ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം അവസാനിച്ചിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ പരമ്പരകളാണ് ഇനി ഇന്ത്യയുടെ മുമ്പിലുള്ളത്. ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ പല താരങ്ങളും ബംഗ്ലാദേശ് പര്യടനത്തിന് പുറത്താണ്.
സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക് എന്നിവരെയെല്ലാം പുറത്തിരുത്തിയാണ് ഇന്ത്യ ധാക്കയിലേക്ക് പറക്കാന്‍ ഒരുങ്ങുന്നത്.
പല യുവതാരങ്ങളും ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ ബൗളര്‍ കുല്‍ദീപ് സെന്‍, റോയല്‍ ചാലഞ്ചേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റര്‍ രജത് പാടിദാര്‍, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് സൂപ്പര്‍ താരം രാഹുല്‍ ത്രിപാഠി എന്നിവരാണ് സ്‌ക്വാഡില്‍ ഇടം കണ്ടെത്തിയത്.
റിഷബ് പന്ത് അടക്കമുള്ള താരങ്ങളും ഇവര്‍ക്കൊപ്പം സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.
എന്നാല്‍ സഞ്ജു സാംസണ്‍, ദീപ്ക് ഹൂഡ പോലുള്ള താരങ്ങലെ പുറത്തിരുത്തിയ ബോര്‍ഡിന്റെ നടപടി ആരാധകരെ ചൊടിപ്പിച്ചിരുന്നു.
ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തില്‍ സഞ്ജു സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് പറയുകയാണ് മുന്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം സൈമണ്‍ ഡൗള്‍. സ്‌ക്വാഡില്‍ രജത് പാടിദാറിന്റെ സ്ഥാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് താരം സഞ്ജുവിനായി വാദിച്ചത്.
‘അവര്‍ക്ക് രജത് പാടിദാറിനെ ഇഷ്ടമാണെന്ന് എനിക്കറിയാം. എന്നാല്‍ നമുക്കറിയാവുന്ന നിരവധി മികച്ച ബാറ്റര്‍മാര്‍ ഇന്ത്യയിലുണ്ട്. സഞ്ജു തീര്‍ച്ചയായും സ്ഥാനം അര്‍ഹിക്കുന്നുണ്ട്. വളരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന താരമാണവന്‍. പിന്നെ എന്ത് കാരണത്താലാണ് അവനെ പുറത്തിരുത്തിയിരിക്കുന്നത്? എന്ത് കാരണത്താലാണ് അവര്‍ രജത് പാടിദാറിനെ ടീമിലെടുത്തത്?,’ ഡൗള്‍ ചോദിക്കുന്നു.
രാഹുല്‍ ത്രിപാഠിയേക്കാള്‍ തമിഴ്‌നാട് താരം നാരായണ്‍ ജഗദീശനെ ടീമില്‍ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡൗള്‍ പറഞ്ഞു.