| Monday, 6th December 2021, 6:41 pm

'പൊലീസും എക്‌സൈസും ഒത്തുകളിക്കുന്നു'; സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ ആഴത്തില്‍ പിടിമുറുക്കിയിരിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലഹരി പാര്‍ട്ടികള്‍ സംസ്ഥാനത്തുടനീളം പടര്‍ന്നുപന്തലിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതക്കുറവാണ് ഇതിന് കാരണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പൂവാറിലെ ദ്വീപ് റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസം പിടികൂടിയ ലഹരി പാര്‍ട്ടി മഞ്ഞു മലയുടെ ഒരു അറ്റം മാത്രമാണ്. ഇക്കാര്യത്തില്‍ പൊലീസും എക്‌സൈസും ഒത്തുകളിക്കുന്നതുകൊണ്ട് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കഴിയുന്നില്ല.

കൊച്ചിയില്‍ മോഡലുകളായ പെണ്‍കുട്ടികളുടെ ദാരുണ മരണം മയക്കുമരുന്നു സംഘത്തിന്റെ അഴിഞ്ഞാട്ടത്തിന്റെ മറ്റൊരു ദുരന്ത ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ ചൂതാട്ട കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്. പലേടത്തും നിയമം നടപ്പാക്കേണ്ട പൊലീസ് മേധാവികള്‍ ഇത്തരം അധോലാക പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുന്നു എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവരുന്നു. കഴിഞ്ഞ അഞ്ചരവര്‍ഷമായി കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് ഇത്.

പൊലീസിനെ ക്രിമിനല്‍വത്ക്കരിക്കുകയും പാര്‍ശ്വവര്‍ത്തികളാക്കി മാറ്റുകയും ചെയ്തതിന്റെ പരിണിതഫലമാണിത്. നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ ഇനിയെങ്കിലും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Ramesh Chennithala has said that the drug mafia is deeply entrenched in the state

We use cookies to give you the best possible experience. Learn more