തിരുവനന്തപുരം: സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടിയും സ്ത്രീധനത്തിനെതിരായും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന ഉപവാസത്തില്‍ പ്രതികരണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ഭരണത്തലവനായ ഗവര്‍ണര്‍ ഉപവസിക്കേണ്ടി വരുന്നു എന്നത് സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയുടെ ആഴത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണറെ ഫോണില്‍ വിളിച്ചു അഭിനന്ദിച്ചെന്നും അദ്ദേഹം പറഞ്ഞു. പിഞ്ചുകുഞ്ഞു മുതല്‍ വയോജനങ്ങള്‍ വരെ ദിവസേനയെന്നോണം പീഡനം നേരിടുന്നതിന്റെയും കൊലചെയ്യപ്പെടുന്നതിന്റെയും വാര്‍ത്തകള്‍ നമ്മെ നടുക്കുകയാന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമനിര്‍മാണത്തിന് ഉപരി സ്ത്രീധനത്തിന് എതിരായി ചിന്തിക്കുന്ന ഒരു ജനത ഇവിടെ ഉണ്ടാകണം.സര്‍വകലാശാലകള്‍ ബിരുദദാനത്തിന് മുമ്പ് വിദ്യാര്‍ത്ഥികളെക്കൊണ്ട് സ്ത്രീധനമുക്തപ്രതിജ്ഞ ചെയ്യിക്കണം. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ഇതിന് കഴിയും. ഗാന്ധിസ്മാരക നിധി ഉള്‍പ്പെടെ ഗാന്ധിയന്‍ സംഘടനകള്‍ നടത്തുന്ന ഉപവാസത്തിനു എല്ലാ പിന്തുണയും അര്‍പ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
‘പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ആറു വയസുകാരിയുടെ മാതാപിതാക്കളുടെ കരച്ചില്‍ ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നു. വേദനയോടെ വിളിച്ച സ്ത്രീയെ അപമാനിച്ചതിനെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സനെ പിരിച്ചുവിടേണ്ടി വന്നു.
വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും പതിറ്റാണ്ടുകളായി കേരളം ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങളുടെ അഭിമാനം സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് മുന്നില്‍ അടിയറവ് വയ്ക്കേണ്ടി വരുന്നു എന്നത് ഏറെ ദുഃഖകരമാണ്,’ രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, ഗവര്‍ണര്‍ ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഉപവസിക്കുന്നത് ആദ്യമായാണ്. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് ഉപവാസം. രാവിലെ മുതല്‍ രാജ്ഭവനില്‍ ഉപവസിക്കുന്ന ഗവര്‍ണര്‍ പിന്നീട് 4.30 മുതല്‍ ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളും സംയുക്തമായി തൈക്കാട് ഗാന്ധിഭവനില്‍ നടത്തുന്ന ഉപവാസ, പ്രാര്‍ഥനാ യജ്ഞത്തില്‍ പങ്കെടുക്കും.
കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയയുടെ വീട്ടില്‍ ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Former Opposition Leader Ramesh Chennithala responds to Governor Arif Mohammad Khan’s fast