| Sunday, 11th September 2022, 12:46 pm

അവന്റെ ചിന്തകളും ഉത്തരവാദിത്തവും ക്രിക്കറ്റിനോടല്ല, ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കണം; കെയ്ന്‍ വില്യംസണെതിരെ മുന്‍ കിവീസ് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡ് ഒരു പുതിയ ക്യാപ്റ്റനെ കുറിച്ച് ചിന്തിക്കേണ്ട സമയമാണിതെന്ന് മുന്‍ കിവീസ് താരം ആന്ദ്രേ ആഡംസ്. നിലവിലെ നായകനായ കെയ്ന്‍ വില്യംസണെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നും, പകരം ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂസിലന്‍ഡിന്റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന വില്യംസണ്‍ കഴിഞ്ഞ കുറച്ച് സീസണുകളില്‍ മോശം ഫോമില്‍ ആയിരുന്നു കളിച്ചിരുന്നത്. അതിനെ തുടര്‍ന്നാണ് വില്യംസണനെതിരെ ആന്ദ്രെ ആഡംസിന്റെ പരാമര്‍ശം.

കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം പരുക്കന്‍ പ്രകടനമാണ് കാഴ്ചവെച്ചതെന്നും തന്റെ കരിയറിനെ തിരിച്ചുകൊണ്ടുവരുന്നതിന് നായകന് ഒരു ഫോര്‍മാറ്റ് ഉപേക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നുവെന്നും ആഡംസ് കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ പ്രതീക്ഷിക്കുന്ന റണ്ണുകള്‍ അദ്ദേഹം നേടിയിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്,’ ആഡംസ് വ്യക്തമാക്കി.

ന്യൂസിലാന്‍ഡിലെ തന്നെ മറ്റൊരു ക്രിക്കറ്റ് താരമായ റോസ് ടെയ്‌ലര്‍ നായകസ്ഥാനം നഷ്ടപ്പെടുത്തിയ രീതി മികച്ചതായിരുന്നില്ലെന്നും പക്ഷേ ബാറ്ററെന്ന നിലയില്‍ അത് അദ്ദേഹത്തിന് നന്നായി ഉപകരിച്ചെന്നും ആഡംസ് ചൂണ്ടിക്കാട്ടി. കെയ്ന്‍ നായക സ്ഥാനം ഉപേക്ഷിക്കുകയാണെങ്കില്‍ ലാഥം അടുത്ത ക്യാപ്റ്റന്‍ ആകാന്‍ യോഗ്യനാണെന്നും ആഡംസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം വില്യംസണിന് കുടുംബവും കുട്ടികളുമായതിനാല്‍ ഉത്തരവാദിത്തം അതിനോടാണെന്നും അദ്ദേഹം കളിയില്‍ നിന്ന് മാറി മറ്റൊരു വ്യക്തിയായി മാറുകയാണുണ്ടായതെന്നും ആഡംസ് ആരോപിച്ചു.

ഐ.പി.എല്ലില്‍ ഹൈദരാബാദിന്റെ തോല്‍വിക്ക് പിന്നാലെ നായകന്‍ കെയ്ന്‍ വില്യംസന്‍ വരുത്തിയ പിഴവുകള്‍ ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍ രംഗത്ത് വന്നിരുന്നു.

സാങ്കേതികമായ പല തീരുമാനങ്ങളിലും അദ്ദേഹത്തിന് പിഴവ് പറ്റിയതായിരിക്കാമെന്നും വില്യംസണെ പോലൊരു മികച്ച നായകനില്‍ നിന്ന് തെറ്റുകള്‍ സംഭവിച്ചുവെന്നുള്ളത് അത്ഭുതകരമാണെന്നാണ് വസിം പറഞ്ഞത്.

ന്യൂസിലന്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് താരവും ന്യൂസിലാന്‍ഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ നായകനുമായ കെയ്ന്‍ സ്റ്റുവര്‍ട്ട് വില്യംസണ്‍ ആഭ്യന്തര ക്രിക്കറ്റില്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ടിനു വേണ്ടിയാണ് ആദ്യമായി കളിക്കുന്നത്. തുടര്‍ന്ന് 2007ല്‍ അദ്ദേഹം ന്യൂസിലന്‍ഡ് അണ്ടര്‍-19 ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

2008ലെ അണ്ടര്‍-19 ലോകകപ്പില്‍ ടീമിനെ നയിച്ചത് വില്യംസണായിരുന്നു. പിന്നീട് അദ്ദേഹം സീനിയര്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2010 ഓഗസ്റ്റില്‍ നടന്ന ഇന്ത്യക്കെതിരായ ഏകദിന മത്സരത്തിലാണ് താരം തന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2010 നവംബറില്‍ ഇന്ത്യക്കെതിരെ അഹമ്മദാബാദില്‍ നടന്ന മല്‍സരത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു.

2011ലെ ക്രിക്കറ്റ് ലോകകപ്പിലും അദ്ദേഹം ന്യൂസിലന്‍ഡ് ടീമിലെ ഒരംഗമായിരുന്നു. 2016ല്‍ ബ്രണ്ടന്‍ മക്കല്ലം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെയാണ് ന്യൂസിലന്‍ഡ് ടീമിന്റെ മൂന്നു ഫോര്‍മാറ്റുകളിലെയും നായകനായി വില്യംസണ്‍ തിരഞ്ഞെടുക്കപ്പെടുന്നത്.

ഇന്ത്യയെ തോല്‍പിച്ച് ന്യൂസിലാന്‍ഡ് ഐ.സി.സി വേള്‍ഡ് കപ്പില്‍ മുത്തമിടുമ്പോഴും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ തന്നെയായിരുന്നു. 2019 ക്രിക്കറ്റ് ലോകകപ്പിലെ ക്യാപ്റ്റന്‍മാരില്‍ ഇപ്പോഴും ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുന്ന ഏക നായകനും വില്യംസണ്‍ മാത്രമാണ്.

Content Highlight: Former New Zealand star slams Kane Williamson

We use cookies to give you the best possible experience. Learn more