പാകിസ്ഥാന്‍ ഒന്നാം നമ്പര്‍ ടീമായത് വമ്പന്‍മാരുടെ കുഞ്ഞന്‍മാരെ തോല്‍പിച്ചിട്ട്, അതൊന്നും മറക്കരുത്: മുന്‍ നായകന്‍
Sports News
പാകിസ്ഥാന്‍ ഒന്നാം നമ്പര്‍ ടീമായത് വമ്പന്‍മാരുടെ കുഞ്ഞന്‍മാരെ തോല്‍പിച്ചിട്ട്, അതൊന്നും മറക്കരുത്: മുന്‍ നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th October 2023, 7:46 pm

ഈ വര്‍ഷമാദ്യം ഐ.സി.സി റാങ്കിങ്ങില്‍ പാകിസ്ഥാന്‍ ഒന്നാം നമ്പര്‍ ഏകദിന ടീമായി മാറിയിരുന്നു. പാകിസ്ഥാന്റെ ഈ നേട്ടത്തിന് പിന്നില്‍ കുഞ്ഞന്‍ ടീമുകളോട് നേടിയ ജയമാണെന്ന് പറയുകയാണ് പാക് സൂപ്പര്‍ താരവും മുന്‍ നായകനുമായ മിസ്ബ ഉള്‍ ഹഖ്.

എ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പാകിസ്ഥാന്റെ ഒന്നാം നമ്പര്‍ റാങ്കിങ്ങിനെ കുറിച്ച് മിസ്ബ സംസാരിച്ചത്.

‘ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും പാകിസ്ഥാനില്‍ പര്യടനം നടത്തിയിരുന്നു. അവരന്ന് മികച്ച ടീം തന്നെയായിരുന്നു. എന്നാല്‍ അവരുടെ സി ടീമും ഡി ടീമുമെല്ലാമാണ് ഇവിടെ കളിക്കാനെത്തിയത്. അവര്‍ക്ക് മേലുള്ള വിജയത്തിന് പിന്നാലെ നമ്മുടെ (പാകിസ്ഥാന്റെ) റേറ്റിങ് ഉയര്‍ന്നു.

 

 

വെസ്റ്റ് ഇന്‍ഡീസും മറ്റ് ടീമുകളും വന്നപ്പോഴും അവസ്ഥ ഇതുതന്നെയായിരുന്നു. നമ്മള്‍ അവര്‍ക്കെതിരെയും വിജയിച്ചു. ഒന്നാമതെത്തിയതില്‍ ഞങ്ങള്‍ ഏറെ സന്തോഷിച്ചിരുന്നു, എന്നാല്‍ ശരിക്കും സംഭവിച്ചതെന്തെന്ന് മറക്കാന്‍ പാടില്ലായിരുന്നു.

ഓസീസിന്റെ സി ടീം നമ്മളെ ഒരു മത്സരത്തില്‍ തോല്‍പിച്ചു. ന്യൂസിലാന്‍ഡിന്റെ പ്രധാന താരങ്ങളെല്ലാം തന്നെ ഐ.പി.എല്‍ കളിക്കുന്നതിനാല്‍ അവരുടെ ഡി ടീമാണ് ഇവിടെ പര്യടനത്തിനെത്തിയത്.

നമ്മുടെ മെയ്ന്‍ ടീം തന്നെയാണ് പാകിസ്ഥാനായി കളത്തിലിറങ്ങിയത്. എന്നാല്‍ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ നമ്മളെ വിറപ്പിച്ചിരുന്നു. റേറ്റിങ്ങിലൊന്നും കാര്യമില്ല,’ മിസ്ബ പറഞ്ഞു.

ഈ വര്‍ഷം മെയ് മാസത്തില്‍ കറാച്ചിയില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ 102 റണ്‍സിന് പരാജയപ്പെടുത്തിയതോടെയാണ് പാകിസ്ഥാന്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. എന്നാല്‍ ഈ റാങ്കിങ്ങിനെ പൊള്ളയായത് എന്നായിരുന്നു മിസ്ബ വിശേഷിപ്പിച്ചത്.

ഇത്തരത്തില്‍ ചെറിയ ടീമുകളെ നേരിട്ടുകൊണ്ട് റാങ്കിങ്ങില്‍ ഒന്നാമതെത്തിയ നേട്ടത്തെയും അദ്ദേഹം ചര്‍ച്ചയില്‍ ചോദ്യം ചെയ്തിരുന്നു.

അതേസമയം, ഏകദിന റാങ്കിങ്ങില്‍ ഇന്ത്യക്ക് പുറകില്‍ രണ്ടാം സ്ഥാനത്താണ് പാകിസ്ഥാന്‍. 115 റേറ്റിങ്ങും 3,102 പോയിന്റുമാണ് പാകിസ്ഥാനുള്ളത്. പാകിസ്ഥാനേക്കാള്‍ ഒരു റേറ്റിങ് അധികം നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 44 മത്സരത്തില്‍ നിന്നും 5,085 പോയിന്റാണ് ഇന്ത്യക്കുള്ളത്.

ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ് ആദ്യ അഞ്ച് റാങ്കിങ്ങിലെ മറ്റ് ടീമുകള്‍.

 

Content highlight: Former Pakistan captain Misbah Ul Haq about Pakistan’s ICC ranking