| Tuesday, 30th August 2022, 5:37 pm

റൊണാള്‍ഡോയെക്കൊണ്ട് ടീമിന് ബുദ്ധിമുട്ടേ ഉണ്ടാവൂ, ബെക്കാമിനെ വിറ്റില്ലേ, പിന്നെയാണോ ഇവന്‍; മാഞ്ചസ്റ്റര്‍ കോച്ചിനോട് സൂപ്പര്‍ ടീമിന്റെ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ക്രിസ്റ്റിയാനോയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ടീമില്‍ താരം ഉണ്ടാക്കിവെച്ച അനിശ്ചിതത്വങ്ങളും ചില്ലറയല്ല.

റൊണാള്‍ഡോയെക്കൊണ്ട് ടീമിനെ ബുദ്ധിമുട്ടിലാക്കാന്‍ മാത്രമേ സാധിക്കുവെന്നും അതിനാല്‍ തന്നെ റൊണാള്‍ഡോയെ ഒഴിവാക്കാനും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗിനോട് പരോക്ഷമായി ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ നെതര്‍ലന്‍ഡ്‌സ് കോച്ച് ബ്രെറ്റ് വാന്‍ മാര്‍വിക്.

ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഡി ടെലിഗ്രാഫിലെ തന്റെ കോളത്തിലാണ് മാര്‍വിക് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ടെന്‍ ഹാഗ് റൊണാള്‍ഡോയെ കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയില്‍ തന്നെയാണെന്നും മാര്‍വിക് കൂട്ടിച്ചേര്‍ക്കുന്നു.

പോര്‍ച്ചുഗല്‍ നായകന്റെ സ്റ്റാര്‍ വാല്യൂ ടീമിനെ ശ്വാസം മുട്ടിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും അദ്ദേഹം പറയുന്നു.

‘റൊണാള്‍ഡോയെ പോലെ ഒരു താരം ചിലപ്പോള്‍ ടീമിനെ ശ്വാസം മുട്ടിക്കുന്ന അവസ്ഥയാണ് വരുത്തി വെക്കുന്നത്. പ്രീ സീസണിന് ആഴ്ചകള്‍ക്ക് ശേഷം മാത്രം ടീമിലെത്തിയ അവനെ മറ്റ് താരങ്ങള്‍ ശരിക്കും നോക്കുമായിരുന്നു.

പുതിയ കോച്ച് എങ്ങനെയാണ് റൊണാള്‍ഡോയെ പരിഗണിക്കുന്നത് എന്ന കൗതുകം അവര്‍ക്കുണ്ടായിട്ടുണ്ടാവും. എന്നെ വിശ്വസിക്കൂ, ക്രിസ്റ്റ്യാനോയെ കോച്ച് എന്ത് ചെയ്യുമെന്നുള്ള കാര്യം അവര്‍ പരസ്പരം സംസാരിച്ചിരുന്നിരിക്കണം,’ അദ്ദേഹം പറയുന്നു.

റൊണാള്‍ഡോയെ പോലെയുള്ള സൂപ്പര്‍ താരങ്ങളോട് ഗുഡ് ബൈ പറയുന്നത് പ്രയാസമേറിയ കാര്യമാണെന്ന് പറയുന്ന മാര്‍വിക് അത്തരത്തില്‍ പ്രയാസമേറിയ തീരുമാനം കൈക്കൊള്ളുന്നത് മാഞ്ചസ്റ്ററിലെ കൂടുതല്‍ സ്വതന്ത്രമാക്കുമെന്നും പറഞ്ഞു.

അലക്‌സ് ഫെര്‍ഗൂസനെ ഉദാഹരിച്ചുകൊണ്ടായിരുന്നു മാര്‍വിക് ഇക്കാര്യംപറഞ്ഞത്.

‘പരിശീലകന്‍ ഒരു കഠിനമായ തീരുമാനം ഏടുക്കുമ്പോള്‍ അത് ടീമിനെ കൂടുതല്‍ സ്വതന്ത്രമാക്കുന്ന രീതിയില്‍ തന്നെയാവും ഫലത്തില്‍ വരിക. മികച്ച താരങ്ങളോട് ഗുഡ് ബൈ പറയുന്നത് പ്രയാസം തന്നെയാണ്.

എന്നാല്‍ ആരാധകര്‍ എന്ത് കരുതും എന്ന് ചിന്തിക്കാതെ തീരുമാനമെടുത്ത ഒറ്റ പരിശീലകനെ മാത്രമേ എനിക്കറിയൂ, അത് അലക്‌സ് ഫെര്‍ഗൂസനാണ്,’ മാര്‍വിക് പറയുന്നു.

ഡേവിഡ് ബെക്കാമിനെ മാഞ്ചസ്റ്ററില്‍ നിന്നും കോച്ച് ഫെര്‍ഗി ഒഴിവാക്കിയതിനെ കുറിച്ചായിരുന്നു മാര്‍വിക് പറഞ്ഞത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൂപ്പര്‍ താരവും മാഞ്ചസ്റ്ററില്‍ മാത്രമല്ല, അക്കാലത്ത് ലോകമെമ്പാടും ആരാധകരുള്ള ബെക്കാമിനെ അലക്‌സ് ഫെര്‍ഗൂസന്‍ ടീമില്‍ നിന്നും ഒഴിവാക്കിയതും വാര്‍ത്തയായിരുന്നു.

അതേസമയം, താന്‍ നാപ്പോളിയിലേക്ക് പോകുന്നു എന്ന വാര്‍ത്ത റൊണാള്‍ഡോ നിഷേധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്പാനിഷ് ജേര്‍ണലിസ്റ്റായ എഡ്യു അഗ്വയ്‌റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlight: Former Netherlands coach urges Manchester United coach Eric Ten Hag to ditch Cristiano Ronaldo

We use cookies to give you the best possible experience. Learn more