തിരുവനന്തപുരം: വീണ ജോര്‍ജ് ആരോഗ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കാന്‍ യോഗ്യയല്ലെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മരിച്ചിട്ടും ഡോ. വന്ദന ദാസിനെ അപമാനിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും, വീണ ജോര്‍ജ് മെലോ ഡ്രാമ കളിച്ചിട്ട് കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ചെന്നിത്തല.
‘ആരോഗ്യവകുപ്പ് മന്ത്രിയെ ഓര്‍ത്ത് ഞാന്‍ തല കുനിക്കുന്നു. ഈ കുട്ടിക്ക്(വന്ദന ദാസ്) എക്‌സ്പീരിയന്‍സില്ലെന്ന് പറഞ്ഞ മന്ത്രിക്ക് ആരോഗ്യ വകുപ്പില്‍ എന്ത് എക്‌സ്പീരിയന്‍സാണുള്ളത്.
കെ.കെ. ശൈലജ ടീച്ചറോ വി.എസ്. ശിവകുമാറോ ആരോഗ്യമന്ത്രി ആയിരുന്നെങ്കില്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തുമായിരുന്നോ. വളരെ വേദനയോടെയാണ് വന്ദനയുടെ പിതാവ് മോഹന്‍ദാസ് എന്നോട് പറഞ്ഞത്, ആരോഗ്യ വകുപ്പ് മന്ത്രിയുടെ വാക്കുകള്‍ എന്നെ വേദനിപ്പിച്ചുവെന്ന്,’ ചെന്നിത്തല പറഞ്ഞു.
ഡോ. വന്ദനയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് മാറിനില്‍ക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. കൊലക്കേസില്‍ പ്രതിയായ അധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
‘സര്‍ക്കാരിന്റെ പരാജയമാണ് ഇവിടെ കണ്ടത്. ആരോഗ്യപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം. സംസ്ഥാനത്ത് പല ആശുപത്രികളിലും ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ആരോഗ്യവകുപ്പില്‍ ആവശ്യമായ ജീവനക്കാരില്ല.
സ്റ്റാഫ് പാറ്റേണില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആവശ്യമെങ്കില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് കൂടുതല്‍ പൊലീസിനെ ആശുപത്രികളില്‍ നിയോഗിക്കണം,’ ചെന്നിത്തല പറഞ്ഞു.