ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് പാക് സ്പീഡസ്റ്റര്‍ ഷോയിബ് അക്തര്‍. പാകിസ്ഥാന്റെ ഫാസ്റ്റ് ബൗള്‍ ഫാക്ടറിയില്‍ നിന്നും രാകിമിനുക്കിയെടുത്ത അക്തറിന്റെ ഫാസ്റ്റസ്റ്റ് ഡെലിവറിയുടെ റെക്കോഡ് മറികടക്കാന്‍ ഇന്നും ആര്‍ക്കുമായിട്ടില്ല.
ഇന്ത്യന്‍ സൂപ്പര്‍ താരം സച്ചിന്റെ ആര്‍ച്ച് റൈവലായിരുന്നു അക്തര്‍. കളിക്കളത്തിനുള്ളില്‍ കൊണ്ടും കൊടുത്തും പരസ്പര ബഹുമാനത്തോടെ അവര്‍ എന്നും മുന്നേറിയിരുന്നു.
1999ലെ ഏഷ്യന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഈ ലെജന്‍ഡറി റൈവല്‍റിക്ക് തുടക്കമായത്. കൊല്‍ക്കത്തെയിലെ ആഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ 46 റണ്‍സിന് വിജയിച്ചിരുന്നു.
മത്സരത്തില്‍ രാഹുല്‍ ദ്രാവിഡിനെ 24 റണ്‍സിന് പുറത്താക്കിയ അക്തര്‍ സച്ചിനെ ഗോള്‍ഡന്‍ ഡക്കാക്കിയായിരുന്നു പുറത്താക്കിയത്.
ആ ഇതിഹാസ ടെസ്റ്റിന് 23 വര്‍ഷത്തിന് ശേഷം മത്സരത്തിനിടയില്‍ നടന്ന ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് മുന്‍ പാക് താരം ഷോയിബ് മാലിക്.
മത്സരത്തിന്റെ രണ്ട് ദിവസം മുമ്പ് കൊല്‍ക്കത്തയിലെ ഒരു ഹോട്ടലില്‍ ഡിന്നര്‍ കഴിക്കാന്‍ പോയപ്പോഴുണ്ടായിരുന്ന അനുഭവമാണ് മാലിക് പറയുന്നത്.
‘ഷോയിബ് ഭായിയും ഷാഹിദ് ഭായിയും പുറത്ത് ഡിന്നര്‍ കഴിക്കാന്‍ പോയിരുന്നു. അപ്പോള്‍ കുറച്ച് കുട്ടികള്‍ വന്ന് ഷാഹിദ് ഭായിയോടും അസര്‍ മഹ്‌മൂദിനോടും ഓട്ടോഗ്രാഫ് വാങ്ങിച്ചു.
ഷോയിബ് ഭായിയെ കണ്ട അവര്‍ നിങ്ങളുടെ പേരെന്താണെന്നായിരുന്നു അദ്ദേഹത്തോട് ചോദിച്ചത്,’ എ സ്‌പോര്‍ട്‌സിലെ ഒരു പരിപാടിയില്‍ ഷോയിബ് മാലിക് പറഞ്ഞു.
‘ടെസ്റ്റ് മത്സരം രണ്ട് ദിവസത്തിന് ശേഷമായിരുന്നു. രണ്ട് ദിവസത്തിന് ശേഷം മാത്രമേ നിങ്ങള്‍ എന്റെ പേര് അറിയൂ എന്നായിരുന്നു അക്തര്‍ ഭായി അവരോട് പറഞ്ഞത്. ആ ടെസ്റ്റില്‍ സച്ചിനെ അദ്ദേഹം ഗോള്‍ഡന്‍ ഡക്കാക്കുകയും ചെയ്തു,’ മാലിക് കൂട്ടിച്ചേര്‍ത്തു.
മാലിക് ഇത് പറഞ്ഞുതീര്‍ന്നപ്പോഴേക്കും കയ്യടികളോടെയാണ് പരിപാടിയില്‍ ഒപ്പമുണ്ടായിരുന്ന വസീം അക്രം, വഖാര്‍ യൂനിസ്, മിസ്ബ ഉള്‍ ഹഖ് എന്നിവര്‍ അക്ടതറിന്റെ പ്രകടനത്തെ വരവേറ്റത്.
Content Highlight: Former Pak star Shoaib Malik recalled Shoaib Akhtar’s reply to kids who asks what’s his name was