ബാബര്‍ അസമിനേക്കാള്‍ മികച്ച താരം വിരാട് കോഹ്‌ലിയാണെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സിദ്ര നവാസ്. ഒരു അഭിമുഖത്തിലാണ് പാകിസ്ഥാന്‍ സൂപ്പര്‍ താരത്തെക്കാള്‍ മികച്ചത് വിരാട് കോഹ്‌ലിയാണെന്ന് സിദ്ര നവാസ് അഭിപ്രായപ്പെട്ടത്.
ആരാധകര്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്ന വിരാട് – ബാബര്‍ ഫാന്‍ ഡിബേറ്റില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയായിരുന്നു താരം.
‘എനിക്ക് രണ്ട് പേരെയും ഒരുപാട് ഇഷ്ടമാണ്. പക്ഷേ വ്യക്തിപരമായി ഞാന്‍ വിരാടിനെയാണ് തെരഞ്ഞെടുക്കുന്നത്,’ സിദ്ര നവാസ് പറഞ്ഞു.
വനിതാ ലോകകപ്പില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം നടക്കുന്നതിന് മുമ്പാണ് താരം ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നതും ശ്രദ്ധേയമാണ്.
മികച്ചത് വിരാട് എന്ന് അഭിപ്രായം സിദ്രയുടേത് മാത്രമല്ല
മുന്‍ പാക് സൂപ്പര്‍ താരവും പരിശീലകനുമായ മുദാസര്‍ നാസറും ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു.
വിരാട് കോഹ്‌ലി എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണെന്നും എന്നാല്‍ ബാബര്‍ അസം ക്രിക്കറ്റ് ലോകത്ത് ഇനിയും സ്വന്തം പേര് അടയാളപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
പി.ടി.ഐക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു നാസറിന്റെ തുറന്നുപറച്ചില്‍.
‘ഇരു താരങ്ങളും (വിരാടും ബാബറും) തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായാണ് വിരാട് ഓര്‍ത്തുവെക്കപ്പെടുക. എന്നാല്‍ ബാബറാകട്ടെ ഇനിയും ക്രിക്കറ്റില്‍ സ്ഥാനം കണ്ടെത്തേണ്ടിയിരിക്കുന്നു,’ നാസര്‍ പറഞ്ഞു.
ലോകകപ്പിലെ ഇരുവരുടെയും ആദ്യ മത്സരത്തില്‍ സംഭവിച്ചത്
ആദ്യ മത്സരം പരാജയപ്പെട്ടാണ് ഇന്ത്യ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെ നേരിടാനൊരുങ്ങുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 58 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 161 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 102 റണ്‍സിന് പുറത്തായി.
ബാറ്റിങ്ങില്‍ സോഫിയ ഡിവൈനിന്റെയും ബൗളിങ്ങില്‍ റോസ്‌മേരി മെയറിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് കിവികള്‍ക്ക് മികച്ച വിജയം സമ്മാനിച്ചത്.
മറുവശത്ത് പാകിസ്ഥാനാകട്ടെ ഏഷ്യാ കപ്പ് ചാമ്പ്യന്‍മാരായ ശ്രീലങ്കയെ തകര്‍ത്താണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. 31 റണ്‍സിനായിരുന്നു പാക് പടയുടെ വിജയം.
Content highlight: Former Pakistan captain Sidra Nawaz says Virat Kohli is better than Babar Azam