|

പന്തിന്റെ ശരാശരി വെറും 35, സഞ്ജുവിന്റേതാകട്ടെ 60, ഒരാളെ ടീമിലെടുക്കുമ്പോള്‍ മിനിമം ഇതെങ്കിലും നോക്കേണ്ടേ? ആഞ്ഞടിച്ച് മുന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫോമൗട്ടില്‍ തുടരുമ്പോഴും ഇന്ത്യന്‍ ടീമില്‍ റിഷബ് പന്തിന് നിരന്തരം അവസരം ലഭിക്കുന്നത് ഇന്ത്യന്‍ ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കുന്നത്. ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പന്ത് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇനിയും കൃത്യമായ താളം കണ്ടെത്തിയിട്ടില്ല.

വൈറ്റ് ഫോര്‍മാറ്റില്‍ മോശം പ്രകടനം തുടരുമ്പോഴും ഏകദിനത്തിലും ടി-20യിലും സെലക്ടര്‍മാരുടെയും ക്യാപ്റ്റന്‍മാരുടെയും ഫസ്റ്റ് ചോയ്‌സ് റിഷബ് പന്ത് ആണെന്നതാണ് മറ്റൊരു വസ്തുത. ഏതെങ്കിലും മത്സരത്തില്‍ ക്ലിക്കാവുമെന്ന പ്രതീക്ഷയില്‍ സെലക്ടര്‍മാര്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

എന്നാല്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന സ്ഥാനത്തിന് സഞ്ജു സാംസണാണ് യോഗ്യന്‍ എന്ന് പല മുന്‍ താരങ്ങളും ഉറച്ചുവിശ്വസിക്കുന്നുണ്ട്. സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ്ങിന്റെയും ബാറ്റിങ്ങിന്റെയും ഇംപാക്ട് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലടക്കം കണ്ടതുമാണ്.

ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിലെ 95 മത്സരങ്ങളില്‍ നിന്നുമായി 1842 റണ്‍സാണ് റിഷബ് പന്ത് സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. സഞ്ജു ആകെ കളിച്ചത് 27 മത്സരം മാത്രമാണ്. ഇതില്‍ നിന്നും 626 റണ്‍സ് നേടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ സഞ്ജുവിന്റെ ആവറേജ് പന്തിനേക്കാള്‍ എത്രയോ ഉയര്‍ന്നതാണ്. ഏകദിനത്തില്‍ സഞ്ജുവിന്റെ ശരാശരി 66ഉം പന്തിന്റേത് 35മാണ്.

റിഷബ് പന്ത് vs സഞ്ജു സാംസണ്‍ എന്ന തര്‍ക്കം ആരാധകര്‍ക്കിടയില്‍ കത്തിപ്പടരുമ്പോള്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് മുന്‍ കിവീസ് താരം സൈമണ്‍ ഡൗള്‍.

ക്രിക് ബസ്സിന് മല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

’30 മത്സരം കളിച്ച റിഷബ് പന്തിന്റെ ആവറേജ് വെറും 35 ആണ്. എന്നാല്‍ 11 ഏകദിന മത്സരം കളിച്ച സഞ്ജുവിന്റെ ശരാശരി അറുപതിലേറെയാണ്. സഞ്ജു വളരെ മികച്ച വിക്കറ്റ് കീപ്പറാണ്. അവന്‍ ടീമില്‍ ഇനിയും സ്ഥാനം അര്‍ഹിക്കുന്നുണ്ട്.

എന്നെ സംബന്ധിച്ച് റിഷബ് പന്ത് vs സഞ്ജു സാംസണ്‍ സംവാദം രസകരമായ ഒന്നാണ്. പന്തിനെ കുറിച്ച് പറയുമ്പോള്‍, അവനിപ്പോള്‍ എങ്ങനെയാണെന്നും ഭാവിയില്‍ എന്തായിത്തീരും എന്ന കാര്യങ്ങളൊക്കെ ഒരുപാട് സംസാരിക്കാനുണ്ട്. പക്ഷേ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അവന് ഇതുവരെ കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചിട്ടില്ല.

പന്ത് വളരെ മികച്ച ടെസ്റ്റ് പ്ലെയറാണ്. ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററാകാനുള്ള എല്ലാ കഴിവും അവനുണ്ട്, അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. പക്ഷേ അവനാണോ ഏറ്റവും മികച്ച വൈറ്റ് ബോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍? എനിക്കതിനിയും ബോധ്യപ്പെട്ടിട്ടില്ല,’ ഡൗള്‍ പറഞ്ഞു.

അതേസമയം, ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ബുധനാഴ്ചയാണ് നടക്കുന്നത്. ടീമില്‍ ആറാം ബൗളര്‍ വേണം എന്ന ശിഖര്‍ ധവാന്റെ തീരുമാനം കണക്കിലെടുക്കുകയാണെങ്കില്‍ അടുത്ത മത്സരത്തിലും സഞ്ജുവിന് ഇടം നേടാന്‍ സാധിക്കില്ല.

Content Highlight: Former New Zealand player Simon Doull on Sanju Samson vs Rishabh Pant debate