| Thursday, 3rd March 2022, 3:36 pm

ധോണിക്ക് റെയ്‌നയെ വിശ്വാസമില്ലായിരുന്നു; വെളിപ്പെടുത്തലുമായി മുന്‍ ന്യൂസിലാന്‍ഡ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ മെഗാലേലം അവസാനിച്ചപ്പോള്‍ ക്രിക്കറ്റ് ആരാധകരെ ഒന്നാകെ നിരാശരാക്കിയത് സുരേഷ് റെയ്‌നയെ സ്വന്തമാക്കാന്‍ ഒരു ടീമും മുന്നോട്ട് വരാത്തതായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോലും തങ്ങളുടെ ചിന്നത്തലയെ ടീമിലെത്തിക്കാന്‍ ശ്രമിച്ചിരുന്നില്ല.

താരത്തെ ടീമിലെടുക്കാത്തതില്‍ പ്രതിഷേധിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരാധകരുടെ ആവശ്യത്തെ മുഖവിലയ്‌ക്കെടുക്കാത്ത നിലപാടായിരുന്നു ടീം മാനേജ്‌മെന്റ് കൈക്കൊണ്ടത്.

എന്നാലിതാ എന്തുകൊണ്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരത്തെ ടീമിലെടുക്കാതിരുന്നത് എന്ന് വിലയിരുത്തുകയാണ് മുന്‍ ന്യൂസിലാന്‍ഡ് ഇന്റര്‍നാഷണല്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സൈമണ്‍ ഡൗള്‍.

സൈമണ്‍ ഡൗള്‍.

ഐ.പി.എല്ലിന്റെ 2020 സീസണില്‍ താരം ടീമില്‍ നിന്നും വിട്ടുനിന്നത് ചെന്നൈയ്ക്ക് ആഘാതമുണ്ടാക്കിയെന്നും ഇക്കാരണത്താലാണ് ടീം റെയ്‌നയെ പരിഗണിക്കാതിരുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. ഇക്കാരണത്താല്‍ ധോണിക്ക് റെയ്‌നയോടുള്ള വിശ്വാസ്യതയില്‍ ഇടിവുണ്ടായെന്നും ഡൗള്‍ നിരീക്ഷിക്കുന്നു.

ഇതിന് പിന്നാലെയാണ് 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഐ.പി.എല്ലിലെ എക്കാലത്തേയും സൂപ്പര്‍ താരത്തിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്നും പുറത്തേക്കുള്ള വഴി തുറന്നത്.

എന്നാല്‍ ഇപ്പോഴിതാ ‘മിസ്റ്റര്‍ ഐ.പി.എല്‍’ ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. ഐ.പി.എല്ലിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് പകരക്കാരന്റെ റോളിലേക്ക് താരത്തെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഓപ്പണിങ് ബാറ്റര്‍ ജേസണ്‍ റോയ് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയ പശ്ചാത്തലത്തിലാണ് റെയ്‌നയെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെടുക്കാന്‍ ആലോചിക്കുന്നത്.

രണ്ട് കോടി രൂപയ്ക്കായിരുന്നു ജേസണ്‍ റോയിയെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചിരുന്നത്. ഈ തുക തന്നെ മുടക്കിയാല്‍ റെയ്‌നയേയും ഗുജറാത്തിന് ടീമിലെത്തിക്കാനാകും.

ജേസന്‍ റോയിക്ക് പകരക്കാരന്‍ ആര് എന്ന് ഗുജറാത്ത് ഇനിയും വ്യക്തമാക്കിയിട്ടില്ല. റെയ്നയെ ടീമിലെത്തിക്കാനുള്ള ആരാധകരുടെ ആവശ്യം നേരത്തെ ഉയര്‍ന്നു കഴിഞ്ഞിരുന്നു. എന്നാല്‍ വിഷയത്തോട് ടീം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഐ.പി.എല്‍ താര ലേലത്തില്‍ റെയ്നയെ സ്വന്തമാക്കാന്‍ ഒരു ഫ്രാഞ്ചൈസിയും തയ്യാറായിരുന്നില്ല.

2020ലെ ഐ.പി.എല്ലില്‍ നിന്നും പിന്മാറിയതും 2021ല്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതുമായിരുന്നു താരത്തിന് തിരിച്ചടിയായത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത താരമാണ് സുരേഷ് റെയ്‌ന. 205 ഐ.പി.എല്‍ മത്സരത്തില്‍ നിന്നുമായി 5528 റണ്‍സാണ് താരം തന്റെ പേരിലാക്കിയിരിക്കുന്നത്.

39 ഫിഫ്റ്റിയടക്കം 32.5 ശരാശരിയില്‍ 136.7 എന്ന സ്‌ട്രൈക്ക് റേറ്റോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

എന്നാല്‍, കഴിഞ്ഞ സീസണ്‍ റെയ്‌നയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. ചെന്നൈയുടെ ഏതാനും ചില കളികളില്‍ മാത്രമാണ് താരത്തിന് മൈതാനത്തിറങ്ങാന്‍ സാധിച്ചത്.

ആകെ കളിച്ച 12 മത്സരത്തില്‍ നിന്നും ഒരൊറ്റ ഫിഫ്റ്റിയടക്കം 160 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഇതോടെയാണ് ടീമിന് പുറത്തേക്കുള്ള വഴി തുറന്നതും.

Content Highlight: Former New Zealand Cricketer Simon Doull about Dhoni and Suresh Raina

We use cookies to give you the best possible experience. Learn more