Sports News
'അങ്ങേരെ പോലെ വലുതായിരുന്നില്ല പ്രകടനം', സേവാഗിന്റെ മികച്ച മധ്യനിര ബാറ്റര്‍ പരാമര്‍ശനത്തിന് പിന്നാലെ ഇന്‍സിയെ കുറിച്ച് കോഴക്കേസില്‍ പെട്ട ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jun 05, 06:23 am
Monday, 5th June 2023, 11:53 am

ഇപ്പോഴത്തെ ഫിറ്റ്‌നെസ് സ്റ്റാന്‍ഡേര്‍ഡിന്റെ 50 ശതമാനമെങ്കിലും പണ്ട് ഉണ്ടായിരുന്നെങ്കില്‍ ഇന്‍സമാം ഉള്‍ ഹഖിന് 70 അന്താരാഷ്ട്ര സെഞ്ച്വറി നേടാന്‍ സാധിക്കുമായിരുന്നു എന്ന് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. പാകിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് അദ്ദേഹമെന്നും ഇന്‍സമാമിന് ക്രീസില്‍ നിന്ന് കളിക്കാന്‍ ഒരുപാട് സമയം ലഭിച്ചിരുന്നുവെന്നും ബട്ട് പറഞ്ഞു.

വിരേന്ദര്‍ സേവാഗിന്റെ മികച്ച മധ്യനിര ബാറ്റര്‍ പരാമര്‍ശനത്തിന് പിന്നാലെയാണ് ബട്ട് രംഗത്തെത്തിയത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ബട്ട് ഇക്കാര്യം പറയുന്നത്.

 

‘ഒരു സംശയവും വേണ്ട, പാകിസ്ഥാന് വേണ്ടി ക്രിക്കറ്റ് കളിച്ചവരില്‍ ഏറ്റവും മികച്ച താരമായിരുന്നു ഇന്‍സി ഭായ്. ഷോട്ട് കളിക്കാനായി അദ്ദേഹത്തിന് ഒരുപാട് സമയം ലഭിച്ചിരുന്നു.

ബൗളര്‍മാരെയെല്ലാം വളരെ അനായാസമായാണ് അദ്ദേഹം നേരിട്ടിരുന്നത്. പന്ത് എവിടെ പിച്ച് ചെയ്യും എങ്ങോട്ട് പോകും എന്നെല്ലാമുള്ളതിനെ കുറിച്ച് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. മുമ്പിലുള്ള പേസ് ബൗളര്‍ ആര് എന്നതൊന്നും അദ്ദേഹത്തിന് ഒരു വിഷയമായിരുന്നില്ല.

ഇന്നുള്ള ഫിറ്റ്‌നെസ് സ്റ്റാന്‍ഡേര്‍ഡിന്റെ 50 ശതമാനമെങ്കിലും ഇന്‍സി ഭായിക്ക് ഉണ്ടായിരുന്നുവെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ അറുപതോ എഴുപതോ സെഞ്ച്വറി എളുപ്പം നേടിയേനേ. അദ്ദേഹത്തെ പോലെ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ അത്രകണ്ട് വലുതായിരുന്നില്ല. അങ്ങനെയെങ്കില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പോലും സമ്മതിച്ചേനേ,’ എന്നാണ് ബട്ട് പറഞ്ഞത്.

കഴിഞ്ഞ ദിവസമായിരുന്നു വിരേന്ദര്‍ സേവാഗ് ഇന്‍സമാം ഉള്‍ ഹഖിനെ പുകഴ്ത്തിയത്. ഏഷ്യയിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റര്‍ എന്നായിരുന്നു സേവാഗ് ഇന്‍സമാമിനെകുറിച്ച് പറഞ്ഞത്.

 

‘എല്ലാവരും എപ്പോഴും സച്ചിനെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ഇന്‍സമാം ഉള്‍ ഹഖ് ആണ് ഏഷ്യയിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റര്‍. നോക്കൂ, സച്ചിന്‍ ബാറ്റര്‍മാരുടെ കൂട്ടത്തില്‍ നിന്നും എത്രയോ മുകളിലാണ്, അതുകൊണ്ട് അദ്ദേഹത്തെ ആ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ല.

പക്ഷേ, ഏറ്റവും മികച്ച മിഡില്‍ ഓര്‍ഡര്‍ ബാറ്ററുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍ ഇവിടെയൊന്നും അദ്ദേഹത്തെ പോല (ഇന്‍സമാം ഉള്‍ ഹഖ്) മികച്ച ഒരു താരത്തെ ഞാനിതുവരെ കണ്ടിട്ടില്ല,’ ബ്രേക്ക്ഫാസ്റ്റ് വിത്ത് എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സേവാഗ് പറഞ്ഞു.

‘2003-2004 കാലഘട്ടത്തില്‍ ഒരു ഓവറില്‍ എട്ട് റണ്‍സ് നേടുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിക്കുമായിരുന്നു. പേടിക്കേണ്ട നമ്മളത് എളുപ്പം നേടുമെന്നായിരുന്നു അദ്ദേഹം തന്റെ പാര്‍ട്ണറോട് പറയാറുള്ളത്.

 

അതായത് പത്ത് ഓവറില്‍ 80 റണ്‍സ്. ഇതെല്ലാം കാണുമ്പോള്‍ എതിര്‍ ടീമുകള്‍ പരിഭ്രാന്തരാവുമായിരുന്നു. പക്ഷേ അദ്ദേഹം എപ്പോഴും ആത്മവിശ്വാസത്തിലായിരുന്നു,’ സേവാഗ് കൂട്ടിച്ചേര്‍ത്തു.

 

 

Content highlight: Former Pakistan captain Salman Butt about Inzamam Ul Haq