| Saturday, 5th October 2024, 4:24 pm

വിരാടും ബാബറും തമ്മില്‍ വലിയൊരു വ്യത്യാസമുണ്ട്; തുറന്നടിച്ച് പാക് ക്രിക്കറ്റ് പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ഇതിഹാസ താരം വിരാട് കോഹ്‌ലിയും പാക് സൂപ്പര്‍ താരം ബാബര്‍ അസവും തമ്മിലുള്ള പ്രധാന വ്യത്യാസം വ്യക്തമാക്കി മുന്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരവും പരിശീലകനുമായ മുദാസര്‍ നാസര്‍.

വിരാട് കോഹ്‌ലി എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണെന്നും എന്നാല്‍ ബാബര്‍ അസം ക്രിക്കറ്റ് ലോകത്ത് ഇനിയും സ്വന്തം പേര് അടയാളപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും നാസര്‍ പറഞ്ഞു.

പി.ടി.ഐക്ക് നല്‍കിയ പ്രതികരണത്തിലാണ് നാസര്‍ ഇക്കാര്യം പറഞ്ഞത്.

‘ഇരു താരങ്ങളും (വിരാടും ബാബറും) തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായാണ് വിരാട് ഓര്‍ത്തുവെക്കപ്പെടുക. എന്നാല്‍ ബാബറാകട്ടെ ഇനിയും ക്രിക്കറ്റില്‍ സ്ഥാനം കണ്ടെത്തേണ്ടിയിരിക്കുന്നു,’ നാസര്‍ പറഞ്ഞു.

വിരാടിന്റെയും രോഹിത് ശര്‍മയുടെയും പ്രകടനത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘എനിക്ക് വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും ബാറ്റിങ് കാണുന്നത് ഒരുപാട് ഇഷ്ടമാണ്. അവര്‍ അവരുടെ മികച്ച പ്രൈമില്‍ നില്‍ക്കുമ്പോള്‍ മികച്ച പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്.

ഇരുവരും കളിക്കുന്നത് കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. അവര്‍ കളിക്കുന്നതും കണ്ട് മണിക്കൂറുകളോളം നിങ്ങള്‍ക്ക് ടി.വിക്ക് മുമ്പില്‍ ഇരിക്കാന്‍ സാധിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈയിടെയാണ് വിരാട് കോഹ്‌ലി കരിയറില്‍ 27,000 അന്താരാഷ്ട്ര റണ്‍സ് പൂര്‍ത്തിയാക്കിയത്. ഈ നേട്ടത്തിലെത്തുന്ന നാലാമത് മാത്രം ബാറ്ററാണ് വിരാട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, കുമാര്‍ സംഗക്കാര, റിക്കി പോണ്ടിങ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ മറ്റ് താരങ്ങള്‍.

എന്നാല്‍ കളിച്ച ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരമെന്ന നേട്ടവും വിരാട് സ്വന്തമാക്കിയിരുന്നു.

അതേസമയം, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സിയൊഴിഞ്ഞതോടൊണ് ബാബര്‍ അസം വാര്‍ത്തകളില്‍ ഇടം നേടിയത്. തന്റെ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് ക്യാപ്റ്റന്‍സിയില്‍ നിന്നും മാറി നില്‍ക്കുകയാണെന്നാണ് ബാബര്‍ പറഞ്ഞത്.

Content Highlight: Former Pakistan coach Mudassar Nazar about Virat Kohli and Babar Azam

We use cookies to give you the best possible experience. Learn more