| Sunday, 31st July 2022, 11:48 am

ഇന്ത്യയ്ക്കിത് എന്തുപറ്റി? മുമ്പ് പാകിസ്ഥാന്‍ കാണിച്ച അതേ തെറ്റ് ഇപ്പോള്‍ ഇന്ത്യയും ആവര്‍ത്തിക്കുന്നു; ടീമിന് മുന്നറിയിപ്പുമായി മുന്‍ പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ പാക് താരം റാഷിദ് ലത്തീഫ്.

മുമ്പ് പാകിസ്ഥാന്‍ കാണിച്ച അതേ തെറ്റ് തന്നെയാണ് ഇന്ത്യ ഇപ്പോല്‍ ആവര്‍ത്തിക്കുന്നതെന്നും ഇങ്ങനെ പോയാല്‍ അത് ടീമിന് വന്‍ തിരിച്ചടിയാവും ഉണ്ടാക്കുക എന്നും അദ്ദേഹം പറയുന്നു.

ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ വിവിധ ക്യാപ്റ്റന്‍മാരെ നിയമിക്കുന്നതാണ് റാഷിദ് ലത്തീഫ് ചൂണ്ടിക്കാട്ടുന്നത്. 1990കളില്‍ പാകിസ്ഥാനും ഇതേ രീതി അവലംബിച്ചിട്ടുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത് ടീമിനെ മോശമായാണ് ബാധിച്ചതെന്നും അദ്ദേഹം പറയുന്നു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

‘കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് ഏഴ് ക്യാപ്റ്റന്‍മാരെയാണ് ഇന്ത്യ നിയമിച്ചിട്ടുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് ആദ്യമായിട്ടാണ് ഞാന്‍ ഇങ്ങനെയൊന്ന് കാണുന്നത്.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, റിഷബ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യയെ നയിച്ചത്. പാകിസ്ഥാന്‍ 1990കളില്‍ ചെയ്ത അതേ തെറ്റ് തന്നെയാണ് ഇന്ത്യ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ടീമിലെ പോരായ്മകള്‍ മറികടക്കുന്നതിന് പകരം അവര്‍ ക്യാപ്റ്റന്‍മാരെ മാറ്റി പരീക്ഷണം നടത്തുകയാണെന്നും റാഷിദ് ലത്തീഫ് വിമര്‍ശിക്കുന്നു.

‘അവര്‍ക്ക് ഓപ്പണിങ്ങിലും മധ്യനിരയിലും പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അവര്‍ ക്യാപ്റ്റന്‍മാരെ മാത്രമാണ് ശ്രദ്ധിക്കുന്നത്. കെ.എല്‍. രാഹുല്‍ ഇപ്പോള്‍ അണ്‍ഫിറ്റാണ്. രോഹിത് മുമ്പ് അണ്‍ഫിറ്റായിരുന്നു. വിരാടാകട്ടെ മെന്റലി അണ്‍ഫിറ്റാണ്. അവര്‍ക്ക് സൗരവ് ഗാംഗുലിയെ പോലെയോ ധോണിയെ പോലെയോ വിരാടിനെ പോലെയോ ഒരു ക്യാപ്റ്റനെ ആണ് ആവശ്യം,’ അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യ സിംബാബ്‌വേ പര്യടനത്തിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് ശിഖര്‍ ധവാനാണ്.

രാഹുല്‍ ത്രിപാഠി, ദീപക് ചഹര്‍ എന്നിവര്‍ സ്‌ക്വാഡിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അയര്‍ലാന്‍ഡ് പര്യടനത്തില്‍ സ്‌ക്വാഡിലുണ്ടായിട്ടും കളിക്കാനാവാതെ പോയ രാഹുല്‍ ത്രിപാഠിയുടെ അരങ്ങേറ്റത്തിനും ഒരുപക്ഷേ ഈ പര്യടനം സാക്ഷിയായേക്കാം.

ഇന്ത്യ സ്‌ക്വാഡ്:

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍

Content Highlight: Former Pak star Rashid Latif criticize India for appointing so many captains for leading India

We use cookies to give you the best possible experience. Learn more