ടി-20 ഫോര്‍മാറ്റില്‍ ഫോമിലേക്ക് മടങ്ങിയെത്തുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഏകദിനത്തിലും ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു.
ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലാണ് വിരാട് തന്റെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കും വിധം മടങ്ങിയെത്തിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ടെങ്കിലും അതിന്റെ എല്ലാ കളങ്കവും തീര്‍ത്തുകൊണ്ടായിരുന്നു താരം മൂന്നാം മത്സരത്തില്‍ നൂറടിച്ചത്.
ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ നേടിയ സെഞ്ച്വറി നേട്ടത്തിലൂടെ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിനെ മറികടക്കാനും വിരാട് കോഹ്‌ലിക്കായി. ഇപ്പോള്‍ 72 അന്താരാഷ്ട്ര സെഞ്ച്വറികളുള്ള വിരാട് സെഞ്ച്വറികളുടെ എണ്ണത്തില്‍ സച്ചിന് പിറകില്‍ രണ്ടാം സ്ഥാനക്കാരനായിട്ടാണ് നിലകൊള്ളുന്നത്.
എന്നാല്‍ വിരാട് കോഹ്‌ലി നൂറോ ഇരുന്നൂറോ സെഞ്ച്വറി നേടുന്നത് ഇന്ത്യയെ സംബന്ധിച്ച് ഒന്നുമല്ലെന്നും ടീമിന് ഐ.സി.സി ട്രോഫികളാണ് വേണ്ടതെന്നും പറയുകയാണ് മുന്‍ പാക് നായകന്‍ റാഷിദ് ലത്തീഫ്.
‘ഐ.സി.സി ട്രോഫികള്‍ ആവശ്യമുള്ളതിനാല്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ ഒരു കാര്യവുമില്ല. ഇന്ത്യന്‍ ടീം ഒരു ഐ.സി.സി ട്രോഫി നേടിയിട്ട് നാളുകളേറെയായിരിക്കുന്നു.
വിരാട് നൂറോ ഇരുന്നൂറോ സെഞ്ച്വറികള്‍ നേടിക്കൊള്ളട്ടെ, എന്നാല്‍ ടീമിനെയും ആരാധകരെയും സംബന്ധിച്ച് ട്രോഫികളാണ് പ്രധാനം. ആരാധകരും മീഡിയയും ട്രോഫികള്‍ക്കായി താരങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്,’ ലത്തീഫ് പറഞ്ഞു.
വിരാട് നേടുന്ന റെക്കോഡുകള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ടെന്നും എന്നാല്‍ അതിനേക്കാള്‍ പ്രധാന്യം ഐ.സി.സി കിരീടങ്ങള്‍ നേടുക എന്നതാണെന്നും റാഷിദ് ലത്തീഫ് പറയുന്നു.
‘രണ്ട് ഫിഫ്റ്റി ഓവര്‍ ലോകകപ്പുകള്‍, കഴിഞ്ഞ രണ്ട് ടി-20 ലോകകപ്പുകള്‍, ഏഷ്യാ കപ്പ് ചാമ്പ്യന്‍സ് ട്രോഫി എല്ലാം പോയി. നൂറ് സെഞ്ച്വറി എന്ന നേട്ടത്തിന് അതിന്റെതായ സ്ഥാനമുണ്ട്. എന്നാല്‍ ടീം ഒരു കിരീടം നേടണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയുടെ ബംഗ്ലേദശ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയാണ് വിരാടിന് മുമ്പിലുള്ളത്. നേരത്തെ നടന്ന ഏകദിന പരമ്പര നഷ്ടപ്പെടുത്തിയതിനാലും ലോക ടെസ്റ്റ് ചാമ്പ്ന്‍ഷിപ്പില്‍ തങ്ങളുടെ സാധ്യത സജീവമാക്കാനും രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് സ്വന്തമാക്കിയേ മതിയാകൂ.
Covering all bases, #TeamIndia trained in Chattogram ahead of our 1st Test against Bangladesh.