Champions Trophy
ഒറ്റ പാകിസ്ഥാനി പോലുമില്ലാതെ പാക് സൂപ്പര്‍ താരത്തിന്റെ സൂപ്പര്‍ ടീം; ആറ് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 12, 01:14 pm
Wednesday, 12th March 2025, 6:44 pm

 

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയ തന്റെ ടീം ഓഫ് ദി ടൂര്‍ണമെന്റുമായി മുന്‍ പാക് സൂപ്പര്‍ താരം ബാസിത് അലി. രോഹിത് ശര്‍മയടക്കം ആറ് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടിയ ബാസിത് അലിയുടെ പ്ലെയിങ് ഇലവനില്‍ ഒറ്റ പാകിസ്ഥാന്‍ താരത്തിന് പോലും സ്ഥാനം പിടിക്കാന്‍ സാധിച്ചില്ല.

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെന്ന പേരും പെരുമയുമായെത്തിയ പാകിസ്ഥാന് സ്വന്തം മണ്ണില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെ പോയതോടെയാണ് പാക് താരങ്ങള്‍ക്ക് ബാസിത് അലിയുടെ ടീമില്‍ ഇടം നേടാനാകാതെ പോയത്.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ബാസിത് അലി ടീം ഓഫ് ദി ടൂര്‍ണമെന്റിനെ തെരഞ്ഞെടുത്തത്.

 

‘ഞാന്‍ എന്റെ പ്ലെയിങ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഞാന്‍ ദുബായിലെ എല്ലാ മത്സരങ്ങളും പരിശോധിച്ചു, ഗദ്ദാഫി സ്റ്റേഡിയത്തിലും മികച്ച പ്രകടനങ്ങളുണ്ടായിരുന്നു. എനിക്ക് ശരിയെന്ന് തോന്നിയ 11 പേരെയാണ് ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഐ.സി.സി തെരഞ്ഞെടുത്ത പ്ലെയിങ് ഇലവനൊപ്പം ഞാന്‍ പോവുകയില്ല.

എന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. ക്യാപ്റ്റനായിട്ടുപോലും അവന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഫൈനലില്‍ സ്വന്തമാക്കിയ 76 റണ്‍സാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. രചിന്‍ രവീന്ദ്രയാണ് രണ്ടാം നമ്പറിലിറങ്ങുക. രണ്ട് സെഞ്ച്വറിയെന്നത് വളരെ വലിയ കാര്യമാണ്.

മൂന്നാം നമ്പറില്‍ ഒരേയൊരു താരം മാത്രമേയുള്ളൂ – വിരാട് കോഹ്‌ലി. ശ്രേയസ് അയ്യരിനെയായിരിക്കും ഞാന്‍ നാലാം നമ്പറില്‍ തെരഞ്ഞെടുക്കുക. അവന്‍ ഏറെ മെച്ചപ്പെട്ടു. ഇന്ത്യയുടെ വിജയത്തില്‍ അവന്റെ പങ്ക് ഏറെ നിര്‍ണായകമായിരുന്നു. സെമിയിലും ഫൈനലിലും ഉത്തരവാദിത്തോടുകൂടിയാണ് അവന്‍ ബാറ്റ് വീശിയത്.

അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ.എല്‍. രാഹുല്‍. ഏറ്റവും മികച്ച ഫീല്‍ഡറാണ് ആറാം നമ്പറില്‍ – ഗ്ലെന്‍ ഫിലിപ്‌സ്. അവന്‍ അപകടകാരിയായ ബൗളറാണ്. ബാറ്റിങ്ങിലും അവന്‍ അപകടകാരി തന്നെയാണ്. ഏഴാം നമ്പറില്‍ അസ്മത്തുള്ള ഒമര്‍സായ് എത്തും. താന്‍ ഒരു മികച്ച ഓള്‍ റൗണ്ടറാണെന്ന് അവന്‍ തെളിയിച്ചു.

അക്‌സര്‍ പട്ടേലോ മിച്ചല്‍ സാന്റ്‌നറോ ആകും അടുത്ത സ്ഥാനത്ത്. എന്റെ 70 ശതമാനം വോട്ടും സാന്റ്‌നറിനാണ്, അക്‌സറിന് 30 ശതമാനവും. മാറ്റ് ഹെന്‌റിയാണ് ഒമ്പതാം നമ്പറില്‍. ടൂര്‍ണമെന്റില്‍ വളരെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.

പത്താം നമ്പറില്‍ മുഹമ്മദ് ഷമി. പരിക്കിന് ശേഷം മടങ്ങിയെത്തിയ ഷമി ലോകകപ്പിലേതെന്ന പോലെയാണ് പന്തെറിഞ്ഞത്. പതിനൊന്നില്‍ വരുണ്‍ ചക്രവര്‍ത്തി. രണ്ട് മത്സരങ്ങളില്‍ ടീമിന് പുറത്തിരുന്ന ശേഷം അവന്‍ നടത്തിയത് മികച്ച പ്രകടനമാണ്. ഇതാണ് എന്റെ ടീം,’ ബാസിത് അലി പറഞ്ഞു.

ബാസിത് അലിയുടെ ടീം ഓഫ് ദി ടൂര്‍ണമെന്റ്

രോഹിത് ശര്‍മ (ഇന്ത്യ)

രചിന്‍ രവീന്ദ്ര (ന്യൂസിലാന്‍ഡ്)

വിരാട് കോഹ്‌ലി (ഇന്ത്യ)

ശ്രേയസ് അയ്യര്‍ (ഇന്ത്യ)

കെ.എല്‍. രാഹുല്‍ (ഇന്ത്യ)

ഗ്ലെന്‍ ഫിലിപ്‌സ് (ന്യൂസിലാന്‍ഡ്)

അസ്മത്തുള്ള ഒമര്‍സായ് (അഫ്ഗാനിസ്ഥാന്‍)

മിച്ചല്‍ സാന്റ്‌നര്‍ (ന്യൂസിലാന്‍ഡ്)/ അക്‌സര്‍ പട്ടേല്‍ (ഇന്ത്യ)

മാറ്റ് ഹെന്‌റി (ന്യൂസിലാന്‍ഡ്)

മുഹമ്മദ് ഷമി (ഇന്ത്യ)

വരുണ്‍ ചക്രവര്‍ത്തി (ഇന്ത്യ)

 

Content highlight: Former Pakistan cricketer Basit Ali picks his Team of the tournament