മുഖ്യമന്ത്രി കേരളത്തില്‍ ഇല്ലേ, നാടുവിട്ടോ; ബ്രഹ്മപുരം വിഷയത്തില്‍ ഒരു പ്രതികരണം പോലും കണ്ടില്ല : രമേശ് ചെന്നിത്തല
Kerala News
മുഖ്യമന്ത്രി കേരളത്തില്‍ ഇല്ലേ, നാടുവിട്ടോ; ബ്രഹ്മപുരം വിഷയത്തില്‍ ഒരു പ്രതികരണം പോലും കണ്ടില്ല : രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th March 2023, 4:07 pm

തിരുവനന്തപുരം: ബ്രഹ്മപുരം പ്ലാന്റുമായി ബന്ധപ്പെട്ട് വിലയ അഴിമതി നടന്നിട്ടുണ്ടെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ അഴിമതി അടിയന്തരമായി അന്വേഷിക്കണമെന്നും സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്താണ് പ്രതികരിക്കാത്തതെന്നും അദ്ദേഹം നാടുവിട്ടോയെന്നും ചെന്നിത്തല ചോദിച്ചു. ബ്രഹ്മപുരത്തെ വിഷപ്പുക എത്രനാള്‍ ജനങ്ങള്‍ ശ്വസിക്കണമെന്നത് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിലേയും ഇന്ത്യയിലേയും പ്രധാനപ്പെട്ട ഒരു നഗരം പത്ത് ദിവസമായി വീര്‍പ്പ് മുട്ടുകയാണ്. ഇതുവരെ ബ്രഹ്മപുരം വിഷയത്തില്‍ അതിന്റെ ഉത്തരവാദികളെ കണ്ടത്താനുള്ള ഒരു നീക്കവും സര്‍ക്കാര്‍ നടത്തുന്നില്ല. മുഖ്യമന്ത്രി കേരളത്തില്‍ ഇല്ലേ, നാടുവിട്ടുപോയോ. വിഷയത്തില്‍ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

കൊച്ചിയിലെ ജനങ്ങള്‍ മാത്രമല്ല ആലപ്പുഴയിലും വിഷവാതകം പ്രശ്‌നമാകുന്നുണ്ട്. ജനങ്ങളെ ബന്ധികളാക്കി അകത്തിരുത്തുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. സര്‍ക്കാര്‍ വിഷയത്തില്‍ അടിന്തരമായി ഇടപെട്ട്, പ്രശ്‌നത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയാണ്,’ രമേശ് ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്തില്‍ സി.പി.ഐ.എമ്മിനും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സത്യം സ്വര്‍ണപ്പാത്രം കൊണ്ട് മൂടിവെച്ചാലും അത് പുറത്തുവരികതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വപ്ന പറയുന്നതിനെ അവിശ്വസിക്കേണ്ടതില്ലെന്നും, പറഞ്ഞത് തെറ്റാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമനടപടിക്ക് പോകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

പ്രതിപക്ഷ നേതാവായിരിക്കെ ഞാന്‍ പറഞ്ഞതെല്ലാം സത്യമെന്ന് തെളിയുന്നു. സ്വപ്ന പറഞ്ഞത് തെറ്റാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമനടപടിക്ക് പോകുന്നില്ല.

സ്വപ്ന പറയുന്നതിനെ അവിശ്വസിക്കേണ്ടതില്ല. ലൈഫ് മിഷനില്‍ ഇ.ഡി അന്വേഷണം ശരിയായ ദിശയിലാണോ എന്ന് കണ്ടറിയണം,’ ചെന്നിത്തല പറഞ്ഞു.