ടി-20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പിച്ചുകൊണ്ട് ഇംഗ്ലണ്ട് കിരീടം ചൂടിയിരുന്നു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് പാകിസ്ഥാനെ 137 റണ്‍സില്‍ എറിഞ്ഞൊതുക്കുകയും അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയുമായിരുന്നു.
ഫൈനല്‍ മത്സരത്തിലെ നിര്‍ണായക നിമിഷങ്ങളിലൊന്നായിരുന്നു പാകിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രിദി പരിക്കേറ്റ് കളം വിട്ടത്. ഫീല്‍ഡിങ്ങിനിടെയായിരുന്നു ഷഹീനിന് പരിക്കേറ്റത്. പരിക്കേറ്റതിന് പിന്നാലെ തന്റെ ക്വാട്ട പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ അഫ്രിദി കളം വിട്ടിരുന്നു.
ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിന്റെ ക്യാച്ചെടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതിന് ശേഷം തന്റെ മൂന്നാം ഓവറും ഇംഗ്ലണ്ട് ഇന്നിങ്സിലെ 16ാം ഓവറും എറിയാനെത്തിയ അഫ്രിദിക്ക് ഒറ്റ പന്ത് മാത്രമാണ് എറിയാന്‍ സാധിച്ചത്. ഓവറിലെ മറ്റ് അഞ്ച് പന്തുകളും ഇഫ്തിഖര്‍ അഹമ്മദാണ് എറിഞ്ഞു തീര്‍ത്തത്.
ഇഫ്തിഖറിന്റെ അഞ്ച് പന്തില്‍ നിന്നും 13 റണ്‍സ് നേടിയ ഇംഗ്ലണ്ട് ആ മൊമെന്റം പിന്തുടരുകയും വിജയിക്കുകയുമായിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ പരിക്കിനെ കുറിച്ചും ലോകകപ്പ് ഫൈനല്‍ മത്സരത്തിലെ പരാജയത്തെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരം ഷോയിബ് അക്തര്‍.
കളിക്കിടെ ടീമിലെ പ്രധാന ബൗളര്‍ പരിക്കേറ്റ് മടങ്ങിയത് പാകിസ്ഥാന് തിരിച്ചടിയായെന്നാണ് അക്തര്‍ പറഞ്ഞത്.
സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അക്തര്‍ ഇക്കാര്യം പറഞ്ഞത്.
‘നിങ്ങളുടെ പ്രധാന ബൗളര്‍ക്ക് പരിക്കേല്‍ക്കുകയോ കളിക്കാനാവാത്ത സാഹചര്യം വരികയോ ചെയ്താല്‍ അത് ടീമിന് കുഴപ്പങ്ങളുണ്ടാക്കും. ഷഹീന്‍ പൂര്‍ണമായും ഫിറ്റല്ല എന്ന കാര്യം ശരി തന്നെയാണ്. കഴിഞ്ഞ രണ്ട് – മൂന്ന് മത്സരങ്ങളില്‍ അവന്‍ മികച്ച രീതിയില്‍ തന്നെയാണ് പന്തെറിഞ്ഞത്. എന്നുകരുതി തോല്‍വിയുടെ എല്ലാ ഭാരവും അവന്റെ ചുമലില്‍ വെക്കാന്‍ സാധിക്കില്ല,’ അക്തര്‍ പറയുന്നു.
‘പക്ഷേ ഇത് ലോകകപ്പിന്റെ ഫൈനല്‍ മത്സരമാണ്. നിങ്ങളുടെ കാലൊടിഞ്ഞാല്‍ പോലും, എന്ത് തന്നെ സംഭവിച്ചാലും മുന്നോട്ട് തന്നെ കുതിക്കണമായിരുന്നു. എന്നാല്‍ ഭാഗ്യം നമുക്കൊപ്പം ആയിരുന്നില്ല,’ അക്തര്‍ പറയുന്നു.
എന്നാല്‍ അഫ്രിദിക്ക് പരിക്കേറ്റിരുന്നില്ലെങ്കിലും ഇംഗ്ലണ്ടിനെ തോല്‍പിക്കാന്‍ പാകിസ്ഥാന് സാധിക്കില്ലെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയുടെ വേള്‍ഡ് കപ്പ് ഹീറോയുമായ ഗവാസ്‌കര്‍ പറഞ്ഞത്.
‘പാകിസ്ഥാന്‍ ജയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അവര്‍ക്ക് അത്രത്തോളം റണ്‍സ് നേടാന്‍ സാധിച്ചിരുന്നില്ല. അവര്‍ക്ക് 15-20 റണ്‍സ് കുറവായിരുന്നു. പാകിസ്ഥാന്‍ 150-155 റണ്‍സ് നേടണമായിരുന്നു, അങ്ങനെയെങ്കില്‍ ബൗളര്‍മാരെ സഹായിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഇന്നിങ്സിനെ തന്നെ മാറ്റാന്‍ സാധിക്കുമായിരുന്നു.
ഷഹീന്‍ എറിയാതിരുന്ന ആ പത്ത് പന്തുകള്‍ കളിയില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം കൊണ്ടുവരും എന്നൊന്നും എനിക്ക് തോന്നുന്നില്ല. ചിലപ്പോള്‍ പാകിസ്ഥാന് ഒരു വിക്കറ്റ് കൂടി ലഭിച്ചേനേ. എന്നിരുന്നാലും ഇംഗ്ലണ്ട് തന്നെയാകും മത്സരത്തില്‍ ജയിക്കുക,’ എന്നായിരുന്നു ഗവാസ്‌കറിന്റെ അഭിപ്രായം.
Content Highlight: Former Pak super star Shoaib Akhtar about Shaheen Afridi’s injury