മുംബൈ ഇന്ത്യന്‍സും ആരാധകരും ഒരുപോലെ മറക്കാനാഗ്രഹിക്കുന്ന സീസണായിരിക്കും 2022ലേത് എന്നതില്‍ തര്‍ക്കമില്ല. തുടര്‍ച്ചയായ എട്ട് മത്സരങ്ങളും തോറ്റ ശേഷമായിരുന്നു മുംബൈ ഇന്ത്യന്‍സ് സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്.
മുംബൈ ഇന്ത്യന്‍സ് മെഗാലേലം മുതല്‍ പുറത്തെടുത്ത സ്ട്രാറ്റജി ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. മധ്യനിരയിലെ കരുത്തര വിട്ടുനല്‍കിയതും അവര്‍ക്ക് പകരം മികച്ച താരങ്ങളെ ടീമിലെത്തിക്കാത്തതും കെട്ടുറപ്പുള്ള ഒരു ടീമിനെ സെലക്ട് ചെയ്യുന്നതിന് പകരം ഒന്നോ രണ്ടോ താരങ്ങളുടെ പുറകെ പോയത് മുതല്‍ പ്ലെയിംഗ് ഇലവനില്‍ വിദേശ താരങ്ങളെ പൂര്‍ണമായി ഉള്‍പ്പെടുത്താത്തതടക്കം ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ, ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പല തീരുമാനങ്ങളേയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് ലെജന്‍ഡ് ഡാനിയല്‍ വെറ്റോറി.
ടിം ഡേവിഡിനെ പോലെയുള്ള താരങ്ങളെ ഇത്രയും നാള്‍ പുറത്തിരുത്തിയതിനേയും വിദേശ താരങ്ങളുടെ ഒഴിവ് നികത്താത്തതുമടക്കം ചൂണ്ടിക്കാട്ടിയാണ് വെറ്റോറി താരത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
‘മുഹമ്മദ് ഷമിയും ലോക്കി ഫെര്‍ഗൂസനുമടക്കമുള്ള ബൗളര്‍മാര്‍ ഗുജറാത്ത് നിരിയില്‍ ഉണ്ടായിട്ടും വളരെ ഈസിയായാണ് അവന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇത്രയും ഉയരമുള്ള കരുത്തനായ ടിം ഡേവിഡ് അവന്റെ സകല കരുത്തും പുറത്തെടുത്താണ് കളിച്ചത്.
ടീം സമ്മര്‍ദ്ദത്തിലായിരിക്കുമ്പോഴാണ് അവന്‍ 21 പന്തില്‍ നിന്നും 44 റണ്‍സ് സ്വന്തമാക്കിയത്. ടീമില്‍ രണ്ട് ഓവര്‍സീസ് താരങ്ങളുടെ ഒഴിവ് ഉണ്ടായിട്ടും ഇത്രയും ക്ലാസ് ആയ ഒരു താരത്തെ എന്തുകൊണ്ടാണ് ഇത്രയും നാള്‍ പുറത്തിരുത്തിയത് എന്ന കാര്യം എനിക്കിനിയും മനസിലാവുന്നില്ല,’ വെറ്റോറി പറയുന്നു.
ബിഗ് ബാഷ് ലീഗിലെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് സിംഗപ്പൂരില്‍ നിന്നുള്ള വെടിക്കെട്ട് ഫ്രീ എജന്റിനെ മുംബൈ സ്വന്തമാക്കിയത്. 8.25 കോടിയായിരുന്നു മുംബൈ ഡേവിഡിനായി മുടക്കിയത്.
വരാനിരിക്കുന്ന മത്സരത്തിലെല്ലാം തന്നെ ടിം ഡേവിഡ് ടീമിനൊപ്പമുണ്ടാകുമെന്നാണ് സൂചനകള്‍.
10 മത്സരത്തില്‍ നിന്നും രണ്ട് ജയം മാത്രം നേടി പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ് മുംബൈ. പ്ലേ ഓഫില്‍ നിന്നും ഏറെക്കുറെ പുറത്തായ മുംബൈയ്ക്കിന് മുഖം രക്ഷിക്കാനെങ്കിലും വരുന്ന മത്സരത്തില്‍ ജയിക്കേണ്ടത് അനിവാര്യമാണ്.