ഫോം കണ്ടെത്താനുള്ള പെടാപ്പാടിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഏഷ്യാ കപ്പും ടി-20 ലോകകപ്പും അടുത്ത് വരവെ മികച്ച പ്രകടനം നടത്തി തിരിച്ചുവന്നാല്‍ മാത്രമേ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പാക്കാന്‍ വിരാട് കോഹ്‌ലിക്ക് സാധിക്കൂ.
ജൂലൈ 29ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയില്‍ നിന്നും വിരാടിന് വിശ്രമം അനുവദിച്ചിരുന്നു. വിരാടിന് വിശ്രമം അനുവദിച്ചതിന് പിന്നാലെ മുന്‍ താരങ്ങളില്‍ നിന്നടക്കം നിരവധി വിമര്‍ശനങ്ങളും ബി.സി.സി.ഐക്ക് കേള്‍ക്കേണ്ടി വന്നിരുന്നു.
എന്നാല്‍ ആറ് വര്‍ഷത്തിന് ശേഷം നടക്കുന്ന ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിനുള്ള സ്‌ക്വാഡില്‍ വിരാടും ഉള്‍പ്പെട്ടേക്കാമെന്നാണ് സൂചന. ആഗസ്റ്റ് 18 മുതല്‍ നടക്കുന്ന മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ യുവതാരങ്ങളെയാവും ഇന്ത്യ പരീക്ഷിക്കുന്നത്.
സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്ന പരമ്പരയില്‍ വിരാട് കോഹ്‌ലിയെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. വിശ്രമം നല്‍കിയതുകൊണ്ടുമാത്രം ഒരാള്‍ക്ക് ഫോമിലേക്ക് മടങ്ങിയെത്താന്‍ സാധിക്കില്ലെന്നും ഫോം കണ്ടെത്താന്‍ മത്സരങ്ങള്‍ കളിച്ചേ മതിയാവൂ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ വിരാടിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തന്നെയാണ് സാധ്യത.
എന്നാലിപ്പോള്‍, സിംബാബ്‌വേക്കെതിരെ നേടുന്ന സെഞ്ച്വറി കൊണ്ട് കാര്യമായി ഒന്നും തന്നെ സംഭവിക്കാന്‍ പോവുന്നില്ല എന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് താരം സ്‌കോട്ട് സ്‌റ്റൈറിസ്.
സ്‌പോര്‍ട്‌സ് ഓവര്‍ ദി ടോപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്റ്റൈറിസ് ഇക്കാര്യം പറഞ്ഞത്.
‘അവന്‍ ഒരു ചീപ് സെഞ്ച്വറി സ്‌കോര്‍ ചെയ്‌തേക്കാം, അത് അവന്റെ കോണ്‍ഫിഡന്‍സ് വര്‍ധിപ്പിക്കുമായിരിക്കും. എന്നാല്‍ അവന്‍ കാര്യമായ ഒരു മാറ്റവും വരുത്തേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. വിരാട് തന്നെയാണ് ഇന്ത്യയുടെ പ്രധാന താരമെന്നാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്,’ സ്‌റ്റൈറിസ് പറയുന്നു.
സെഞ്ച്വറി നേടിയാല്‍ കോഹ്‌ലിക്ക് ആത്മവിശ്വാസം ലഭിക്കുമെന്നും എന്നാല്‍ മികച്ച ബൗളര്‍മാരെ നേരിടുമ്പോള്‍ കാര്യങ്ങള്‍ പഴയപടിയാവുമെന്നും സ്റ്റൈറിസ് പറയുന്നു.
‘ഇത് കോഹ്‌ലിയുടെ തോല്‍വിയുടെ കാലമാണെന്നാണ് ഞാന്‍ കരുതുന്നത്. അവന്റെ തിരിച്ചുവരവ് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കോച്ചിനോടും സെലക്ടര്‍മാരോടും ഇക്കാര്യം ചോദിക്കൂ, അവര്‍ക്ക് മറ്റേതെങ്കിലും മികച്ച പ്ലാനുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. ടീമിന്റെ ലോകകപ്പ് പ്ലാനുകളില്‍ വിരാടിന് വലിയ പങ്കുണ്ടെന്നാണ് ഞാന്‍ കണക്കുകൂട്ടുന്നത്,’ താരം കൂട്ടിച്ചേര്‍ത്തു.