| Friday, 15th July 2022, 8:26 pm

'ക്രിക്കറ്റില്‍ നിന്നും അത് പൂര്‍ണമായും നിരോധിക്കണം'; സംവാദം ചൂടുപിടിപ്പിക്കാന്‍ ആര്‍. അശ്വിനൊപ്പം ന്യൂസിലാന്‍ഡ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ ക്രിക്കറ്റില്‍ പുതിയ നിയമം ആവിഷ്‌കരിക്കണമെന്ന വാദവുമായി രംഗത്തെത്തിയത്. സ്വിച്ച് ഹിറ്റിന് ശ്രമിച്ച് പരജയപ്പെടുമ്പോള്‍ പാഡില്‍ തട്ടിയാല്‍ എല്‍.ബി.ഡബ്ല്യൂ ആയി കണക്കാക്കണമെന്നും ഔട്ട് അനുവദിക്കണമെന്നുമായിരുന്നു അശ്വിന്റെ വാദം.

ക്രിക്കറ്റ് ലോകത്ത് ഇക്കാര്യം വ്യാപകമായ ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വഴി വെച്ചിരുന്നു. നിരവധി താരങ്ങളും ക്രിക്കറ്റ് അനലിസ്റ്റുകളും ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞെത്തിയിരുന്നു.

എന്നാലിപ്പോള്‍ വിഷയം ചൂടുപിടിപ്പിക്കുവാന്‍ ന്യൂസിലാന്‍ഡിന്റെ മുന്‍ ഓള്‍റൗണ്ടറും സൂപ്പര്‍ താരവുമായ സ്‌കോട്ട് സ്‌റ്റൈറിസും എത്തിയിരിക്കുകയാണ്. ക്രിക്കറ്റില്‍ നിന്നും സ്വിച്ച് ഹിറ്റ് തന്നെ നിരോധിക്കണമെന്നായിരുന്നു സ്‌റ്റൈറിസിന്റെ അഭിപ്രായം.

നിലവിലെ ക്രിക്കറ്റ് നിയമങ്ങള്‍ അനുസരിച്ച് സ്വിച്ച് ഹിറ്റിന് ശ്രമിക്കവെ ലെഗ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്യുകയും പാഡില്‍ തട്ടുകയും ചെയ്താല്‍ എല്‍.ബി.ഡബ്ല്യൂ അനുവദിക്കാറില്ല.

ഈ കാരണം ചൂണ്ടിക്കാണിച്ചായിരുന്നു അശ്വിനെത്തിയതെങ്കില്‍ ഒരുപടി കൂടി കടന്നാണ് സ്‌റ്റൈറിസ് തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. എന്നാല്‍ നിലവിലെ എല്‍.ബി.ഡബ്ല്യൂ നിയമത്തില്‍ അപാകതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌പോര്‍ട്‌സ് 18നോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘അശ്വിന്‍ പറഞ്ഞ നിരവധി പോയിന്റുകള്‍ എനിക്കിഷ്ടപ്പെട്ടു. അവന്റെ എല്ലാ നിര്‍ദേശത്തോടും എനിക്ക് യോജിക്കാന്‍ സാധിക്കില്ല. സ്വിച്ച് ഹിറ്റ് വളരെ രസകരമായ ഒന്നാണെങ്കിലും അത് പൂര്‍ണമായും നിരോധിക്കണമെന്നാണ് എന്റെ അഭിപ്രായം.

ക്യാപ്റ്റന്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും എവിടെ ഫീല്‍ഡറെ നിര്‍ത്തണം, പോയിന്റില്‍ ഇത്ര പേര്‍ മാത്രം, ലെഗ് സൈഡില്‍ ഇത്ര പേര്‍ എന്നിങ്ങനെയെല്ലാം നിയമങ്ങളുണ്ട്. ഇതുകൊണ്ടുതന്നെ ബാറ്റര്‍ അവന്റെ പൊസിഷന്‍ മാറ്റരുത് എന്നുതന്നെയാണ് ഞാന്‍ പറയുന്നത്.

Switch Hit Like Maxi.Gif GIF - Switch hit like maxi Maxwell Gif - Discover & Share GIFs

റിവേഴ്‌സ് സ്വീപ്പോ റിവേഴ്‌സ് ഹിറ്റോ വേണമെങ്കില്‍ കളിക്കുന്നതില്‍ തെറ്റില്ല, പക്ഷേ സ്വിച്ച് ഹിറ്റ് എനിക്കിഷ്ടമല്ല. ഈ ഷോട്ട് കളിക്കുമ്പോള്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പൂര്‍ണമായും ലെഫ്റ്റ് ഹാന്‍ഡറായി മാറുകയാണ്.

നിങ്ങള്‍ സ്വിച്ച് ഹിറ്റ് എടുത്തുകളയുകയും റിവേഴ്‌സ് സ്വീപ്, റിവേഴ്‌സ് ഹിറ്റ് എന്നിവ കളിക്കാന്‍ അനുവദിക്കുകയും ചെയ്താല്‍ അശ്വിന്‍ പറഞ്ഞ പോലുള്ള പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാവില്ല. ബൗളറും ബാറ്ററും തമ്മിലുള്ള ആരോഗ്യപരമായ മത്സരത്തിനും അതുതന്നെയാണ് നല്ലത്,’ സ്റ്റൈറിസ് പറഞ്ഞു.

ക്രിക്കറ്റിലെ അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകളില്‍ പ്രധാനമാണ് സ്വിച്ച് ഹിറ്റ്. ഡെലിവറിക്ക് ശേഷം ഷോട്ട് കളിക്കുന്നതിന് മുമ്പ് ലെഫ്റ്റ് ഹാന്റര്‍ റൈറ്റിലേക്കും റൈറ്റ് ഹാന്‍ഡര്‍ ലെഫ്റ്റിലേക്കും സ്റ്റാന്‍ഡ് മാറ്റിയാണ് ഷോട്ട് കളിക്കുന്നത്.

ഇംഗ്ലണ്ട് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍, ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍, ദകിഷിണാഫ്രിക്കന്‍ ഇതിഹാസം എ.ബി ഡിവില്ലിയേഴ്‌സ്, ഇന്ത്യന്‍ യുവതാരം റിഷബ് പന്ത് എന്നിവര്‍ ഫ്‌ളോലെസ് സ്വിച്ച് ഹിറ്റ് കളിക്കുന്നവരാണ്.

Content Highlight: Former New Zealand allrounder Scot Styris backs R Ashwin and says switch hit should ban in cricket

We use cookies to give you the best possible experience. Learn more