Kerala News
കൊവിഡ് കാലത്ത് ഡി.വൈ.എഫ്.ഐക്കാര്‍ സജീവം, നമ്മള്‍ യൂത്ത് കെയറുണ്ടാക്കിയെങ്കിലും കെയറുണ്ടായില്ല, അവരുടെ ഭക്ഷണ വിതരണം മാതൃക: ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 03, 03:55 am
Wednesday, 3rd May 2023, 9:25 am

കോഴിക്കോട്: കോണ്‍ഗ്രസ് വേദിയില്‍ ഡി.വൈ.എഫ്.ഐയെ പുകഴ്ത്തി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആശുപത്രികളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചയൂണ്‍ വിതരണം ചെയ്യുന്ന പദ്ധതിയെയും കൊവിഡ് കാലത്ത് ഡി.വൈ.എഫ്.ഐ നടത്തിയ ഇടപെടലിനെയും പ്രശംസിച്ച് സംസാസരിക്കുന്ന ചെന്നിത്തലയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. യൂത്ത് കോണ്‍ഗ്രസിനെയും ഡി.വൈ.എഫ്.ഐയും താരതമ്യം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്.

‘കൊവിഡ് വന്ന കാലത്ത് നമ്മളൊക്കെ ബ്രിഗേഡ് ഉണ്ടാക്കി, അല്ല യൂത്ത് കെയറുണ്ടാക്കി. പക്ഷെ കെയറ് മാത്രം ഉണ്ടായില്ല. അതേസമയം ഇവിടുത്തെ ഡി.വൈ.എഫ്.ഐക്കാര്‍ സജീവമായിരുന്നു. പല മെഡിക്കല്‍ കോളേജുകളിലും വര്‍ഷങ്ങളായി അവര്‍ ഉച്ചയൂണ്‍ നല്‍കുന്നുണ്ട്. വീടുകളില്‍ നിന്ന് പൊതി ശേഖരിച്ച് അത് വിതരണം ചെയ്യുന്ന പദ്ധതി അവര്‍ വിജയകരമായി നടപ്പാക്കുന്നു.

നമ്മള്‍ ഓരോ പ്രദേശത്തും യൂത്ത് കോണ്‍ഗ്രസുകാര്‍ സന്നദ്ധ സേവകരെ പോലെ പ്രവര്‍ത്തനം നടത്തി, അവരെ കോണ്‍ഗ്രസിന്റെ അണികളാക്കാനുള്ള ശ്രമം നടത്തണം. ഇവിടെ പത്രക്കാരില്ലല്ലോ, ഉണ്ടോ(ചിരിക്കുന്നു),’ എന്നാണ് ചെന്നിത്തല വീഡിയോയില്‍ പറയുന്നത്.

അതേസമയം, ചെന്നിത്തലയുടെ പ്രശംസ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപൃതവും മാതൃകാപരവുമായി മുന്നോട്ട് കൊണ്ട് പോകാന്‍ ഊര്‍ജം പകരുന്നതാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രതികരിച്ചു. ചെന്നിത്തലയുടെ പ്രസംഗത്തിന്റെ വീഡിയോ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘രമേശ് ചെന്നിത്തല കോണ്‍ഗ്രസ് വേദിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി. അത് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപൃതവും മാതൃകാപരവുമായി മുന്നോട്ട് കൊണ്ട് പോകാന്‍ ഊര്‍ജം പകരുന്നതാണ്.

യൂത്ത് കോണ്‍ഗ്രസിനടക്കം ഈ നിലയില്‍ സമൂഹത്തില്‍ ഗുണാത്മകമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിയട്ടെ. നമ്മുടെ നാളേകള്‍ കൂടുതല്‍ സുന്ദരമാകട്ടെ,’ വി.കെ. സനോജ് പറഞ്ഞു.