| Friday, 2nd December 2022, 9:29 am

റിഷബ് പന്തല്ല, ഇത്തവണ സഞ്ജുവിന്റെ വഴി മുടക്കിയത് മറ്റൊരു ബാറ്റര്‍; ഇവനൊക്കെ എങ്ങനെ ടീമിലെത്തിയെന്ന് ന്യൂസിലാന്‍ഡ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം അവസാനിച്ചിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ പരമ്പരകളാണ് ഇനി ഇന്ത്യയുടെ മുമ്പിലുള്ളത്. ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ പല താരങ്ങളും ബംഗ്ലാദേശ് പര്യടനത്തിന് പുറത്താണ്.

സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക് എന്നിവരെയെല്ലാം പുറത്തിരുത്തിയാണ് ഇന്ത്യ ധാക്കയിലേക്ക് പറക്കാന്‍ ഒരുങ്ങുന്നത്.

പല യുവതാരങ്ങളും ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ ബൗളര്‍ കുല്‍ദീപ് സെന്‍, റോയല്‍ ചാലഞ്ചേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റര്‍ രജത് പാടിദാര്‍, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് സൂപ്പര്‍ താരം രാഹുല്‍ ത്രിപാഠി എന്നിവരാണ് സ്‌ക്വാഡില്‍ ഇടം കണ്ടെത്തിയത്.

റിഷബ് പന്ത് അടക്കമുള്ള താരങ്ങളും ഇവര്‍ക്കൊപ്പം സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

എന്നാല്‍ സഞ്ജു സാംസണ്‍, ദീപ്ക് ഹൂഡ പോലുള്ള താരങ്ങലെ പുറത്തിരുത്തിയ ബോര്‍ഡിന്റെ നടപടി ആരാധകരെ ചൊടിപ്പിച്ചിരുന്നു.

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തില്‍ സഞ്ജു സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് പറയുകയാണ് മുന്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം സൈമണ്‍ ഡൗള്‍. സ്‌ക്വാഡില്‍ രജത് പാടിദാറിന്റെ സ്ഥാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് താരം സഞ്ജുവിനായി വാദിച്ചത്.

‘അവര്‍ക്ക് രജത് പാടിദാറിനെ ഇഷ്ടമാണെന്ന് എനിക്കറിയാം. എന്നാല്‍ നമുക്കറിയാവുന്ന നിരവധി മികച്ച ബാറ്റര്‍മാര്‍ ഇന്ത്യയിലുണ്ട്. സഞ്ജു തീര്‍ച്ചയായും സ്ഥാനം അര്‍ഹിക്കുന്നുണ്ട്. വളരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന താരമാണവന്‍. പിന്നെ എന്ത് കാരണത്താലാണ് അവനെ പുറത്തിരുത്തിയിരിക്കുന്നത്? എന്ത് കാരണത്താലാണ് അവര്‍ രജത് പാടിദാറിനെ ടീമിലെടുത്തത്?,’ ഡൗള്‍ ചോദിക്കുന്നു.

രാഹുല്‍ ത്രിപാഠിയേക്കാള്‍ തമിഴ്‌നാട് താരം നാരായണ്‍ ജഗദീശനെ ടീമില്‍ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡൗള്‍ പറഞ്ഞു.

മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലുള്ളത്.

ഇന്ത്യ ഏകദിന സ്‌ക്വാഡ്:

കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, രജത് പാടിദാര്‍, രാഹുല്‍ ത്രിപാഠി, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ഷഹബാസ് അഹമ്മദ്, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, കുല്‍ദീപ് സെന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍.

ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ്:

ചേതേശ്വര്‍ പൂജാര, കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), എസ്. ഭരത്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്‌.

Content Highlight: Former New Zealand star Simon Doull questions Rajat Padidar’s place in India’s Bangladesh tour
We use cookies to give you the best possible experience. Learn more