തെറ്റുകൾ വരുത്തിയില്ലെങ്കിൽ ഒരു ടീമിനും ഇന്ത്യയെ തൊടാൻ കഴിയില്ല: മുൻ പാക് ക്യാപ്റ്റൻ
2023 ഒക്ടോബറിൽ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ ശക്തിയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ പാകിസ്ഥാൻ ടീം ക്യാപ്റ്റൻ സൽമാൻ ബട്ട്.
ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുന്ന ടീം ആയിരിക്കും കിരീടം നേടുകയെന്നും ക്രിക്കറ്റിൽ ഇന്ത്യക്ക് മാത്രമാണ് ഇത്രയും മികച്ച വളർച്ചയുള്ളതെന്നും സൽമാൻ ബട്ട് പറഞ്ഞു.
‘ലോകക്രിക്കറ്റിൽ ഇന്ത്യൻ ടീമിന് മാത്രമാണ് ഇത്രയും ആത്യന്തികമായ വളർച്ചയുള്ളത്. ലോകകപ്പ് നേടാൻ സാധ്യതയുള്ള നാല് ടീമുകളെകുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. എന്നാൽ ഇന്ത്യയെ തോൽപ്പിക്കുന്ന ടീം ലോകകപ്പ് നേടുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യ മികച്ച ടീമാണ്. ഇന്ത്യയുടെ ബാറ്റിങ് ശക്തമാണ്. ബൗളിങ് നിരക്ക് ഏത് സാഹചര്യത്തിലും തിളങ്ങാൻ കഴിയും. അവർ ലോകകപ്പിൽ തെറ്റുകൾ വരുത്തിയില്ലെങ്കിൽ മറ്റൊരു ടീമും ഇന്ത്യൻ ടീമിന്റെ അടുത്ത് പോലും എത്തില്ല’, സൽമാൻ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
‘കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റ് ടീം മെച്ചപ്പെട്ടു. ഇപ്പോഴത്തെ കളിക്കാരുടെ ഫിറ്റ്നസ് ലെവൽ ഉയർന്നു നിൽക്കുന്നു. അവരുടെ ഫീൽഡിങ് മികച്ചതായി. അവിടത്തെ അടിസ്ഥാന സൗകര്യങ്ങൾ, ക്രിക്കറ്റ് വിദഗ്ധർ, കിറ്റുകൾ എല്ലാം ഇതിനെ ബന്ധപ്പെട്ടുകിടക്കുന്നു’, ബട്ട് കൂട്ടിചേർത്തു.
നീണ്ട 13 വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു ലോകകപ്പ് കൂടി ഇന്ത്യൻ മണ്ണിൽ എത്തുന്നത്. ധോണിക്ക് ശേഷം രോഹിത് ശർമയും സ്വന്തം മണ്ണിൽ കിരീടം ഉയർത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
നിലവിൽ ഐ.സി.സി യുടെ മൂന്ന് ഫോർമാറ്റുകളിലും ഒന്നാം സ്ഥാനത്താണ് രോഹിത് ശർമയും കൂട്ടരും.
ലോകകപ്പിൽ ഒക്ടോബർ എട്ടിന് ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Content Highlight: Former Pakistan captain Salman Butt talks about the strength of the Indian team in the ICC World Cup 2023.