ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യ തങ്ങളുടെ ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്കിറങ്ങിയിരിക്കുകയാണ്. ചാറ്റോഗ്രാമില്‍ വെച്ച് നടക്കുന്ന ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഏകദിന പരമ്പരയില്‍ തോറ്റതിനാല്‍ തന്നെ ഇന്ത്യയെ സംബന്ധിച്ച് ടെസ്റ്റ് പരമ്പര ജയിക്കേണ്ടത് അഭിമാനത്തിന്റെ പ്രശ്‌നമാണ്. ഇതിന് പുറമെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്ക് ഇനിയുള്ള മത്സരങ്ങളില്‍ ഒന്നുപോലും തോല്‍ക്കാതെ ജയിക്കുകയും ചെയ്യണം.
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററും യുവതാരവുമായ റിഷബ് പന്തിനെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരം ഡാനിഷ് കനേരിയ.
റിഷബ് പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ലോകോത്തര താരമാണെന്നും ബംഗ്ലാദേശില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ പന്ത് തന്റെ ക്ലാസ് തെളിയിക്കുമെന്നുമാണ് കനേരിയ പറയുന്നത്.
‘റെഡ് ബോള്‍ ക്രിക്കറ്റില്‍ റിഷബ് പന്ത് ഒരു ലോകോത്തര താരമാണ്. ഈ ഫോര്‍മാറ്റില്‍ റിഷബ് പന്ത് ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് അവന്റെ ഗെയിമാണ്.
ബംഗ്ലാദേശില്‍ വെച്ച് നടക്കുന്ന രണ്ട് മത്സരത്തിലും പന്ത് അവന്റെ ക്ലാസ് തെളിയിക്കുമെന്നുറപ്പാണ്. അവന്‍ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഒരാളാണ്. അവന്‍ ബാറ്റ് ചെയ്യുന്ന രീതി നോക്കുകയാണെങ്കില്‍ ഏത് നിമിഷവും കളി തിരിക്കാന്‍ അവന്‍ സാധിക്കും,’ കനേരിയ പറയുന്നു.
നേരത്തെ, വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ മോശം പ്രകടനത്തിന് പിന്നാലെ പന്തിനെ വിമര്‍ശിച്ചും കനേരിയ രംഗത്തെത്തിയിരുന്നു. റിഷബ് പന്ത് വൈറ്റ് ബോള്‍ ഫോര്‍മാറ്റിന് പറ്റിയവനല്ല എന്ന കാര്യം ഇനിയെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മനസിലാക്കണമെന്നാണ് കനേരിയ പറഞ്ഞത്.
അതേസമയം, ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ തുടക്കം പാളിയിരിക്കുകയാണ്. സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് വീണിരിക്കുന്നത്.
54 പന്തില്‍ 22 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍, 40 പന്തില്‍ നിന്നും 20 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍, അഞ്ച് പന്തില്‍ നിന്നും ഒരു റണ്‍സ് നേടിയ വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
നിലവില്‍ 20 ഓവറില്‍ 48 പന്തില്‍ നിന്നും 48 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വര്‍ പൂജാരയും റിഷബ് പന്തുമാണ് ക്രീസില്‍.