| Monday, 27th March 2023, 10:52 pm

കോഹ്‌ലി അത് ചെയ്തിരുന്നുവെങ്കില്‍ എന്റെ വീട് വരെ അടിച്ച് തകര്‍ത്തേനേ; വിരാടിനെ കുറിച്ചുള്ള ഭയം ഓര്‍ത്തെടുത്ത് മുന്‍ പാക് നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ചെയ്‌സ് മാസ്റ്റര്‍ എന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വിളിപ്പേര്. എതിരാളികള്‍ ഉയര്‍ത്തിയ വിജയലക്ഷ്യം ചെയ്‌സ് ചെയ്ത് വിജയിക്കുന്നതില്‍ വിരാടിന്റെ പ്രാവീണ്യം ഏറെ പ്രസിദ്ധമാണ്. ഏകദിനത്തില്‍ വിരാട് നേടിയ 45 സെഞ്ച്വറിയില്‍ 21ഉം പിറന്നത് ചെയ്‌സിങ്ങിനിടെയാണ്, ഇതൊരു ഇന്ത്യന്‍ റെക്കോഡ് കൂടിയാണ്.

ഓസ്‌ട്രേലിയയോ ശ്രീലങ്കയോ സൗത്ത് ആഫ്രിക്കയോ വെസ്റ്റ് ഇന്‍ഡീസോ എതിരാളികള്‍ ആരാണെങ്കിലും ചെയ്‌സിങ്ങില്‍ വിരാടിനോട് മുട്ടിനില്‍ക്കാന്‍ സാധിക്കില്ല. പാകിസ്ഥാനെതിരെ ചെയ്‌സ് ചെയ്യുമ്പോള്‍ വിരാട് ബീസ്റ്റ് മോഡിലേക്ക് ഗിയര്‍ മാറ്റാറുണ്ട്. 2012ലെ ഏഷ്യാ കപ്പും 2016ലെ ടി-20 ലോകകപ്പും കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന ടി-20 ലോകകപ്പും ഉദാഹരണങ്ങള്‍ മാത്രം.

എന്നാല്‍ ഒരിക്കല്‍ പാകിസ്ഥാനെതിരെ ചെയ്‌സിങ്ങില്‍ വിരാട് വീണുപോയിരുന്നു, അതിന് ഇന്ത്യ കൊടുക്കേണ്ടി വന്ന വിലയാകട്ടെ 2017ലെ ചാമ്പ്യന്‍സ് ട്രോഫിയും.

ഫൈനലില്‍ വിരാട് കോഹ്‌ലിയടക്കമുള്ള ഇന്ത്യയുടെ പേരുകേട്ട ടോപ് ഓര്‍ഡര്‍ മുഹമ്മദ് ആമിറിന് മുമ്പില്‍ വീണപ്പോള്‍ ഇന്ത്യ പരാജയം രുചിച്ചു.

മത്സരത്തില്‍ വിരാടിന് ഒരിക്കല്‍ ലൈഫ് ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. മുന്‍ പാക് നായകന്‍ അസര്‍ അലി ക്യാച്ച് മിസ് ചെയ്‌തെങ്കിലും തൊട്ടടുത്ത പന്തില്‍ വിരാട് പുറത്താവുകയായിരുന്നു.

താന്‍ മിസ് ചെയ്ത ക്യാച്ചിന്റെ അഡ്വാന്റേജ് മുതലെടുത്ത് വിരാട് ചെയ്‌സ് ചെയ്ത് ഇന്ത്യയെ വിജയിപ്പിച്ചാല്‍ പാകിസ്ഥാന്‍ ജനത തന്നേ വെച്ചേക്കുമായിരുന്നില്ല എന്ന് പറയുകയാണ് അസര്‍ അലി. ഹസ്‌നാ മനാ ഹൈ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഞാനത് ശരിക്കും എന്റെ മുമ്പില്‍ കണ്ടിരുന്നു. ഒരു ഡ്രോപ് ക്യാച്ചിനും വിരാടിന്റെ ഡിസ്മിസ്സലിനുമിടയില്‍ നിരവധി കാര്യങ്ങള്‍ എന്റെ കണ്ണിന് മുമ്പിലൂടെ മിന്നി മറഞ്ഞു. ഞാന്‍ സമ്മര്‍ദ്ദത്തിലാകുന്നത് പോലെ എനിക്ക് തോന്നി.

ഈ ലോകമൊന്നാകെ എന്നെ നോക്കുകയും നീയിപ്പോള്‍ എന്താണ് ചെയ്തത് എന്ന് ബോധ്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്യുന്നത് പോലെയായിരുന്നു എനിക്ക് തോന്നിയത്.

അതായിരുന്നു അപ്പോഴുള്ള എന്റെ അവസ്ഥ. വിരാട് എപ്പോഴും മികച്ചതായി ചെയ്യുന്നതെന്തോ അതില്‍ നിന്നും അവനെ വിലക്കണമേ എന്നാണ് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത്. അവന്‍ ചെയ്‌സിങ്ങില്‍ മികച്ച രീതിയില്‍ റണ്‍സ് നേടിയിരുന്നെങ്കില്‍, എന്റെ വീട് പോലും അവര്‍ തകര്‍ത്തുകളഞ്ഞേനെ.

എന്നാല്‍, ഭാഗ്യവശാല്‍ ഞാന്‍ ഈ കാര്യങ്ങളെ കുറിച്ചെല്ലാം ചിന്തിക്കുന്നതിനിടെ അടുത്ത പന്തില്‍ വിരാട് പുറത്തായി,’ അസര്‍ അലി പറഞ്ഞു.

ഫൈനലില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 339 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 158 റണ്‍സിന് പുറത്താവുകയായിരുന്നു. 180 റണ്‍സിന്റെ വമ്പന്‍ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ആമിറിനെയാണ് ഫൈനലിലെ താരമായി തെരഞ്ഞെടുത്തത്.

Content Highlight: Former Pakistan captain Azar Ali about Virat Kohli

We use cookies to give you the best possible experience. Learn more