എന്തിനാണ് ഇങ്ങനെ ഒരുത്തന്‍ ടീമില്‍; പാകിസ്ഥാന്‍ താരത്തിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ ക്യാപ്റ്റന്‍
Sports News
എന്തിനാണ് ഇങ്ങനെ ഒരുത്തന്‍ ടീമില്‍; പാകിസ്ഥാന്‍ താരത്തിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th June 2024, 12:09 pm

ഇന്ന് ടി-20 ലോകകപ്പില്‍ അയര്‍ലാന്‍ഡും അമേരിക്കയും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ഈ മത്സരത്തില്‍ അമേരിക്ക പരാജയപ്പെട്ടാല്‍ പാകിസ്ഥാന് സൂപ്പര്‍ 8ലേക്കുള്ള പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സാധിക്കും. അമേരിക്കയോടും ഇന്ത്യയോടും പരാജയപ്പെട്ട പാക് കഴിഞ്ഞ മത്സത്തില്‍ കാനഡയെ പരാജയപ്പെടുത്തിയിരുന്നു.

എന്നാല്‍ പാകിസ്ഥാന്റെ മോശം പ്രകടനത്തെ ചോദ്യം ചെയ്ത്‌കൊണ്ട് നിരവധി താരങ്ങള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ പാക് താരം അസം ഖാന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്ത് മുന്‍ പാകിസ്ഥാന്‍ പുരുഷ ക്രിക്കറ്റ് ടീം ഡയറക്ടര്‍ മുഹമ്മദ് ഹഫീസ് രംഗത്ത് വന്നിരിക്കുകയാണ്.

റണ്ണിങ് പരിശീലനത്തിനിടെ രണ്ട് കിലോമീറ്റര്‍ താണ്ടാന്‍ യുവതാരത്തിന് ഏകദേശം 20 മിനിറ്റ് വേണ്ടിവരുമെന്നാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ഒരു പ്രാദേശിക വാര്‍ത്താ ചാനലിനോട് സംസാരിക്കവെയാണ് ഹഫീസ് ഈ കാര്യം പറഞ്ഞത്.

‘മുഴുവന്‍ പാകിസ്ഥാന്‍ ടീമിനും 10 മിനിറ്റിനുള്ളില്‍ രണ്ട് കിലോമീറ്റര്‍ താണ്ടാന്‍ കഴിയും, എന്നാല്‍ അസം ഖാന്‍ ദൂരം പിന്നിടാന്‍ 20 മിനിറ്റ് എടുക്കും. ഖേദകരമെന്നു പറയട്ടെ, അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതില്‍ അസം ഖാന്‍ അത്ര ഗൗരവമുള്ളയാളല്ല,’ ഹഫീസ് പറഞ്ഞു.

2024ലെ ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പാടുപെടുന്നതിനിടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി അസമിന്റെ ഫിറ്റ്നസ് ഒരു പ്രധാന ചര്‍ച്ചാവിഷയമാണ്. 25കാരന്റെ മോശം കീപ്പിങ്ങും ബാറ്റിങ്ങും അദ്ദേഹത്തെ നിലവിലുള്ള ഇലവനില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്മെന്റിനെ നിര്‍ബന്ധിതരാക്കിയിരുന്നു.

 

Content Highlight: Former Pakistan Captain Slams Azam Khan