ന്യൂസിലാന്‍ഡ് സീരിസിലെ ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിക്കുന്നത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ലോകകപ്പിന് ശേഷം രോഹിത് ശര്‍മ ബ്രേക്ക് എടുത്തതിന് പിന്നാലെയാണ് ഹര്‍ദിക് പാണ്ഡ്യ പരമ്പരയില്‍ ടീമിനെ നയിക്കാനെത്തിയത്.
നേരത്തെയും ചില മത്സരങ്ങളില്‍ ഹര്‍ദിക് പാണ്ഡ്യ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തിട്ടുണ്ട്. ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ജേതാക്കളാക്കിയ നേട്ടവും ഹര്‍ദിക്കിന്റെ പേരിലുണ്ട്.
ടി-20 ഫോര്‍മാറ്റില്‍ രോഹിത് ശര്‍മക്ക് ശേഷം ക്യാപ്റ്റനാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നതും ഹര്‍ദിക്കിന് തന്നെയാണ്. ടി-20 ലോകകപ്പില്‍ നിരാശപ്പെടുത്തിയ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവും ചില കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
നിരവധി മുന്‍ താരങ്ങളും ക്രിക്കറ്റ് അനലിസ്റ്റുകളുമൊക്കെ പല തവണ ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ആരാധകരും സമാനമായ ആവശ്യം സോഷ്യല്‍ മീഡിയ വഴി ഉന്നയിച്ചിട്ടുമുണ്ട്.
എന്നാല്‍ പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ഭട്ട് തികച്ചും വ്യത്യസ്തമായ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. ഇതുവരെയുള്ള ഹര്‍ദിക് പാണ്ഡ്യയുടെ പെര്‍ഫോമന്‍സില്‍ നിന്നും ഒരു നായകന് വേണ്ട ഗുണങ്ങളൊന്നും താരത്തില്‍ കണ്ടിട്ടില്ലെന്നാണ് സല്‍മാന്‍ ഭട്ട് പറയുന്നത്.
ടി-20 ലോകകപ്പില്‍ ജയിക്കാനായില്ല എന്നതുകൊണ്ട് മാത്രം രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കരുത് എന്നും സല്‍മാന്‍ ഭട്ട് തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.
‘ഹര്‍ദിക് പാണ്ഡ്യയെയൊക്കെ ആരാണ് ക്യാപ്റ്റനായി കാണുന്നതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ആരെങ്കിലും ഇങ്ങനെയുള്ള നടക്കാത്ത സ്വപ്‌നങ്ങള്‍ കാണുമോ. അവന് കഴിവൊക്കെയുണ്ട്. ഐ.പി.എല്ലില്‍ ടീമിനെ വിജയകിരീടം ചൂടിക്കാനുമായിട്ടുണ്ട്.
പക്ഷെ അങ്ങനെ നോക്കിയാല്‍ രോഹിത് ശര്‍മ ഐ.പി.എല്ലില്‍ അഞ്ചോ ആറോ തവണ വിജയിച്ചിട്ടില്ലേ. ടി-20 ലോകകപ്പിലെ കുറച്ച് മാച്ചുകളില്‍ നല്ല റണ്‍സ് നേടിയിരുന്നെങ്കില്‍ രോഹിത്തിനെ മാറ്റണമെന്ന ചര്‍ച്ച പോലും ഇവിടെ വരില്ലായിരുന്നു.
ഏഷ്യയില്‍ മൊത്തത്തില്‍ ഇങ്ങനെയൊരു ട്രെന്റ് ഉണ്ട്. വലിയ മാറ്റങ്ങളൊക്കെ വേണമെന്ന് പെട്ടെന്ന് ആളുകള്‍ അങ്ങ് പറഞ്ഞ് കളയും. എല്ലാവരുമല്ല, കുറച്ച് പേര്‍. അതായത് ഇതിനെ പറ്റി പ്രത്യേകിച്ച് വിവരമൊന്നുമില്ലാത്ത കുറച്ചാളുകള്‍. ചുമ്മാ എന്തെങ്കിലും പറയണ്ടേയെന്ന് വെച്ച് പറയുന്നവരാകും ഇതില്‍ ഭൂരിഭാഗവും.
ആകെ ഒരു ക്യാപ്റ്റനല്ലേ ലോകകപ്പില്‍ കപ്പടിക്കാന്‍ കഴിയൂ. ബാക്കി ടീമുകളൊക്കെ പരാജയപ്പെടും. എന്നു വെച്ച് 12 ടീമുകളിലെ ബാക്കി 11 ക്യാപ്റ്റന്മാരെയും മാറ്റണമെന്ന് പറയാന്‍ കഴിയില്ലല്ലോ,’ സല്‍മാന്‍ ഭട്ട് പറഞ്ഞു.
അതേസമയം ശിഖര്‍ ധവാനാണ് ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. കഴിഞ്ഞ ദിവസം നടക്കാനിരുന്ന ആദ്യ ടി-20 മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
Content Highlight: Former Pakistan Captain against Hardik Pandya over his captaincy