പാകിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിയെ ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടി-20 ലോകകപ്പില്‍ കളിപ്പിക്കരുതെന്ന് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. ഷഹീന്‍ അഫ്രിദിക്ക് ഭാവിയില്‍ ധാരാളം ലോകകപ്പ് കളിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ ഈ ലോകകപ്പില്‍ കളിക്കാനിറക്കിയാല്‍ താരത്തിന്റെ കരിയര്‍ ഇല്ലാതായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാ കപ്പിന് മുമ്പ് നടന്ന പാകിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു ഷഹീന്‍ അഫ്രിദിക്ക് പരിക്കേറ്റത്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. ഇതോടെ രണ്ടാം ടെസ്റ്റ് താരത്തിന് നഷ്ടമായിരുന്നു.
പരിക്കില്‍ നിന്നും ഉടന്‍ തിരിച്ചുവരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇതോടെ ഏഷ്യാ കപ്പും താരത്തിന് നഷ്ടമായിരുന്നു.
ടി-20 ലോകകപ്പ് ലക്ഷ്യമിട്ട് അഫ്രിദിയെ വിദഗ്ധ ചികിത്സക്കായി ലണ്ടനിലേക്ക് അയച്ചിരുന്നു. താരത്തിന് കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാവുന്നുണ്ടെന്നും ലോകകപ്പിന് താരം ഉണ്ടാകുമെന്നുമായിരുന്നു പി.സി.ബി അറിയിച്ചത്.
ഇതിന് പിന്നാലെയാണ് ഇത്തവണത്ത ലോകകപ്പില്‍ ഷഹീന്‍ കളിക്കുകയാണെങ്കില്‍ താരത്തിന്റെ കരിയര്‍ പോലും ഇല്ലാതാവുമെന്ന് സല്‍മാന്‍ ബട്ട് അഭിപ്രായപ്പെട്ടത്.
ഷഹീന്‍ ഭാവിയില്‍ ഒരുപാട് ലോകകപ്പ് കളിക്കേണ്ടവനാണെന്നും മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
‘ഷഹീന്‍ ഒരിക്കലും ഒറ്റ ലോകകപ്പില്‍ കളിക്കേണ്ട താരമല്ല. ആരോഗ്യവാനായിരിക്കുകയാണെങ്കില്‍ അവന് അടുത്ത അഞ്ച് ലോകകപ്പുകള്‍ കളിക്കാന്‍ സാധിക്കും.
വേള്‍ഡ് കപ്പുകള്‍ വരികയും പോവുകയും ചെയ്യും. എന്നാല്‍ തിരക്ക് പിടിച്ച് ഓരോന്ന് ചെയ്താല്‍ അത് അവന്റെ കരിയര്‍ പോലും ഇല്ലാതാക്കും. ഏകദിന ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുകയാണ്. അടുത്ത പത്ത് വര്‍ഷത്തിനിടെ രണ്ട് ഏകദിന ലോകകപ്പുകള്‍ കൂടി ഉണ്ടാകും.
അതിനാല്‍ തന്നെ അവന്റെ സുദീര്‍ഘമായ കരിയറിന് ഇപ്പോള്‍ അവനെ സംരക്ഷിച്ചേ മതിയാവൂ. ഒരുപക്ഷേ പരിക്കേറ്റിരുന്നില്ലെങ്കില്‍ അവന്‍ എല്ലാ മത്സരവും കളിക്കുമായിരുന്നു. എന്തിനേറെ പറയുന്നു നസീം ഷാ അരങ്ങേറ്റ മത്സരം പോലും കളിക്കുമായിരുന്നില്ല.
ഷഹീന്‍ ലോകകപ്പ് കളിക്കുന്നതിനെ സംബന്ധിച്ച് മുന്‍ സൂപ്പര്‍ താരമായിരുന്ന ആഖിബ് ജാവേദും ഇതേ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. ഷഹീന്‍ ലോകകപ്പ് കളിക്കരുതെന്നും അവന്‍ ഈ ലോകകപ്പിനേക്കാള്‍ പ്രധാനമാണെന്നുമായിരുന്നു ജാവേദ് പറഞ്ഞത്.
‘ഷഹീനെ പോലെയുള്ള ഫാസ്റ്റ് ബൗളേഴ്‌സ് എല്ലായ്‌പ്പോഴും ജനിക്കുന്നവരല്ല. ഈ ലോകകപ്പില്‍ കളിക്കരുതെന്നാണ് എനിക്ക് ഷഹീന് നല്‍കാനുള്ള ഉപദേശം. കാരണം ഈ ലോകകപ്പിനേക്കാള്‍ എത്രയോ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഷഹീന്‍,’ ജാവേദ് പറയുന്നു.
Content Highlight: Former Pakistan captain Salman Butt says Shaheen Afridi should not play this World Cup