ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് വിരാട് കോഹ്‌ലിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരം ഡാനി മോറിസണ്‍. വിരാട് കോഹ്‌ലിയെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നതിനെ കുറിച്ചാണ് മുന്‍ കിവീസ് താരം പറഞ്ഞത്. സ്‌പോര്‍ട്കീടയിലൂടെ സംസാരിക്കുകയായിരുന്നു ഡാനി.
‘വിരാട് വിരാട് കോഹ്‌ലി മനുഷ്യനും ദൈവവും കൂടിച്ചേർന്ന ഒരാളാണ്. മത്സരങ്ങളില്‍ മികച്ച പ്രകടങ്ങള്‍ നടത്താനുള്ള വിരാട് കോഹ്‌ലിയുടെ ആഗ്രഹം അവനെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നു. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് വളരെ മികച്ചതാണ്,’ ഡാനി മോറിസണ്‍ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് വിരാട്. ഇതിനോടകം തന്നെ വിരാട് 113 മത്സരങ്ങളില്‍ 191 ഇന്നിങ്സുകളില്‍ നിന്നും 8848 റണ്‍സാണ് നേടിയത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി.
ഏകദിനത്തില്‍ 295 മത്സരങ്ങളില്‍ 283 ഇന്നിങ്സുകളില്‍ നിന്നും 13906 റണ്‍സാണ് നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്. കുട്ടി ക്രിക്കറ്റില്‍ 125 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4188 റണ്‍സാണ് വിരാട് കോഹ്‌ലി നേടിയത്.
അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം കുട്ടി ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയത്. ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും വിരാട് ആയിരുന്നു.
കലാശ പോരാട്ടത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിക്കൊണ്ടായിരുന്നു വിരാട് കോഹ്‌ലി തിളങ്ങിയത്. ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചായും കോഹ്ലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടി-20 ലോകകപ്പ് വിജയിച്ചതിന് പിന്നാലെ വിരാട് ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. ഇത് കഴിഞ്ഞാല്‍ ന്യൂസിലാന്‍ഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയുമാണ് ഇന്ത്യ കളിക്കുക. ഇതില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ്.
Content Highlight: Former New Zealand Player Praises Virat Kohli