ഈഡന്‍ ഗാര്‍ഡന്‍സില്‍ നവംബര്‍ 11ന് ഇംഗ്ലണ്ടുമായുള്ള അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ ബാബറും സംഘവും 2023 ലോകകപ്പില്‍ നിന്നും പുറത്തായി. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 43.3 ഓവറില്‍ 244 റണ്‍സിന് ഓള്‍ ഔട്ടായി.
സെമി ഫൈനലിലേക്ക് തിരിച്ചുവരുമെന്ന് ബാബറും സംഘവും ആത്മവിശ്വാസം കാണിച്ചെങ്കിലും ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയതോടെ ഔദ്യോഗികമായി 2023 ലോകകപ്പില്‍നിന്നും മെന്‍ ഇന്‍ ഗ്രീന്‍ പുറത്തായിരിക്കുകയാണ്. ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയും ബാബറിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
2023 ലോകകപ്പില്‍ ബാബര്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും വെറും നാല് അര്‍ധസെഞ്ച്വറികള്‍ മാത്രമാണ് നേടിയത്. ടൂര്‍ണമെന്റില്‍ 320 റണ്‍സ് മാത്രം നേടിയ ബാബര്‍ ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നില്ല കാഴ്ച്ചവച്ചത്.
നിരന്തരമായ തോല്‍വികള്‍ ഏറ്റുവാങ്ങിയപ്പോള്‍ കളിക്കാരെ പ്രചോദിപ്പിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ടീമിനെ സഹായിക്കാന്‍ ബാബറിന് കഴിഞ്ഞില്ലെന്നും അഫ്രീദി ഉയര്‍ത്തിക്കാട്ടി.
‘ഞാന്‍ ബാബറിനെ വിമര്‍ശിക്കുകയാണെന്ന് ആളുകള്‍ പറയുന്നു. അവന്‍ എന്റെ സഹോദരനെ പോലെയാണ്. ക്യാപ്റ്റന്‍സിയെ കുറിച്ച് പഠിക്കാനും ഒരു ലീഡര്‍ എന്ന നിലയില്‍ മെച്ചപ്പെടാനും അദ്ദേഹത്തിന് മൂന്ന്- നാല് വര്‍ഷം സമയം ഉണ്ടായിരുന്നു. അതില്‍ ഞങ്ങളെല്ലാവരും അദ്ദേഹത്തെ പിന്തുണച്ചിട്ടുമുണ്ട്. ഒരു രീതിയിലും സമ്മര്‍ദം ചെലുത്തിയിട്ടുമില്ല, എന്നിട്ടും അവന്‍ പരാജയപ്പെട്ടു,’അദ്ദേഹം പറഞ്ഞു.
ഒരു ക്യാപ്റ്റന്‍ രണ്ടോ മൂന്നോ കളിക്കാരെ മാത്രമല്ല എല്ലാവരെയും ഒപ്പം കൊണ്ടുപോകേണ്ടതുണ്ട് . യൂനിസ് ഖാന്‍ ഒരു ക്യാപ്റ്റന്‍ ആയിരുന്നു, ഞങ്ങളുമായി ചര്‍ച്ച ചെയ്യാതെ അദ്ദേഹം ഒരു തീരുമാനവും എടുത്തിട്ടില്ല,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എട്ട് മത്സരത്തില്‍ നിന്നും നാല് വിജയം മാത്രം സ്വന്തമാക്കിയാണ് മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നും മടങ്ങിയത്. ടൂര്‍ണമെന്റില്‍ മോശം പ്രകടനം കാഴ്ചവെച്ചതില്‍ ബാബറിനെതിരെ മുന്‍ പാക് താരങ്ങളായ വസീം അക്രവും ഷോയ്ബ് മാലിക്കും വിമര്‍ശനവുമായി നേരത്തെ രംഗത്ത് വന്നിരുന്നു.
ലോകകപ്പില്‍ നെതര്‍ലന്‍ഡ്സ്, ശ്രീലങ്ക, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്‌സ് എന്നിവരോട് മാത്രമാണ് ബാബറിനും സംഘത്തിനും വിജയിക്കാന്‍ സാധിച്ചത്. തോല്‍വി വഴങ്ങിയ അഞ്ച് മത്സരങ്ങളും ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ പരാജയപ്പെടുകയായിരുന്നു.
Content Highlight: Former Pakistan Captain Shahid Afridi Criticized Babar Azam