ഏഷ്യാ കപ്പ് ഫൈനലിലെ മോശം പ്രകടനത്തിന് പിന്നാലെ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും (പി.സി.ബി) രൂക്ഷമായി വിമര്‍ശിച്ച് പാക് ഇതിഹാസ താരം ജാവേദ് മിയാന്‍ദാദ്. തന്നെ പോലുള്ള ഇതിഹാസ താരങ്ങളെ ടീമിന്റെ ഉപദേഷ്ടാവായോ കോച്ചായോ കൊണ്ടുവരാത്തതിലുള്ള അമര്‍ഷവും അദ്ദേഹം വ്യക്തമാക്കി.
തന്നെപോലുള്ള താരങ്ങളെ അവഗണിക്കുന്ന നിലപാടാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ചെയര്‍മാന്‍ റമീസ് രാജയും സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘എന്നെപ്പോലുള്ള താരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇവിടെ വെറുതെ ഇരിക്കുകയാണ്. വ്യക്തിപരമായി എനിക്കൊന്നും വേണ്ട. ഞാന്‍ പറയുന്നത് എന്നെ പോലുള്ള ആളുകളെ ഉപയോഗിക്കാനാണ്.
നിങ്ങള്‍ക്കിവിടെ ഒരുപാട് ആളുകളുണ്ട്. ഞങ്ങള്‍ക്ക് പൈസയൊന്നും ആവശ്യമില്ല. എനിക്കുറപ്പാണ് എന്റെ സാന്നിധ്യം കാരണം താരങ്ങള്‍ക്ക് നല്ലത് മാത്രമേ ഉണ്ടാവുകയുള്ളൂ.
ഞാനൊക്കെ ഒരുപാട് എക്‌സ്പീരിയന്‍സുള്ള താരമാണ്. അവര്‍ തോറ്റ രീതി എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്,’ മിയാന്‍ദാദ് പറയുന്നു.
ക്രിക്കറ്റ് പാകിസ്ഥാനുമായി ഏഷ്യാ കപ്പിലെ തോല്‍വി ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു മിയാന്‍ദാദ് ഇക്കാര്യം പറഞ്ഞത്.
‘ഇത് വളരെ മോശമാണ്. നിങ്ങള്‍ക്കിവിടെ ഒരുപാട് ആളുകളുണ്ട്. ഇതാണോ നിങ്ങളുടെ രാജ്യസ്‌നേഹം? എന്ത് പാകിസ്ഥാനെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാ കപ്പിന്റെ സമയത്ത് താന്‍ ടീമിനൊപ്പമുണ്ടായിരുന്നെങ്കില്‍ വിലപ്പെട്ട പല ഉപദേശങ്ങളും അവര്‍ക്ക് നല്‍കാന്‍ സാധിക്കുമായിരുന്നു എന്നും അദ്ദേഹം പറയുന്നു.
‘ ഞാന്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ വിക്കറ്റ് കളയാതെ കളിക്കാനും ആവശ്യമായ സമയത്ത് മാത്രം ആക്രമിച്ച് കളിക്കാനും ഉപദേശിക്കുമായിരുന്നു. കാരണം എനിക്ക് എക്‌സ്പീരിയന്‍സുണ്ട്.
ഈ പിള്ളേര്‍ക്ക് എന്തറിയാം? അവര്‍ ചെന്നപാടെ അടിച്ചുകളിക്കാന്‍ തുടങ്ങുകയാണ്. ഏത് ബൗളറെ ആക്രമിച്ച് കളിക്കണം, എപ്പോഴെല്ലാം വിക്കറ്റ് കളയാതെ കളിക്കണം എന്നൊന്നും ഇവര്‍ക്കറിയില്ല,’ മിയാന്‍ദാദ് പറയുന്നു.
പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ മോശം പ്രകടനത്തെയും ഇദ്ദേഹം വിമര്‍ശിച്ചു.
ഏഷ്യാ കപ്പിലെ ആറ് മത്സരത്തില്‍ നിന്നും 68 റണ്‍സ് മാത്രമാണ് ബാബറിന് നേടാന്‍ സാധിച്ചിരുന്നത്.
അതേസമയം, വരാനിരിക്കുന്ന ടി-20 ലോകകപ്പ് ലക്ഷ്യമാക്കിയുള്ള മുന്നൊരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡനെ മെന്ററാക്കിക്കൊണ്ട് ഓസീസിലെ സാഹചര്യങ്ങള്‍ മുതലെടുക്കനാവും പാകിസ്ഥാന്‍ ശ്രമിക്കുന്നത്.