വെറും പത്ത് ലക്ഷമോ!! ഇത് അര്‍ഷാദിനും പാകിസ്ഥാനും അപമാനമാണ്; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ സൂപ്പര്‍ താരം
Sports News
വെറും പത്ത് ലക്ഷമോ!! ഇത് അര്‍ഷാദിനും പാകിസ്ഥാനും അപമാനമാണ്; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th August 2024, 10:22 am

2024 പാരീസ് ഒളിമ്പിക്‌സില്‍ ചരിത്രം കുറിച്ചാണ് അര്‍ഷാദ് നദീം പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയത്. 92.97 മീറ്റര്‍ ദൂരേക്ക് ജാവലിന്‍ പായിച്ച് ഒളിമ്പിക്‌സ് റെക്കോഡോടെയാണ് അര്‍ഷാദ് ഈ ഇനത്തില്‍ ഒന്നാമതെത്തിയത്. ഒളിമ്പിക്‌സ് ചരിത്രത്തില്‍ പാകിസ്ഥാന്റെ ആദ്യ വ്യക്തിഗത സ്വര്‍ണമെഡല്‍ നേട്ടമാണിത്.

ചരിത്ര മെഡല്‍ നേട്ടത്തിന് പിന്നാലെ ലോകത്തിന്റെ വിവധ കോണുകളില്‍ നിന്നും അര്‍ഷാദിനെ തേടി അഭിനന്ദന സന്ദേശങ്ങളെത്തിയിരുന്നു.

എന്നാല്‍ പാക് പ്രധാമനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അഭിനന്ദനങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഡാനിഷ് കനേരിയ. നിറഞ്ഞ അഭിനന്ദനമെങ്കിലും അര്‍ഷാദിന് നല്‍കണമെന്നും ഇപ്പോള്‍ നല്‍കിയ സമ്മാനത്തുക തീരെ ചെറുതാണെന്നും കനേരിയ പറഞ്ഞു.

‘അഭിനന്ദനങ്ങള്‍ അര്‍ഷാദ്. ചരിത്രം കുറിച്ചിരിക്കുകയാണ്. പാകിസ്ഥാനിലെ ആദ്യ പുരുഷ ജാവലിന്‍ ചാമ്പ്യനായ അര്‍ഷാദ് നദീം പാരീസ് ഒളിമ്പിക്‌സില്‍ ചരിത്ര സ്വര്‍ണം നേടിയിരിക്കുകയാണ്. നിങ്ങള്‍ രാജ്യത്തിന് തന്നെ അഭിമാനമാണ്,’ എന്നായിരുന്നു ഷഹബാസ് ഷെരീഫ് എക്‌സില്‍ കുറിച്ചത്.

അര്‍ഷാദ് നദീമിന്റെ വിന്നിങ് സെലിബ്രേഷന്റെ ചിത്രത്തിനൊപ്പം താരത്തിന് ക്യാഷ് അവാര്‍ഡ് നല്‍കുന്ന ചിത്രവും പങ്കുവെച്ചാണ് അദ്ദേഹം അഭിനന്ദനമറിയിച്ചത്.

പ്രധാനമന്ത്രിയുടെ ഈ പോസ്റ്റിനെതിരെയാണ് കനേരിയ രംഗത്തെത്തിയിരിക്കുന്നത്.

‘മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, കുറഞ്ഞപക്ഷം ഒരു നിറഞ്ഞ അഭിനന്ദമെങ്കിലും അദ്ദേഹത്തിന് നല്‍കുക. നിങ്ങള്‍ ഒരു മില്യണ്‍ രൂപ നല്‍കുന്ന ഈ ചിത്രവും ഡിലീറ്റ് ചെയ്യുക-അവന്റെ ആവശ്യങ്ങള്‍ക്കായി ഈ തുക ഒന്നുമാകില്ല.

ഈ തുക തീരെ ചെറുതാണ്. ഇതുകൊണ്ട് അവന്റെ ഫ്‌ളൈറ്റ് ടിക്കറ്റിന് പോലും തികയില്ല. അവന്റെ നിലവിലെ ബുദ്ധിമുട്ടുകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇത് അര്‍ഷാദിനും രാജ്യത്തിനും തന്നെ അപമാനമാണ്,’ കനേരിയ എക്‌സില്‍ കുറിച്ചു.

കനേരിയയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തുന്നുണ്ട്.

ഫൈനലില്‍ ആദ്യ ത്രോ ഫൗളായതിന് ശേഷമാണ് അര്‍ഷാദ് ഒളിമ്പിക്‌സ് റെക്കോഡ് തകര്‍ത്ത് സ്വര്‍ണമണിഞ്ഞത്. നോര്‍വെയുടെ ആന്‍ഡ്രെസ് തോര്‍കില്‍സണിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ് പഴങ്കഥയാക്കിയാണ് അര്‍ഷാദ് പാകിസ്ഥാന്റെ പേരിന് നേരെ മെഡല്‍ എഴുതിച്ചേര്‍ത്തത്.

2008ലെ ബീജിങ് ഒളിമ്പിക്‌സിലാണ് തോര്‍കില്‍സ് റെക്കോഡിട്ടത്. 90.57 മീറ്ററായിരുന്നു അന്ന് ഒളിമ്പിക് റെക്കോഡോടെ നോര്‍വേക്കാരന്‍ സ്വന്തമാക്കിയത്.

ഇന്ത്യയുടെ നീരജ് ചോപ്രക്കാണ് ഈ ഇനത്തില്‍ രണ്ടാം സ്ഥാനം. 89.45 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര വെള്ളി മെഡല്‍ നേടിയത്. പാരീസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന നീരജ് ആ പ്രതീക്ഷകള്‍ കൈവിടാതെ കാക്കുകയും ചെയ്തു. ഗ്രനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനാണ് വെങ്കലം. 88.54 മീറ്റര്‍ താണ്ടിയാണ് പീറ്റേഴ്സ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.

 

Content highlight: Former Pakistan cricketer Danish Kaneria slams Pak prime minister Shehbaz Sharif ’s token reward for Olympic Gold Medalist Arshad Nadeem