരമ്പരയും പിടിച്ചടക്കിയത്. കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറി നേടിയ പന്ത് തന്നെയായിരുന്നു കളിയിലെ താരവും.
Content Highlight: Former Pakistan pacer Shoaib Akhtar advice Rishabh Pant to reduce weight