ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ അവസാന ടെസ്റ്റിലും തോറ്റ് പാകിസ്ഥാന്‍. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഒറ്റ മത്സരത്തില്‍ പോലും ജയിക്കാതെയാണ് പാകിസ്ഥാന്‍ പരമ്പര അടിയറ വെച്ചിരിക്കുന്നത്.
2022ല്‍ പാകിസ്ഥാന് സ്വന്തം മണ്ണില്‍ ഒറ്റ മത്സരം പോലും ജയിക്കാന്‍ സാധിച്ചിട്ടില്ല. പാകിസ്ഥാന്റെ ഈ മോശം പ്രകടനത്തിന് കാരണമായി എല്ലാവരും ചൂണ്ടിക്കാട്ടുന്നത് പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ തന്നെയാണ്. ബാബറിന്റെ മോശം ക്യാപ്റ്റന്‍സിയാണ് ടീമിന് തിരിച്ചടിയായിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.
ഇതിന് പിന്നാലെ ബാബര്‍ അസമിനെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരമായ ഡാനിഷ് കനേരിയ.
വിരാടുമായി ചേര്‍ത്തുവെക്കാന്‍ ബാബറിന് ഒരു യോഗ്യതയുമില്ലെന്നും ബാബര്‍ വെറും വട്ടപ്പൂജ്യമാണെന്നും കനേരിയ പറയുന്നു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് കനേരിയ ഇക്കാര്യം പറയുന്നത്.
‘ആളുകള്‍ ബാബര്‍ അസമിനെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണം. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമെല്ലാം തന്നെ വലിയ താരങ്ങളാണ്. അവരുമായി താരതമ്യം ചെയ്യാന്‍ പോന്ന ഒരാള്‍ പോലും പാകിസ്ഥാന്‍ ടീമിലില്ല.
പാക് താരങ്ങളോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ അതിലെ രാജാക്കന്‍മാരായിരിക്കും. എന്നാല്‍ കളത്തിലിറങ്ങി കളിക്കാന്‍ ആവശ്യപ്പെട്ടാലോ അവര്‍ വെറും പൂജ്യമായി മാറും,’ കനേരിയ പറഞ്ഞു.
ക്യാപ്റ്റന്‍ എന്ന നിലയില്‍ ബാബര്‍ പരാജയമാണെന്നും ക്യാപ്റ്റന്‍സിയെന്താണ് എന്നത് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനെ കണ്ട് പഠിക്കാനും കനേരിയ ആവശ്യപ്പെട്ടു.
‘ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ബാബര്‍ വെറും പൂജ്യമാണ്. അവന് ടീമിനെ നയിക്കാന്‍ ഒരു അര്‍ഹതയുമില്ല, പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റില്‍.
ഈ പരമ്പരയില്‍ ക്യാപ്റ്റന്‍സിയെന്താണെന്ന കാര്യം ബെന്‍ സ്റ്റോക്‌സില്‍ നിന്നും ബ്രെന്‍ഡന്‍ മക്കല്ലത്തില്‍ നിന്നും പഠിക്കാന്‍ അവന് അവസരം ഉണ്ടായിരുന്നു. അല്ലെങ്കില്‍ അവന്‍ അവന്റെ ഈഗോ മാറ്റിവെച്ച് ക്യാപ്റ്റന്‍സി സര്‍ഫറാസ് അഹമ്മദിനെ ഏല്‍പിക്കാന്‍ തയ്യാറാകണം,’ കനേരിയ കൂട്ടിച്ചേര്‍ത്തു.
മൂന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് വിജയിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ആദ്യ ഇന്നിങ്സില്‍ 304 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 354 റണ്‍സ് നേടി.