സീസണിലെ ആറാം തോല്‍വിയായിരുന്നു സ്വന്തം മണ്ണില്‍ വെച്ച് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു സഞ്ജുവിന്റെയും സംഘത്തിന്റെയും പരാജയം.
യഥാര്‍ത്ഥത്തില്‍ രാജസ്ഥാന്‍ ഈ പരാജയം ചോദിച്ചുവാങ്ങിയതാണെന്നാണ് ആരാധകര്‍ ഉള്‍പ്പെടെ പറയുന്നത്. ടീമിന്റെ പല മോശം തീരുമാനങ്ങളും മത്സരവിധിയെ തന്നെ മാറ്റിമറിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്കെതിരെയും ആരാധകര്‍ ചോദ്യശരങ്ങളെയ്തിരുന്നു.
19ാം ഓവര്‍ എറിയാനായി ഇന്റര്‍നാഷല്‍ മത്സരങ്ങള്‍ കളിച്ച് പരിചയമുള്ള ഒബെഡ് മക്കോയ് ഉണ്ടായിരുന്നിട്ടുംഅനുഭവസമ്പത്തില്ലാത്ത കുല്‍ദീപ് യാദവിനെ നിയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ ഓവറാണ് മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചതും.
ആരാധകരുടെ വിമര്‍ശനത്തിന് പിന്നാലെ സഞ്ജുവിനെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സൈമണ്‍ ഡൗള്‍. ക്രിക് ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഡൗള്‍ സഞ്ജുവിനെതിരെ വിമര്‍ശനമുന്നയിച്ചത്.
‘അവര്‍ എന്തിന് വേണ്ടിയാണ് ഒബെഡ് മക്കോയ്‌യെ കളത്തിലിറക്കിയതെന്ന് എനിക്കിനിയും മനസിലായിട്ടില്ല. അവന്‍ ആദ്യ ഓവറില്‍ തന്നെ 13 റണ്‍സ് വഴങ്ങി, പക്ഷേ സഞ്ജു ലെഗ് സൈഡില്‍ ഒരു ക്യാച്ച് ഡ്രോപ് ചെയ്തു. മക്കോയ്‌യുടെ ആദ്യ ഓവറില്‍ രാഹുല്‍ ത്രിപാഠിയെ പുറത്താക്കാന്‍ സാധിക്കുമായിരുന്നു. അതൊരു വിക്കറ്റാകുമായിരുന്നു.
ഒബെഡ് ഒരിക്കലും 13 റണ്‍സ് വഴങ്ങാന്‍ പാടില്ലായിരുന്നു. എന്നാല്‍ ഡെത്ത് ഓവറില്‍ അവനൊരു ഔട്ട്-ആന്‍ഡ്-ഔട്ട് ബൗളറാണെന്ന കാര്യവും മറക്കരുത്.
നല്ല ഉയരമുള്ള, മികച്ച രീതിയില്‍ സ്ലോ ബോളുകള്‍ എറിയാന്‍ സാധിക്കുന്ന താരമാണ് അവന്‍. മികച്ച രീതിയില്‍ പേസുള്ള അവനെ മറികടക്കാന്‍ എളുപ്പമല്ല. എന്നിട്ടും സഞ്ജു അവനെ വേണ്ടപോലെ ഉപയോഗിച്ചില്ല. ഇതൊരു പിഴവാണ്, ഏറ്റവും വലിയ പിഴവ്,’ ഡൗള്‍ പറഞ്ഞു.