|

അവന് ലോകക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറാവാന്‍ സാധിക്കും, അവനെ കാണുമ്പോള്‍ എനിക്ക് എന്നെ തന്നെയാണ് ഓര്‍മ വരുന്നത്; ഇന്ത്യന്‍ യുവതാരത്തെ പുകഴ്ത്തി ബ്രന്‍ഡന്‍ മക്കെല്ലം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ യുവതാരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യരെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ലെജന്‍ഡ് ബ്രന്‍ഡന്‍ മക്കെല്ലം. ശ്രേയസ് മികച്ച ക്രിക്കറ്ററാണെന്നും, അവന്റെ മികച്ച വര്‍ഷങ്ങള്‍ വരാനിരിക്കുന്നതേ ഉള്ളൂ എന്നുമാണ് മക്കെല്ലം പറയുന്നത്.

‘ശ്രേയസ് ഒരു ക്ലാസ് താരമാണ്. ഈ പതിറ്റാണ്ട് മുഴുവന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൈായി കളിക്കാന്‍ ശ്രേയസിന് കഴിയും. ആഗോള തലത്തില്‍, എതിരാളികള്‍ പോലും അവനെ ബഹുമാനിക്കുന്നുണ്ട്.

അവന്റെ മികച്ച വര്‍ഷങ്ങള്‍ വരാനിരിക്കുന്നതേ ഉള്ളൂ,’ കെ.കെ.ആറിന്റെ മുഖ്യ പരിശീലകന്‍ കൂടിയായ മക്കെല്ലം പറയുന്നു.

ക്രിക്കറ്റില്‍ അവന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെയാണെന്നും, അവനെ പോലെ ഒരു താരം ടീമിലുള്ളത് എന്തുകൊണ്ടും കെ.കെ.ആറിന് മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രേയസ് അയ്യര്‍ അറ്റാക്ക് ചെയ്ത് കളിക്കുന്നത് കാണുമ്പോള്‍ തന്റെ ക്രിക്കറ്റ് ശൈലിയാണ് ഓര്‍മ വരുന്നതെന്നും, നൈറ്റ് റൈഡേഴ്‌സിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കെല്‍പുള്ള താരം തന്നെയാണ് ശ്രേയസ് എന്നും മക്കെല്ലം പറയുന്നു.

‘ഞങ്ങള്‍ക്ക് പരസ്പരം ചില സാമ്യതകളുണ്ട്. ഞങ്ങളുടെ ചിന്തകളും ഏകദേശം സമാനമാണ്. ഇത് കൊല്‍ക്കത്തയെ ഈ സീസണില്‍ കാര്യമായി തന്നെ സഹായിക്കുമെന്നുറപ്പാണ്,’ മക്കെല്ലം കൂട്ടിച്ചേര്‍ത്തു.

12.5 കോടി രൂപയ്ക്കാണ് കെ.കെ.ആര്‍ ശ്രേയസിനെ ടീമിലെത്തിച്ചിരിക്കുന്നത്. പുതിയ ക്യാപ്റ്റന് കീഴില്‍ തങ്ങളുടെ മൂന്നാം കിരീടം തേടിയാണ് ടീം മത്സരത്തിനിറങ്ങുന്നത്.

Content Highlight: Former New Zealand Cricketer Brendon McCullum praises Sreyas Iyer