| Friday, 23rd September 2022, 5:10 pm

വിരാടിന്റെ ചേസിങ് കോപ്പിയടിച്ചാണ് ബാബര്‍ കളിച്ചതെന്ന് ഷൊയ്ബ് അക്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വിരാട് കോഹ്‌ലി. കഴിഞ്ഞ കുറച്ച് കാലം മോശം പ്രകടനം കാഴ്ച വെച്ചതിനെ തുടര്‍ന്ന് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും യു.എ.ഇയില്‍ നടന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തി താരം 71ാം സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. കോഹ്‌ലിയുടെയും ബാബര്‍ അസമിന്റെയും കഴിവുകളെക്കുറിച്ച് പ്രശംസിച്ചിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഷോയ്ബ് അക്തര്‍.

ഇംഗ്ലണ്ടിനെതിരായ ടി-20 മത്സരത്തില്‍ 203 റണ്‍സാണ് പാകിസ്ഥാന്‍ ചെയ്‌സ് ചെയ്തത്. ബാബര്‍ തന്റെ റണ്‍ വേട്ട നിലനിര്‍ത്തിയത് പ്രശംസനീയമാണെന്നും, കോഹ്‌ലി ഏഷ്യാ കപ്പില്‍ കാഴ്ച വെച്ചത് മികച്ച പ്രകടനമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിരാട് കോഹ്‌ലി വളരെ മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന്റെ റെക്കോഡുകള്‍ അതിനുള്ള തെളിവാണ്. ചെയ്സിങ്ങിനെ ഞാന്‍ അഭിനന്ദിക്കുന്നു, ഒരു സമയത്ത് അത് കോഹ്‌ലിയുടെ പ്രത്യേകതകളിലൊന്നായിരുന്നു. ബാബര്‍ അത് പകര്‍ത്തി കാണിച്ചു തന്നു. ബാബറിന്റെ ക്ലാസ് ലോകത്തുള്ള മറ്റെല്ലാ താരത്തെക്കാളും മികച്ചതാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാബറും റിസ്വാനും തങ്ങളുടെ സ്‌ട്രൈക്ക് റേറ്റിന് താഴെയുള്ളതിന്റെ പേരില്‍ വിമര്‍ശനത്തിന് വിധേയരായിട്ടുണ്ടെന്നും എന്നാല്‍ രണ്ടാം ടി-20യില്‍ ഇരുവരും മിന്നുന്ന വേഗത്തിലാണ് റണ്‍സ് നേടിയതെന്നും അക്തര്‍ പറഞ്ഞു.

‘ഇതാണ് പാകിസ്ഥാന് വേണ്ടത്. റണ്‍ റേറ്റും സ്ട്രൈക്ക് റേറ്റും. നമ്മുടെ ഓപ്പണര്‍മാര്‍, പ്രത്യേകിച്ച് ബാബര്‍ അസം താന്‍ ലോകത്തിലെ ഒന്നാം നമ്പര്‍ കളിക്കാരനാണെന്ന് കാണിച്ചുതന്നു. മികച്ച സ്ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്യുമ്പോള്‍ അത് റിസ്വാന് എളുപ്പമാകും. അവര്‍ പരസ്പരം പൂരകമാക്കുന്നു.

എന്നാല്‍ വീണ്ടും, സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് ഞാന്‍ ഊന്നിപ്പറയുന്നു, കാരണം അത് വളരെ പ്രധാനമാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വളരെ ആവേശകരമായ മത്സരമായിരിക്കും ഇത്. ഇരു ടീമുകള്‍ തമ്മിലുള്ള മറ്റെല്ലാ മത്സരങ്ങളെയും പോലെ ഈ മത്സരവും ആവേശഭരിതമായിരിക്കും,’ അക്തര്‍ വിശദീകരിച്ചു.

166.67 സ്ട്രൈക്ക് റേറ്റില്‍ പാക് നായകന്‍ സ്‌കോര്‍ ചെയ്തപ്പോള്‍ റിസ്വാന്‍ 51 പന്തില്‍ 88 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ട് ഓപ്പണര്‍മാരും 160 സ്‌ട്രൈക്ക് റേറ്റിന് മുകളില്‍ സ്‌കോര്‍ ചെയ്തു.

എല്ലാ ഗെയിമിലും ഇത്തരത്തിലുള്ള സ്ട്രൈക്ക് റേറ്റ് നിലനിര്‍ത്താന്‍ കഴിയില്ലെന്ന് മനസ്സിലാക്കുന്നെന്നും എന്നാല്‍ ആവശ്യമായ നിരക്ക് നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Former Pakistan pacer Shoaib Akhtar about Kohli, Babar Azam and Muhammed Riswan

We use cookies to give you the best possible experience. Learn more