| Friday, 3rd May 2019, 8:48 am

തനിക്ക് അന്ന് പ്രായം 16 ആയിരുന്നില്ല; അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രായ തട്ടിപ്പ് വെളിപ്പെടുത്തി പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി

സ്പോര്‍ട്സ് ഡെസ്‌ക്

കറാച്ചി: പ്രായ തട്ടിപ്പ് തുറന്നുപറഞ്ഞ് പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുമ്പോള്‍ തനിക്ക് പ്രായം 16 ആയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍.

തന്റെ ആത്മകഥയായ ‘ഗെയിം ചെയ്ഞ്ചറി’ലാണ് അഫ്രീദി ഇതുസംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ 37 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയായിരുന്നു താരം അരങ്ങേറിയിരുന്നത്.

എന്നാല്‍ പ്രായം പതിനാറ് ആയിരുന്നില്ലെന്ന് വെളിപ്പെടുത്തിയതോടെ പാക് ക്രിക്കറ്റ് ബോര്‍ഡ് വെട്ടിലായിരിക്കുകയാണ്. 1975 ല്‍ ജനിച്ച അഫ്രീദിയുടെ രേഖകളില്‍ 1980 നാണ് ജനിച്ചതെന്നാക്കുകയായിരുന്നു.

1996 ല്‍ താന്‍ അരങ്ങേറുമ്പോള്‍ 19 വയസുണ്ടായിരുന്നെന്നാണ് അഫ്രീദി പറയുന്നത്. എന്നാല്‍ 1975 ല്‍ ജനിച്ച അഫ്രീദി 1996 ല്‍ കളിക്കുമ്പോള്‍ 21 വയസുണ്ടാവും.

1996 ല്‍ നെയ്റോബിയില്‍ ശ്രീലങ്കയ്ക്കെതിരേ ആയിരുന്നു അഫ്രീദിയുടെ അരങ്ങേറ്റം. 40 പന്തില്‍ ആറു ഫോറും 11 സിക്സും സഹിതം 102 റണ്‍സായിരുന്നു അന്ന് അഫ്രീദി നേടിയെടുത്തത്.

അഫ്രീദിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ അണ്ടര്‍ 19 മത്സരത്തില്‍ താരത്തിനെ ഉള്‍പ്പെടുത്തിയത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പാക്ക് ക്രിക്കറ്റ് ബോര്‍ഡ് പ്രതികൂട്ടിലായിരിക്കുകയാണ്.

DoolNews Video

We use cookies to give you the best possible experience. Learn more