എല്ലാം കുടവയറൻമാർ, ഒറ്റൊന്നിനും ഫിറ്റ്‌നസില്ല, ഇങ്ങനെയാണോ ലോകകപ്പിനിറങ്ങുന്നത്; മുൻ പാകിസ്ഥാൻ കോച്ചിന്റെ വാക്കുകൾ വിവാദത്തിൽ
Cricket
എല്ലാം കുടവയറൻമാർ, ഒറ്റൊന്നിനും ഫിറ്റ്‌നസില്ല, ഇങ്ങനെയാണോ ലോകകപ്പിനിറങ്ങുന്നത്; മുൻ പാകിസ്ഥാൻ കോച്ചിന്റെ വാക്കുകൾ വിവാദത്തിൽ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th October 2022, 6:04 pm

ഓസ്‌ട്രേലിയയിൽ ടി-20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾ നടന്ന് കൊണ്ടിരിക്കെ താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ പാക് ക്യാപ്റ്റനും പരിശീലകനുമായ മിസ്ബാ ഉൽ ഹഖ്.

പാകിസ്ഥാൻ താരങ്ങളെ കുറിച്ചാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്.

താരങ്ങളുടെ കുടവയർ വ്യക്തമായി കാണാമെന്നും ആർക്കും ഫിറ്റ്‌നസില്ലെന്നും മിസ്ബാ തുറന്നടിച്ചതായി ക്രിക്കറ്റ് പാകിസ്ഥാൻ റിപ്പോർട്ട് ചെയ്തു.

മുൻ താരങ്ങൾ ഇങ്ങനെ അല്ലായിരുന്നുവെന്നും ഇപ്പോൾ ഒരു ഫിറ്റ്‌നസ് പരിശോധന പോലും നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.

”ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ ഉള്ളത് വ്യക്തമായി കാണാം. മുമ്പൊന്നും ഇങ്ങനെയായിരുന്നില്ല. ഞാനും ഷൊയ്ബ് മാലിക്കും യൂനിസ് ഖാനുമൊക്കെ ഫിറ്റ്‌നെസിൽ നന്നായി ശ്രദ്ധിച്ചിരുന്നു, ഞങ്ങൾ സ്വയം ശ്രദ്ധിക്കുമായിരുന്നു.

എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നാണ് മനസിലാക്കുന്നത്. താരങ്ങളുടെ കുടവയറുകൾ കാണാം.

ഒരു ഫിറ്റ്‌നസ് പരിശോധന പോലും നടത്തുന്നില്ല എന്നതാണ് ഇതിനു കാരണം. ഇങ്ങനെയായാൽ എങ്ങനെ കളിക്കാൻ സാധിക്കും.

മത്സരത്തിന് മുമ്പ് മര്യാദക്കൊരു ഫിറ്റ്‌നസ് ടെസ്റ്റോ ബെഞ്ച് മാർക്കോ ഇല്ലാത്തത് തന്നെയാണ് കാരണം,” മിസ്ബാ വ്യക്തമാക്കി.

ആഭ്യന്തര മത്സരങ്ങളിലെ ഫിറ്റ്‌നസ് പരിശോധനകൾ തമാശയാണെന്നും രാജ്യാന്തര തലത്തിൽ വേണ്ട അതേ നിലവാരം ആഭ്യന്തര തലത്തിനും വേണമെന്ന് തങ്ങൾ ചർച്ച ചെയ്തിരുന്നെങ്കിലും ആഭ്യന്തര ക്രിക്കറ്റിന്റെ ചുമതലയുള്ളവർ അതിനെ എതിർക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ഇത്തവണ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്ലാമർ പോരാട്ടം ഈ മാസം 23ന് നടക്കും.

മെൽബണിലെ ഗാബയിലാണ് കളി നടക്കുക എന്നാൽ മഴകാരണം കളി നടക്കാനിടയില്ലെന്ന റിപ്പോർട്ടുണ്ട്.

അതേസമയം ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം മഴ കാരണം റദ്ധാക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

Content Highlights: Former Pakistan Coach teasing cricket players for their fitness issues