ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ പതറുകയാണ്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യ പാടുപെടുന്ന അവസ്ഥയാണ് ഓവലിലുള്ളത്. ടീം സ്‌കോര്‍ 152ല്‍ നില്‍ക്കവെ ആറാം വിക്കറ്റും നഷ്ടപ്പെട്ടാണ് ഇന്ത്യ കങ്കാരുക്കളുടെ ബൗളിങ് കരുത്തിന് മുമ്പില്‍ താളം കണ്ടെത്താന്‍ സാധിക്കാതെ ഉഴറുന്നത്.
വിക്കറ്റ് കീപ്പര്‍ കെ.എസ്. ഭരത്തിന്റെ വിക്കറ്റാണ് ഇന്ത്യക്ക് അവസാനമായി നഷ്ടമായത്. സ്‌കോട് ബോളണ്ടിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഭരത് പുറത്തായത്.
നേരത്തെ, രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും വിരാട് കോഹ്‌ലിയും താളം കണ്ടെത്താന്‍ സാധിക്കാതെ പുറത്തായിരുന്നു. യഥാക്രമം 15, 13, 14, 14 റണ്‍സാണ് ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ സ്വന്തമാക്കിയത്.
View this post on Instagram
View this post on Instagram
അതേസമയം, ഓസീസിനെതിരെ ബോള്‍ ടാംപറിങ് ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി. അദ്ദേഹത്തെ ഉദ്ധരിച്ച് പ്രമുഖ പാക് സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ ഫരീദ് ഖാനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്വിറ്ററിലൂടെയാണ് ഫരീദ് ഖാന്‍ ബാസിത്തിന്റ ആരോപണങ്ങളെ കുറിച്ച് പറയുന്നത്.
‘മുന്‍ പാക് താരം ബാസിത് അലി ഓസ്‌ട്രേലിയക്കെതിരെ പന്ത് ചുരണ്ടല്‍ ആരോപണം ഉന്നയിക്കുന്നു. മത്സരത്തിന്റെ 16, 17, 18 ഓവറുകളില്‍ ബോള്‍ ടാംപറിങ് നടന്നതായി വ്യക്തമാണെന്നും അദ്ദേഹം പറയുന്നു. ചേതേശ്വര്‍ പൂജാരയുടെയും വിരാട് കോഹ്‌ലിയുടെയും വിക്കറ്റുകള്‍ ബോള്‍ ടാംപറിങ് നടത്തി എന്നതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു,’ ഫരീദ് ഖാന്‍ ട്വീറ്റ് ചെയ്തു.
മത്സരത്തിന്റെ 14ാം ഓവറിലാണ് പൂജാര പുറത്താകുന്നത്. കാമറൂണ്‍ ഗ്രിനിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഇന്ത്യയുടെ വന്‍മതില്‍ കൂടാരം കയറിയത്.
ഇതിന് ശേഷം 18ാം ഓവറില്‍ അമ്പയര്‍മാര്‍ പന്ത് മാറ്റിയിരുന്നു. ഇതുവരെ ഉപയോഗിച്ച പന്തിന് ഔട്ട് ഓഫ് ഷെയ്പ് ആയി എന്ന് കാണിച്ചുകൊണ്ടാണ് അമ്പയര്‍ ന്യൂ ബോള്‍ ഇന്‍ട്രൊഡ്യൂസ് ചെയ്തത്. പുതിയ പന്തിലെ ആദ്യ ഓവറില്‍ തന്നെ വിരാടും പുറത്തായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ എക്‌സ്ട്രാ ബൗണ്‍സുണ്ടായിരുന്ന ഡെലിവെറിയില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കിയായിരുന്നു വിരാട് മടങ്ങിയത്.
എന്നാല്‍ ആരാധകര്‍ തന്നെ ബാസിത്തിനെതിരെ രംഗത്തെത്തിയിരുന്നു. കളി കണ്ടിട്ടാണോ ഇത്തരം വിലയിരുത്തല്‍ നടത്തുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഫരീദ് ഖാനെ പോലെ ഒരു ജേര്‍ണലിസ്റ്റ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആരാധകര്‍ പറയുന്നു.
അതേസമയം, 42 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 167 റണ്‍സിന് ആറ് എന്ന നിലയിലാണ്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 103 റണ്‍സ് കൂടി ഇന്ത്യ കൂട്ടിച്ചേര്‍ക്കണം. നിലവില്‍ 85 പന്തില്‍ നിന്നും 39 റണ്‍സുമായി അജിന്‍ക്യ രഹാനെയും 15 പന്തില്‍ നിന്നും എട്ട് റണ്‍സുമായി ഷര്‍ദുല്‍ താക്കൂറുമാണ് ക്രീസില്‍.
Content Highlight: Former Pakistan batter accuses ball tampering in India vs Australia WTC final