മറ്റ് ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിക്കാത്തതിനാല്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ തങ്ങളുടെ താരങ്ങളെ ഐ.പി.എല്ലിലേക്ക് അയക്കരുതെന്ന് മുന്‍ പാക് സൂപ്പര്‍ താരം ഇന്‍സമാം ഉള്‍ ഹഖ്.
മറ്റ് ടീമുകളിലെ പ്രധാന താരങ്ങളെല്ലാം ഐ.പി.എല്‍ കളിക്കുന്നുണ്ടെന്നും എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ഐ.പി.എല്‍ മാത്രമാണ് കളിക്കുന്നത് എന്നുമായിരുന്നു ഇന്‍സമാം പറഞ്ഞത്.
ഈ നിലപാടിനെതിരെ എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും ഒന്നിച്ചുനില്‍ക്കണമെന്നും ഇന്‍സമാം അഭിപ്രായപ്പെട്ടു. പാകിസ്ഥാനിലെ ഒരു പ്രാദേശിക ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തത്കാലം മാറ്റിവെക്കാം. ലോകത്തിലെ എല്ലാ മികച്ച താരങ്ങളും ഐ.പി.എല്ലില്‍ കളിക്കുന്നുണ്ട്, എന്നാല്‍ ഒറ്റ ഇന്ത്യന്‍ താരം പോലും മറ്റ് ലീഗുകളുടെ ഭാഗമാകുന്നില്ല. എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും ഈ കാര്യത്തില്‍ ഒന്നിച്ചുനില്‍ക്കുകയും ഐ.പി.എല്ലിലേക്ക് താരങ്ങളെ അയക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യണം.
ഇന്ത്യ മറ്റ് ടൂര്‍ണമെന്റുകള്‍ക്കായി താരങ്ങളെ റിലീസ് ചെയ്യുന്നില്ല എങ്കില്‍, മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളും ഇതേ നിലപാട് തന്നെ സ്വീകരിക്കണം,’ ഇന്‍സമാം പറഞ്ഞു.
ബി.സി.സി.ഐയുമായി കരാറുള്ളതോ ഇന്ത്യയിലെ മറ്റ് സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളുടെ ഭാഗമായതോ ആയ താരങ്ങളെ ഇന്ത്യയ്ക്ക് പുറത്തുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതില്‍ അപെക്‌സ് ബോര്‍ഡ് വിലക്കിയിട്ടുണ്ട്.
എന്നാല്‍ പുരുഷ താരങ്ങള്‍ക്ക് മാത്രമാണ് ബി.സി.സി.ഐ ഇത്തരത്തില്‍ നിഷ്‌കര്‍ഷ വെച്ചിരിക്കുന്നത്. സ്മൃതി മന്ഥാനയടക്കമുള്ള ഇന്ത്യയുടെ പ്രധാനപ്പെട്ട വനിതാ താരങ്ങള്‍ ഡബ്ല്യൂ.ബി.ബി.എല്‍, ദി ഹണ്‍ഡ്രഡ് തുടങ്ങി വിവിധ ടൂര്‍ണമെന്റുകളുടെ ഭാഗമായിട്ടുണ്ട്.
ദി ഹണ്‍ഡ്രഡ് ട്രോഫിയുമായി മന്ഥാന
അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ പുരുഷ താരങ്ങള്‍ ഇത്തരത്തില്‍ വിവിധ ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ ഭാഗമായിട്ടുണ്ട് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.
മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക് എസ്.എ20യില്‍ പാള്‍ റോയല്‍സിനായി ഇക്കഴിഞ്ഞ സീസണില്‍ കളിച്ചിരുന്നു. ഇര്‍ഫാന്‍ പത്താന്‍, യുവരാജ് സിങ് തുടങ്ങിയവര്‍ ജി ടി-20 കാനഡ, ലങ്ക പ്രീമിയര്‍ ലീഗ് എന്നീ ടൂര്‍ണമെന്റുകളിലും ശിഖര്‍ ധവാന്‍ നേപ്പാള്‍ പ്രീമിയര്‍ ലീഗിലും പങ്കെടുത്തിരുന്നു.
Content Highlight: Former Pakistan cricketer Inzamam Ul Haq demands boycott of Indian Premier League