ഇന്ത്യയുടെ ഏകദിന സ്‌ക്വാഡില്‍ നിന്നും സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെ പുറത്താക്കരുതെന്ന് ഇന്ത്യയോടാവശ്യപ്പെട്ട് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. ഇന്ത്യന്‍ സെലക്ടര്‍മാര്‍ സൂര്യകുമാറിനെ കളിപ്പിക്കണമെന്നും അവന്‍ ഒരു സ്‌പെഷ്യല്‍ ടാലന്റ് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഒരു താരം പത്ത് മത്സരങ്ങളില്‍ പരാജയപ്പെടുന്നത് ആശങ്കാജനകമാണ്. എങ്കിലൂം സൂര്യകുമാര്‍ യാദവിനെ ഏകദിന സ്‌ക്വാഡില്‍ നിന്നും പുറത്താക്കി മണ്ടത്തരം കാണിക്കരുത്. അവനൊരു സ്‌പെഷ്യല്‍ ടാലന്റാണ്,’ ബട്ട് പറഞ്ഞു.
ഒരിക്കലും സൂര്യകുമാറിനെ ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കരുതെന്നും ആവശ്യമെങ്കില്‍ അവന് കുറച്ചു കാലത്തേക്ക് വിശ്രമം അനുവദിക്കാമെന്നും ബട്ട് പറഞ്ഞു.
‘ഒരു വലിയ തിരിച്ചുവരവിനായി നിങ്ങള്‍ക്ക് വേണമെങ്കില്‍ അവന് ചെറിയ വിശ്രമം നല്‍കാം. അവന്‍ വലിയ സമ്മര്‍ദ്ദത്തിലാണ്, ഇതാണ് അവന്റെ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ശരിയായ സമയമാണ്,’ സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ നിരന്തര വിമര്‍ശനങ്ങളായിരുന്നു സൂര്യകുമാര്‍ യാദവിന് നേരിടേണ്ടി വന്നത്. പരമ്പരയിലെ മൂന്ന് മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായിട്ടായിരുന്നു സ്‌കൈ പുറത്തായത്.
ആദ്യ രണ്ട് മത്സരത്തിലും സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഡെലിവറിയില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു സൂര്യയുടെ മടക്കം. മൂന്നാം മത്സരത്തില്‍ ആഷ്ടണ്‍ അഗറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിരുന്നു സൂര്യ മടങ്ങിയത്.
Content highlight: Former Pakistan captain Salman Butt says don’t drop Suryakumar Yadav from ODI