Kerala News
ചോറ് ഇവിടെയും കൂറ് അങ്ങ് ചൈനയിലും, സി.പി.ഐ.എമ്മിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള ധാര്‍മികാവകാശമില്ല: ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 15, 10:53 am
Saturday, 15th January 2022, 4:23 pm

തിരുവനന്തപുരം: സി.പി.ഐ.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ളയുടെ ചൈന അനുകൂല നിലപാടിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നമ്മുടെ രാജ്യത്തിനെതിരെ സദാ ഭീഷണി സൃഷ്ടിക്കുകയും തരം കിട്ടുമ്പോഴൊക്കെ കടന്നു കയറ്റം നടത്തുകയും ചെയ്യുന്ന ചൈനയെ പ്രശംസിക്കുകയും ഇന്ത്യയെ തള്ളിപ്പറയുകയും ചെയ്യുന്ന സി.പി.ഐ.എം നേതാക്കളുടെ രീതി ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം കിട്ടി മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും, പല തവണ പല സംസ്ഥാനങ്ങളില്‍ സി.പി.ഐ.എം അധികാരം കയ്യാളിയിട്ടും നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന ചൈനയോട് കൂറു പുലര്‍ത്തുന്ന സി.പി.ഐ.എമ്മിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള എന്ത് ധാര്‍മ്മികാവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

സി.പി.ഐ.എമ്മിന് ഇപ്പോഴും ചോറ് ഇങ്ങും കൂറ് അങ്ങുമാണ്. എന്നും ദേശവിരുദ്ധ നിലപാടാണ്. ജനരോഷം ഭയന്നുമാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ളയുടെ ചൈനീസ് സ്തുതിയെ തിടുക്കപ്പെട്ട് തിരുത്താന്‍ ശ്രമിച്ചത്. പക്ഷേ അതുകൊണ്ടുകാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സി.പി.ഐ.എം നേതാക്കളുടെ ചൈനാ പ്രേമം ആദ്യമായിട്ടല്ല പുറത്തു വരുന്നത്. രണ്ട് വര്‍ഷം മുന്‍പ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് പ്രസംഗിച്ചിരുന്നു.

1962 ല്‍ ചൈനീസ് ആക്രമണകാലത്ത് ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂവിഭാഗമെന്ന് എഴുതിയ ഇ.എം.എസിന്റെ മനോഭാവം തന്നെയാണ് സി.പി.ഐ.എം നേതാക്കള്‍ക്ക് ഇപ്പോഴുമുള്ളത്.

2020 ജൂണില്‍ കിഴക്കന്‍ ലഡാക്കില്‍ ഗാല്‍വന്‍ താഴ് വരയില്‍ ചൈനീസ പട്ടാളം ഇന്ത്യന്‍ മണ്ണിലേക്ക് കടന്നു കയറി നടത്തിയ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യുസംഭവിച്ചപ്പോള്‍ സി.പി.ഐ.എം അതിനെ അപലപിച്ച രീതി ഓര്‍മ്മയുണ്ടോ?,’ ചെന്നിത്തല ചോദിച്ചു.

ചൈന എന്ന പേരു പോലും പറയാതെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗത്തെപ്പറ്റി മുഖ്യമന്ത്രിയുടെ ട്വീറ്റ് വന്നത്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് അന്ന് ഞാന്‍ മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു.

പാകിസ്ഥാനെ ആയുധമണിയിക്കുകയും ഹോങ്കോംഗ്, തെയ് വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുകയും അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍ കയ്യടക്കാന്‍ ശ്രമിക്കുകയും ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന ചൈനയെയാണ് സി.പി.ഐ.എം ഇപ്പോഴും ആരാധിക്കുന്നത്. എന്നിട്ടും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സി.പി.ഐ.എമ്മിനെ ഗൗനിക്കുന്നു പോലുമില്ലെന്നതാണ് ഇതിലെ പരിഹാസ്യമായ വസ്തുതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യ താല്‍പര്യത്തേക്കാള്‍ കൂടുതല്‍ ചൈനയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള സി.പി.ഐ.എമ്മിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു.

ചൈനയെ വളയാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നതെന്നും പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞിരുന്നത്.

എന്നാല്‍ ചൈനാ നിലപാടില്‍ എസ്. രാമചന്ദ്രന്‍ പിള്ളയോട് വിയോജിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.
സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കെതിരേ ശരിയായ നിലപാട് സ്വീകരിക്കാന്‍ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ലെന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞിരുന്നു. ഇന്ത്യയിലെ ചൈനാവിരുദ്ധ പ്രചാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യമിട്ടാണെന്ന എസ്.ആര്‍.പിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Former Opposition Leader Ramesh Chennithala  against CPIM PB member S. Ramachandran Pillai for his pro – China stance