| Friday, 11th November 2022, 10:30 pm

അശ്വിനെ ടെസ്റ്റിലേക്ക് മാത്രമായി ഒതുക്കിയ വിരാട് കോഹ്‌ലിയുടെ തീരുമാനം എന്തുകൊണ്ടും ശരിയായിരുന്നു: മുന്‍ പാക് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ തോറ്റ് പുറത്തായപ്പോള്‍ ഇന്ത്യന്‍ ബൗളിങ് നിരയുടെ ദൗര്‍ബല്യം കൂടിയാണ് വ്യക്തമായത്. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ മുനയൊടിഞ്ഞ ഇന്ത്യന്‍ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റും ജസ്പ്രീത് ബുംറയില്ലാത്തതിനാല്‍ പേസില്ലാതെ പോയ പേസ് നിരയും സാമാന്യം ഭേദപ്പെട്ട രീതിയില്‍ അടി വാങ്ങിക്കൂട്ടിയിരുന്നു.

ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ ആര്‍. അശ്വിനും ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനുമായിരുന്നു ഇന്ത്യന്‍ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ ചുമതല. എന്നാല്‍ ഇരുവരും അക്കാര്യത്തില്‍ സമ്പൂര്‍ണ പരാജയമായിരുന്നു. അശ്വിന് തന്റെ മികച്ച പ്രകടനം പുറത്തെടുക്കാനോ അനുഭവ സമ്പത്തിന്റെ പ്രതിഭ വെളിവാക്കാനോ സാധിച്ചിരുന്നില്ല.

സ്പിന്‍ ഡിപ്പാര്‍ട്‌മെന്റില്‍ രവി ബിഷ്‌ണോയ്, യൂസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് ഒറ്റ മത്സരത്തില്‍ പോലും അവസരം നല്‍കാതെ ബെഞ്ചിലിരുത്തി നിരന്തരം മോശം പ്രകടനം തുടരുന്ന അശ്വിനെയും അക്‌സറിനെയും പരീക്ഷിച്ച ഇന്ത്യക്ക് ഇതിന് കൊടുക്കേണ്ടി വന്ന വിലയും വളരെ വലുതായിരുന്നു.

ലോകകപ്പില്‍ ആര്‍. അശ്വിന്റെ മോശം പ്രകടനത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഡാനിഷ് കനേരിയ.

അശ്വിന്റെ ബൗളിങ് രീതിയെയും വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കവെ അശ്വിനെ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ പരിഗണിക്കാതെ ടെസ്റ്റില്‍ മാത്രം കളിപ്പിച്ച തീരുമാനം ശരിയായിരുന്നുവെന്നും കനേരിയ പറയുന്നു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയയോയിലാണ് കനേരിയ ഇക്കാര്യം പറയുന്നത്.

‘ഇംഗ്ലണ്ടിന് മുമ്പില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തീര്‍ത്തും ഓര്‍ഡനറിയായി കാണപ്പെട്ടു. ഭുവനേശ്വര്‍ കുമാര്‍ വെറും സാധാരണക്കാരനായാണ് കാണപ്പെട്ടത്. അവന്റെ സമയവും വന്നെന്നാണ് ഞാന്‍ കരുതുന്നത്.

അശ്വിന്‍ ഓസ്‌ട്രേലിയയില്‍ കളിക്കരുതായിരുന്നു. അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് മാത്രം കളിക്കണം. അശ്വിനെ ടെസ്റ്റ് ക്രിക്കറ്റ് മാത്രം കളിപ്പിച്ചുകൊണ്ട് വിരാട് ശരിയായ കാര്യമാണ് ചെയ്തത്.

ഓഫ് സ്പിന്‍ ചെയ്യാത്ത ഒരു ഓഫ് സ്പിന്നറാണ് ടീമിനൊപ്പമുള്ളത്. അവന്‍ ഡിഫന്‍സീവ് ഡെലിവറികളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവനെ എങ്ങനെ ടീമിലെടുക്കാന്‍ സാധിക്കും?,’ കനേരിയ ചോദിക്കുന്നു.

ടൂര്‍ണമെന്റില്‍ ആറ് മത്സരവും കളിച്ച ആര്‍. അശ്വിന് ആറ് വിക്കറ്റ് മാത്രമാണ് നേടിയത്. വിക്കറ്റ് നേടാന്‍ വിഷമിക്കുമ്പോഴും റണ്‍സ് വഴങ്ങാന്‍ അശ്വിന്‍ ഒരു പിശുക്കും കാണിച്ചിരുന്നില്ല.

അശ്വിന് പുറമെ ഇന്ത്യയുടെ സ്പിന്‍ പരീക്ഷണമായ അക്‌സര്‍ പട്ടേലും റണ്‍സ് വഴങ്ങുന്നതില്‍ മുന്നിട്ട് നിന്നിരുന്നു. അഞ്ച് മത്സരം കളിച്ച അക്‌സര്‍ മൂന്ന് വിക്കറ്റ് മാത്രമാണ് നേടിയത്.

Content highlight: Former Pak spinner Danish Kaneria against R Ashwin

Latest Stories

We use cookies to give you the best possible experience. Learn more