ആര്‍ക്കും അതൊന്നും ചിന്തിക്കാന്‍ പോലും പറ്റില്ല, എന്നാല്‍ വിരാടത് ചെയ്തു; കോഹ്‌ലി ബെസ്റ്റ് ആവാനുള്ള കാരണവുമായി പാക് സൂപ്പര്‍ താരം
Sports News
ആര്‍ക്കും അതൊന്നും ചിന്തിക്കാന്‍ പോലും പറ്റില്ല, എന്നാല്‍ വിരാടത് ചെയ്തു; കോഹ്‌ലി ബെസ്റ്റ് ആവാനുള്ള കാരണവുമായി പാക് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th January 2023, 7:37 pm

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി ഫോമിലേക്ക് മടങ്ങിയെത്തിയത് ആരാധകര്‍ക്ക് ചില്ലറയൊന്നുമല്ല ആശ്വാസം നല്‍കുന്നത്. 2022ന്റെ തുടക്കത്തില്‍ ഫോം ഔട്ടിന്റെ പേരില്‍ പഴി കേട്ടിരുന്ന വിരാട് വര്‍ഷത്തിന്റെ അവസാനത്തേക്ക് ടീമിന്റെ രക്ഷകനാവുന്ന കാഴ്ചയായിരുന്നു ലോകം കണ്ടത്.

ഏഷ്യാ കപ്പില്‍ ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ കരിയറിലെ ആദ്യ ടി-20 സെഞ്ച്വറി സ്വന്തമാക്കുകയും ചെയ്തിരുന്നു.

ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് പുറത്തെടുത്ത വിരാട് തോല്‍വിയില്‍ നിന്നും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. 2022ലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയ വിരാട് 2023ല്‍ തന്റെ ആദ്യ മത്സരത്തിലും സെഞ്ച്വറി നേടിയിരുന്നു.

ലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തിലായിരുന്നു വിരാട് കരിയറിലെ 73ാം സെഞ്ച്വറിയും ഏകദിനത്തിലെ 45ാം സെഞ്ച്വറിയും നേടിയത്. മത്സരത്തില്‍ വിരാടിനെ തന്നെയായിരുന്നു കളിയുടെ താരമായി തെരഞ്ഞെടുത്തതും.

ഇതിന് പിന്നാലെ വിരാടിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍.

‘ഇക്കാലത്ത് 45 അന്താരാഷ്ട്ര സെഞ്ച്വറി നേടുന്നത് പല താരങ്ങള്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കാത്തതാണ്. എന്നാല്‍ വിരാട് ഒറ്റ ഫോര്‍മാറ്റില്‍ നിന്ന് തന്നെ അത് നേടി. 73 അന്താരാഷ്ട്ര സെഞ്ച്വറികളാണ് വിരാടിന്റെ പേരിലുള്ളത്. അവന് അവസരങ്ങള്‍ ലഭിച്ചു, ആ അവസരങ്ങളെല്ലാം തന്നെ കൃത്യമായി തന്നെ വിരാട് വിനിയോഗിച്ചു,’ അക്മല്‍ പറഞ്ഞു.

‘കഴിഞ്ഞ മൂന്ന് വര്‍ഷമായി റണ്‍വേട്ടക്കാരുടെ പട്ടികയിലൊന്നും തന്നെ അവനുണ്ടായിരുന്നില്ല, എന്നാല്‍ റണ്ണടിച്ചുകൂട്ടാനുള്ള ത്വരയെ അവന്‍ സ്വയം വീണ്ടെടുത്തു.

 

ഐ.സി.സി ടി-20 ലോകകപ്പിലും ഏഷ്യാ കപ്പിലും അവന്‍ ടോപ് പെര്‍ഫോര്‍മറായിരുന്നു. റണ്ണടിച്ചുകൂട്ടാനുള്ള അവന്റെ ശേഷി ഇനിയും വരണ്ടുപോയിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ ഒരു സ്‌പെഷ്യല്‍ പ്ലെയര്‍ ആണെന്നാണ് തെളിയിക്കുന്നത്,’ അക്മല്‍ കൂട്ടിച്ചേര്‍ത്തു.

വിരാടിന്റെ മികച്ച ഫോം തന്നെയാണ് ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നത്. ഒരുപക്ഷേ ഇത് വിരാടിന്റെ അവസാന ലോകകപ്പാവാനും സാധ്യതയുണ്ട്. ഇന്ത്യക്കായി രണ്ട് ലോകകപ്പ് നേടിക്കൊടുക്കുന്ന ആദ്യ താരം എന്ന സ്വപ്‌നനേട്ടവും ഇതിനൊപ്പം വിരാടിന് സ്വന്തമാക്കാന്‍ സാധിക്കും.

 

Content highlight: Former Pak superstar Kamran Akmal praises Virat Kohli