| Wednesday, 16th November 2022, 10:47 am

നിസ്വാര്‍ത്ഥതക്ക് ഒരു പര്യായമുണ്ടെങ്കില്‍ അതിന്റെ പേര് വിരാട് എന്നാണ്; കോഹ്‌ലിയെ പ്രശംസകൊണ്ടുമൂടി പാക് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പുകഴ്ത്തി മുന്‍ പാക് സൂപ്പര്‍ താരം ഡാനിഷ് കനേരിയ. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന് ശേഷവും വിരാട് ഇന്ത്യക്കായി മികച്ച രീതിയില്‍ കളിച്ചുവെന്നും രോഹിത് ശര്‍മയെ പിന്തുണച്ചിരുന്നുവെന്നും ഡാനിഷ് കനേരിയ പറയുന്നു.

കഴിഞ്ഞ വര്‍ഷമായിരുന്നു വിരാട് കോഹ്‌ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയത്. ഇതിന് പിന്നാലെ താരം ഫോം ഔട്ടിലേക്കും വഴുതി വീണിരുന്നു. മോശം പ്രകടനങ്ങള്‍ പുറത്തെടുത്ത സമയത്ത് വിരാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തിയിരുന്നത്.

വിരാട് ക്രിക്കറ്റില്‍ നിന്നു തന്നെ വിരമിക്കണമെന്നും താരത്തെ ടീം ഒഴിവാക്കണമെന്നുള്ള അഭിപ്രായങ്ങളും ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.

എന്നാല്‍ ഇതിനെല്ലാം മറുപടിയെന്നോണമായിരുന്നു ഏഷ്യാ കപ്പിലും ടി-20 ലോകകപ്പിലും താരം മികച്ച പ്രകടനം നടത്തി തിരിച്ചുവന്നത്. ഇതിന് പിന്നാലെ വിരാടിനെ പുകഴ്ത്തുകയാണ് ഡാനിഷ് കനേരിയ.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്.

‘കളിക്കളത്തില്‍ നിസ്വാര്‍ത്ഥമായി കളിക്കുന്ന താരങ്ങളെ കുറിച്ച് പറയുമ്പോള്‍ അതില്‍ വിരാട് കോഹ്‌ലിയെക്കാള്‍ മുന്‍പന്തിയില്‍ ആരും തന്നെയുണ്ടാകില്ല. വിരാടിന്റെ നേതൃത്വത്തിലിറങ്ങിയ ടീം ലോകകപ്പില്‍ തോറ്റു, ശേഷം അവന് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിയേണ്ടതായും വന്നു.

പലരും ടീമിലെ അവന്റെ സ്ഥാനത്തെ ചോദ്യം ചെയ്തും രംഗത്തെത്തിയിരുന്നു. പക്ഷേ അവന്‍ തളര്‍ന്നില്ല. പുതിയ ക്യാപ്റ്റന് അവന്‍ എല്ലാ പിന്തുണയും നല്‍കി. മാത്രമല്ല ക്യാപ്റ്റന്റെ നിര്‍ദേശമനുസരിച്ച് പൊസിഷന്‍ മാറി കളിക്കാനും സന്നദ്ധനായി,’ കനേരിയ കൂട്ടിച്ചേര്‍ത്തു.

വിരാടിന് ക്രിക്കറ്റിനോടുള്ള പാഷന്‍ അപാരമാണെന്നും ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കുകയോ ടീമില്‍ നിന്നും പുറത്താവുകയോ ചെയ്തിട്ടില്ലെന്നും ഒരു ബാറ്റര്‍ എന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്തതെന്നും പാക് ഇതിഹാസ താരങ്ങളായ വസീം അക്രമും വഖാര്‍ യൂനിസും നേരത്തെ പറഞ്ഞിരുന്നു.

‘മറ്റേതെങ്കിലും താരമായിരുന്നെങ്കില്‍ ക്യാപ്റ്റന്‍സി നഷ്ടപ്പെട്ടതിന് ശേഷം ക്രിക്കറ്റിനോടുള്ള ഇന്ററസ്റ്റ് തന്നെ നഷ്ടപ്പെട്ടേനെ. എന്നാല്‍ അക്കാര്യം മനസിലേക്കെടുക്കാന്‍ പോലും അവന്‍ ശ്രമിച്ചിരുന്നില്ല. വിരാടിന്റെ തീവ്രമായ കളിശൈലിയിലും ഒരു മാറ്റവും ഉണ്ടായിട്ടില്ല.

ഒരു പ്രശ്നമുണ്ടാക്കുന്നതിന് പകരം അവന്‍ ആ തീരുമാനത്തെ സ്വാഗതം ചെയ്തു. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഞാന്‍ പുറത്തായാല്‍ അത് എന്നെ സംബന്ധിച്ച് വലിയ കുഴപ്പമുള്ള കാര്യമൊന്നുമല്ല. ഒരു ബാറ്റര്‍ എന്ന നിലയിലും ഒരു ഫീല്‍ഡര്‍ എന്ന നിലയിലും ഞാന്‍ മികച്ച പ്രകടനം കാഴ്ചവെക്കും എന്നായിരുന്നു വിരാട് പറഞ്ഞത്,’ എ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ അക്രം പറഞ്ഞു.

‘പാകിസ്ഥാന്‍ ടീമില്‍ നിന്നും ഒരാള്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താവുകയാണെങ്കില്‍ അവന്‍ നേരെ വീട്ടിലേക്ക് പോകും. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയ ശേഷം ഒരു പ്ലെയറായി ടീമിനൊപ്പം കളിക്കുന്ന ഒരു പാകിസ്ഥാന്‍ താരത്തെ പോലും ഞാന്‍ കണ്ടിട്ടില്ല,’ എന്നായിരുന്നു വഖാര്‍ യൂനിസിന്റെ വാക്കുകള്‍.

Content Highlight: Former Pak star Danish Kaneria praises Virat Kohli

We use cookies to give you the best possible experience. Learn more