|

ബാബറിന് മുമ്പില്‍ വിരാട് കോഹ്‌ലി വെറും വട്ടപ്പൂജ്യം, എന്നാല്‍ പ്രധാന പ്രശ്‌നം ഇതൊന്നുമല്ല; തുറന്നടിച്ച് മുന്‍ പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

വിരാട് കോഹ്‌ലിയെക്കാള്‍ മികച്ച താരമാണ് ബാബര്‍ അസമെന്ന് അവകാശപ്പെട്ട് മുന്‍ പാക് താരവും പരിശീലകനുമായ മൊഹ്‌സിന്‍ ഖാന്‍. ബാബര്‍ അസമിന് മുമ്പില്‍ വിരാട് വെറും വട്ടപ്പൂജ്യമാണെന്ന് പറഞ്ഞ മൊഹ്‌സിന്‍ ഖാന്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും പറഞ്ഞു.

എ.ആര്‍.വൈ ന്യൂസിനോട് സംസാരിക്കവെയാണ് മൊഹ്‌സിന്‍ ഖാന്‍ വിരാട് കോഹ്‌ലിയെയും ബാബര്‍ അസമിനെയും തമ്മില്‍ താരതമ്യം ചെയ്തത്.

‘ഞാന്‍ ഒരു കാര്യം വ്യക്തമായി പറയട്ടെ – ബാബര്‍ അസവുമായി താരതമ്യം ചെയ്യുമ്പോള്‍ വിരാട് കോഹ്‌ലി ഒന്നും തന്നെയല്ല, അവന്‍ വെറും വട്ടപ്പൂജ്യമാണ്. എന്നാല്‍ ഇവരില്‍ ഏറ്റവും മികച്ച താരം ആര് എന്നതല്ല നമ്മളുടെ വിഷയം.

ഇപ്പോഴത്തെ പ്രധാന പ്രശ്‌നം പാകിസ്ഥാന്‍ ക്രിക്കറ്റ് പൂര്‍ണമായും നശിച്ചുപോയിരിക്കുന്നു എന്നതാണ്. ഒരു തരത്തിലമുള്ള പ്ലാനിങ്ങുകളോ കൃത്യമായ സ്ട്രാറ്റജികളോ ഒന്നും തന്നെയില്ല,’ മൊഹ്‌സിന്‍ ഖാന്‍ പറഞ്ഞു.

മൊഹ്‌സിന്‍ ഖാന്‍

മുന്‍ പാക് പരിശീലകന്‍ ഇന്‍തിഖാബ് ആലവും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ കുറ്റപ്പെടുത്തി. ബാബര്‍ അസമിനെ ഓപ്പണറാക്കാനുള്ള തീരുമാനത്തെയാണ് അദ്ദേഹം വിമര്‍ശിച്ചത്.

ഇന്‍തിഖാബ് ആലം

‘എന്തിനാണ് നിങ്ങളവനെ ഓപ്പണറായി ഇറക്കിവിട്ടത്. അത് അവന്റെ നാച്ചുറല്‍ പൊസിഷനല്ല. മൂന്നാം നമ്പറില്‍ ക്രീസിലെത്തുന്ന ബാറ്ററാണ് ബാറ്റിങ് ലൈനപ്പിന്റെ നട്ടെല്ല്. അവിടെയായിരിക്കണം നിങ്ങളുടെ ഏറ്റവും മികച്ച താരം കളിക്കേണ്ടത്.

അവനെ അതേ പൊസിഷനില്‍ തന്നെ കളിപ്പിക്കണമെന്ന് പരിശീലകര്‍ ആവശ്യപ്പെടണമായിരുന്നു. മൂന്നാം നമ്പറിലിറങ്ങി ആങ്കറിങ് ഇന്നിങ്‌സുകള്‍ കളിച്ച് സെഞ്ച്വറി ലക്ഷ്യം വെക്കണമായിരുന്നു.

ബാബര്‍ അത്തരത്തിലൊരു ഇന്നിങ്‌സ് കളിക്കുകയും മറ്റേതെങ്കിലുമൊരു താരം അര്‍ധ സെഞ്ച്വറി നേടുകയും ചെയ്തിരുന്നെങ്കില്‍ സുഖമായി മുന്നൂറിനോ’ടുപ്പിച്ച് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. അത്തരത്തിലുള്ള അപ്രോച്ചായിരുന്നു സ്വീകരിക്കേണ്ടത്.

ബാബര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ബാറ്റിങ് പൊസിഷന്‍ മാറ്റാന്‍ വിസമ്മതിക്കുകയും ചെയ്യണമായിരുന്നു. ആരാണ് ബാബറിനെ ഓപ്പണറാക്കാന്‍ പ്രേരിപ്പിച്ചത് എന്ന് എനിക്ക് അറിയില്ല. അതൊരു മോശം തീരുമാനമായിരുന്നു,’ ആലം പറഞ്ഞു.

Content Highlight: Former Pakistan coach Mohsin Khan says Virat Kohli is just a big zero in front of Babar Azam

Video Stories